കൊറോണ വൈറസ് പ്രതിരോധശേഷിയുള്ള കറന്‍സി നോട്ടുകള്‍ അച്ചടിക്കാനൊരുങ്ങി ഖത്തര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: കോവിഡ് -19 പടരാതിരിക്കാന്‍ കൊറോണ വൈറസ് പ്രതിരോധശേഷിയുള്ള കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ ഖത്തര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
അണുക്കള്‍ക്കും വൈറസുകള്‍ക്കുമെതിരെ പ്രതിരോധശേഷിയുള്ള നോട്ടുകള്‍ അച്ചടിക്കാന്‍ മികച്ച ഗുണനിലവാരമുള്ള കടലാസ് ലഭ്യമാക്കുന്നതിനായി ബാങ്ക് ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിലെ ബാങ്കിംഗ്, ഇഷ്യു സെക്ടര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് ജാസിം അല്‍ കുവാരിയെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നോട്ടുകള്‍ വിനിമയം ചെയ്യുമ്പോള്‍ വൈറസ് പടരാന്‍ സാധ്യതയുള്ളതിനാല്‍ വൈറസുകള്‍ പറ്റിപ്പിടിച്ച് നില്‍ക്കാത്ത തരം പേപ്പറുകള്‍ ലഭ്യമാക്കാനാണ് പരിപാടിയെന്നറിയുന്നു. പല പ്രതലങ്ങളിലും വൈറസ് സജീവമായി നില്ക്കുന്ന സമയം വ്യത്യസ്തമാണ് . വൈറസുകള്‍ തങ്ങിനില്ക്കാത്ത തരം പേപ്പറുകള്‍ ലഭ്യമാക്കാനാണ് സെന്‍ട്രല്‍ ബാങ്ക് ശ്രമിക്കുന്നതെന്ന് പ്രാദേശിക അറബി മാധ്യമങ്ങളോട് അല്‍ കുവാരി പറഞ്ഞു. ഖത്തറിന്റെ ശ്രമം വിജയിച്ചാല്‍ കൊറോണ വിമുക്തമായ നോട്ടുകള്‍ ലഭിക്കുന്ന മേഖലയിലെ ആദ്യ രാജ്യമായിരിക്കും ഖത്തര്‍.
2022 ഫിഫ ലോകകപ്പിനുള്ള സ്മാരക നാണയങ്ങള്‍ ഈ വര്‍ഷാവസാനത്തോടെ പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.