Breaking News

ഖത്തറില്‍ കൂട്ടം കൂടുന്നതിന്റെ മാര്‍ഗനിര്‍ദേശവുമായി പൊതുജനാരോഗ്യ മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ കോവിഡ് ഭീഷണി രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയും പുതിയ നിയന്ത്രണങ്ങള്‍ പാലിക്കാത്തവരെ പിടികൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൂട്ടം കൂടുന്നതിന്റെ മാര്‍ഗനിര്‍ദേശവുമായി പൊതുജനാരോഗ്യ മന്ത്രാലയം രംഗത്ത്. ഇന്‍ഡോറില്‍ ഒത്തുകൂടിയ 44 പേര്‍ക്കെതിരെ ഇന്ന് ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് പ്രസക്തിയേറെയാണ്.

ഒരേ വീട്ടില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് പുറമെ ഇന്‍ഡോര്‍ ഒത്തുചേരലുകള്‍ അനുവദനീയമല്ല. ഒരേ വീട്ടില്‍ നിന്നുള്ള വ്യക്തിക്ക് അല്ലെങ്കില്‍ കുടുംബത്തിന് (കുട്ടികള്‍ ഉള്‍പ്പെടെ) പാര്‍ക്കുകള്‍, ബീച്ചുകള്‍, പൊതു ഇടങ്ങള്‍ എന്നിവയില്‍ പോയി ഓട്ടം, നടത്തം, നീന്തല്‍, സൈക്ലിംഗ് എന്നിവ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താം. എന്നാല്‍ അവര്‍ മറ്റുള്ളവരുമായി കൂടി ഇരിക്കാനോ പിക്‌നിക്കുകള്‍ നടത്താനോ ഒത്തുചേരാനോ പാടില്ല.

ഔട്ട്ഡോര്‍ ഒത്തുചേരലുകള്‍ക്കായി വീടുമായി ചേര്‍ന്ന പൂന്തോട്ടങ്ങളും ഔട്ട്ഡോര്‍ ഹോം ഏരിയകളും മാത്രമേ അനുവദിക്കൂ . ഇവിടെ
ഒരേ വീട്ടില്‍ താമസിക്കുന്ന കുടുംബാംഗങ്ങളുടെ ഒത്തുചേരല്‍ ആകാം. അതുപോലെ തന്നെ രണ്ട് ഡോസ് വാക്‌സിനുമെടുത്ത് 14 ദിവസം പൂര്‍ത്തിയാക്കിയ അഞ്ച് പേര്‍ വരെ ഒത്തുകൂടാം.

പ്രതിരോധ നടപടികള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മന്ത്രാലയം ഊന്നിപ്പറഞ്ഞു. വീടിന് പുറത്ത് പോകുമ്പോള്‍ എല്ലായ്‌പ്പോഴും മാസ്‌ക് ധരിക്കുക, മറ്റുള്ളവരില്‍ നിന്ന് കുറഞ്ഞത് 1.5 മീറ്റര്‍ ദൂരം പാലിക്കുക, തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കി ചുറ്റുമുള്ള സ്ഥലങ്ങളില്‍ സമയം പരിമിതപ്പെടുത്തുക, ഇടക്കിടെ കൈ കഴുകുകയും സാനിറ്റൈസ് ചെയ്യുകയും ചെയ്യുക എന്നിവയാണ് പ്രധാനമായും പാലിക്കേണ്ട മുന്‍ കരുതല്‍ നടപടികള്‍. ഇഹ്തിറാസ് അപ്‌ളിക്കേഷന്‍ എപ്പോഴും അപ്‌ഡേറ്റഡായി സൂക്ഷിക്കുകയും സ്റ്റാറ്റസ് പച്ചയാണെന്ന് ഉറപ്പുവരുത്തുകയും വേണം.

Related Articles

Back to top button
error: Content is protected !!