Breaking News

പൊതുഗതാഗത സംവിധാനത്തിന്റെ 25 ശതമാനം പരിസ്ഥിതി സൗഹൃദ മോഡിലേക്ക് മാറ്റി ഖത്തര്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിന്റെ പൊതുഗതാഗത സംവിധാനത്തിന്റെ 25 ശതമാനം പരിസ്ഥിതി സൗഹൃദ മോഡിലേക്ക് മാറ്റുക എന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ ഖത്തര്‍ വിജയിച്ചതായി റിപ്പോര്‍ട്ട്. 2022-ഓടെ പൊതുഗതാഗത ബസ് ഫ്‌ളീറ്റിന്റെ 25 ശതമാനവും വൈദ്യുതോര്‍ജ്ജമാക്കാന്‍ 2020 ലാണ് രാജ്യം ലക്ഷ്യമിട്ടത്.

പബ്ലിക് ബസുകള്‍, സര്‍ക്കാര്‍ സ്‌കൂള്‍ ബസുകള്‍, ദോഹ മെട്രോ ഫീഡര്‍ ബസുകള്‍ എന്നിവ ക്രമേണ ഇലക്ട്രിക്കിലേക്ക് മാറും, അങ്ങനെ 2030 ഓടെ ബസുകളില്‍ നിന്നുള്ള ഹാനികരമായ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിന് ആവശ്യമായ നിലയിലെത്താനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അല്‍ സുഡാന്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയ, അല്‍ വക്റ, എജ്യുക്കേഷന്‍ സിറ്റി, ലുസൈല്‍, ഗരാഫ, മുഷൈറിബ് എന്നിവിടങ്ങളില്‍ ഇലക്ട്രിക് ചാര്‍ജിംഗ് ഉപകരണങ്ങള്‍ ഘടിപ്പിച്ച എട്ട് ബസ് സ്റ്റേഷനുകള്‍ മുവാസലാത്ത് (കര്‍വ) പൂര്‍ണമായും പ്രവര്‍ത്തിപ്പിക്കും. വെസ്റ്റ് ബേ സെന്‍ട്രല്‍ ബസ് സ്റ്റേഷന്‍ 2022 നവംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും.

ഫിഫ 2022 ലോകകപ്പ് ഖത്തറില്‍ പൂര്‍ണമായും വൈദ്യുതീകരിച്ച ബസുകളാണ് ഉപയോഗിക്കുക. ഇലക്ട്രിക് മാസ് ട്രാന്‍സിറ്റ് ബസുകള്‍ വിന്യസിക്കുന്ന ആദ്യത്തെ ചാമ്പ്യന്‍ഷിപ്പായി ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് സ്ഥാനം പിടിക്കും.

ഗതാഗതത്തിനായി ശുദ്ധമായ ഊര്‍ജ്ജ പരിഹാരങ്ങള്‍ക്കുള്ള ഖത്തറിന്റെ പ്രതിബദ്ധതയും അസാധാരണവും പരിസ്ഥിതി സൗഹൃദവും കാര്‍ബണ്‍ ന്യൂട്രലുമായ ടൂര്‍ണമെന്റിന് ആതിഥ്യമരുളാനുള്ള ദൃഢനിശ്ചയവും ഫിഫ 2022 ലോകകപ്പില്‍ ദൃശ്യമാകും.

പൊതുഗതാഗതത്തിന് പുറമേ, സ്വകാര്യ കാര്‍ ഉടമകള്‍ക്കും സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍ (കഹ്റാമ) രാജ്യത്ത് 30 ഫാസ്റ്റ് ഇലക്ട്രിക് കാര്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. 2025-ഓടെ നെറ്റ്വര്‍ക്ക് 600 മുതല്‍ 1000 വരെ ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകളായി വികസിപ്പിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് കഹ്റാമയിലെ സുസ്ഥിര ഗതാഗത വിഭാഗം മേധാവി മുഹമ്മദ് അല്‍ ഷര്‍ഷാനി വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!