ഖലീല്‍ ജിബ്രാന്‍ പുരസ്‌കാരം പ്രഖ്യാപിച്ചു
കോഴിക്കോട്:- യു.എ.ഇ കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്ന ഇന്തോ അറബ് കള്‍ച്ചറല്‍ അക്കാദമി ലോകതത്വചിന്തകനും, കവിയുമായ ഖലീല്‍ ജിബ്രാന്റെ സ്മരണാര്‍ത്ഥം നല്‍കി വരുന്ന പുരസ്‌കാരത്തിന് വിവിധ മേഖലയിലെ സേവനം വിലയിരുത്തി 3 പേരെ തിരഞ്ഞെടുത്തു.
വേലായുധന്‍ പണിക്കശ്ശേരി ( ചരിത്ര ഗവേഷണം) കരീം പന്നിത്തടം ( സാമൂഹിക പ്രവര്‍ത്തനം) ആറ്റകോയ പള്ളിക്കണ്ടി ( പ്രവാസി പുനരധിവാസം) എന്നിവരെ തിരഞ്ഞെടുക്കപ്പെട്ടതായി അസോസിയേഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ പി.മുഹിയിദ്ദീന്‍ മദനി (മദീന യൂണിവേഴ്‌സിറ്റി), അസോസിയേഷന്‍ കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ കെ.എ.ജബ്ബാരിയും ജനറല്‍ സെക്രട്ടറി ഡോക്ടര്‍ കെ.ജി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു. 5000 രൂപയും, ശില്‍പ്പവും, പ്രശംസ പത്രവും, ചരിത്ര പുസ്തകവുമാണ് പുരസ്‌കാരം.
കഴിഞ്ഞ ഏഴ് ദശാബ്ദമായി ചരിത്ര പഠനവും, ഗവേഷണവും നടത്തുന്ന വേലായുധന്‍ പണിക്കശ്ശേരി അമ്പതോളം ചരിത്ര ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. കാല്‍ നൂറ്റാണ്ടായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടി വേറിട്ട് പ്രവര്‍ത്തിക്കുന്ന കരീം പന്നിത്തടം ഗവ: തലത്തിലും, മറ്റും ഒട്ടനവധി കര്‍മ്മ പരിപാടികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്.
അരനൂറ്റാണ്ട് കാലമായി പ്രവാസികളുടെ ക്ഷേമവും, പുനരധിവാസവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ആറ്റകോയ പള്ളിക്കണ്ടി പ്രവാസികളുമായി ബന്ധപ്പെട്ട് പത്തോളം പുസ്തകങ്ങളുടെ കര്‍ത്താവാണ്. ജൂണ്‍ ആദ്യവാരം കോഴിക്കോട് ടാഗോര്‍ ഹാളില്‍ സംഘടിപ്പിക്കുന്ന അറബ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ വെച്ച് മന്ത്രിമാരുടേയും, ഗള്‍ഫ് ഉന്നത പ്രതിനിധികളുടെയും, സാംസ്‌ക്കാരിക നായകന്മാരുടേയും സാന്നിദ്ധ്യത്തില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.