ഒറ്റക്കുറങ്ങുവാന്‍, ശ്രദ്ധേയമായൊരു ഹ്രസ്വ ചിത്രം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ ശ്രദ്ധേയമായൊരു പ്രമേയം മനസില്‍ തട്ടുന്ന രൂപത്തില്‍ അവതരിപ്പിക്കുന്ന ഹ്രസ്വ ചിത്രമാണ് വക്റ വേവ്സ് ചാനലിന്റെ ബാനറില്‍ ഷമീര്‍ ടി.കെ ഹസ്സന്‍ സംവിധാനം ചെയ്ത ഒറ്റക്കുറങ്ങുവാന്‍.
പ്രവാസിയുടെ പ്രാരാബ്ദങ്ങളും ശാരീരിക അസ്വസ്ഥകളും വീട്ടുകാരുടെ സ്നേഹ സന്തോഷങ്ങള്‍ക്കായി ബലികഴിക്കപ്പെടുന്ന എത്രയോ സംഭവങ്ങള്‍ നമ്മുടെ ചുറ്റിലും നടക്കുന്നു. നല്ല ഭക്ഷണം കഴിക്കാനോ എന്തിന് അസുഖം വരുമ്പോള്‍ ഡോക്ടറെ കാണിക്കാനോ പോലും പണം ചിലവഴിക്കാതെ നാട്ടിലെ കുടുംബത്തിന്റെ ക്ഷേമം മാത്രം ലക്ഷ്യമാക്കി ഉരുകിത്തീരുന്ന എത്രയോ ജന്മങ്ങള്‍. സുബൈര്‍ വകറ വളരെ തന്മയത്തത്തോടെ അവതരിപ്പിച്ച ബീരാന്‍ക്ക ഇത്തരം പ്രവാസികളുടെ പ്രതീകം മാത്രമാണ്.
തനിക്കെന്തെങ്കിലും സംഭവിക്കുന്നതല്ല, തനിക്ക് ശേഷം തന്റെ കുടുംബം എങ്ങനെ ജീവിക്കുമെന്നതാണ് ഇത്തരക്കാരെ മിക്കപ്പോഴും നൊമ്പരപ്പെടുത്തുന്നത്. ഈ സാഹചര്യത്തിലാണ് ഖത്തറിലെ ഐ.സി.ബി.എഫ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ പ്രവാസി ഇന്‍ഷുറന്‍സ് പദ്ധതിയെ മനോഹരമായി അവതരിപ്പിക്കുന്നത്.
എം.എച്ച് തയ്യിലാണ് സിനിമയുടെ ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിച്ചിട്ടുള്ളത്. സുബൈര്‍ വക്റയുടെ ആശയം തിരക്കഥയാക്കിയത് മൊയ്ദീന്‍ ഷായാണ്. അബ്ദുല്‍ ഫത്താഹ് ആണ് സാങ്കേതിക സഹായം നല്‍കിയത്.
സുബൈര്‍ വക്റ, മഹ്റൂഫ് കരിപ്പ്, ഫഹ്‌സിര്‍ റഹ്‌മാന്‍, ജറീഷ് കല്ലട, റഫീഖ് കാരാട്, മൊയ്ദീന്‍ ഷാ എന്നിവരാണ് അഭിനയിച്ചിട്ടുള്ളത്. അന്‍ഫസ് നന്മണ്ട, എഞ്ചിനീയര്‍ ഷാഫി തുടങ്ങിയവര്‍ സഹകാരികളാണ്.
ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ഉപകാരപ്പെടുന്ന പ്രവാസി ഇന്‍ഷ്യൂറന്‍സിനെ പരിചയപ്പെടുത്താനും അതിലേറെ ആളുകള്‍ക്ക് സമാധാനമായി കിടന്നുറങ്ങാനും സഹായകമാകുന്ന ഒരു കലാസൃഷ്ടിയാണ് ഒറ്റക്കുറങ്ങുവാന്‍ എന്ന ശദ്ധേയമായ ഹ്രസ്വ ചിത്രം.
ഫിലിം കാണാനായി Wakra Waves ഫെയ്‌സ്ബുക്ക് പേജ് സന്ദര്‍ശിക്കുക