
ഇസ്ഹാഖ് കുനിയില്‍, പാട്ടുകളെ പ്രണയിക്കുന്ന കലാകാരന്‍
ഡോ. അമാനുല്ല വടക്കാങ്ങര
പാട്ടുകളെ പ്രണയിക്കുന്ന കലാകാരനാണ് ഇസ്ഹാഖ് കുനിയില്‍. മലപ്പുറം ജില്ലയില്‍ അരീക്കോടിനടുത്ത് കുനിയില്‍ സ്വദേശിയായ ഇസ്ഹാഖിന് ചെറുപ്പം മുതലേ പാട്ടൊരു വീക്ക്നസ് ആയിരുന്നു. പാട്ട് കേട്ടും പാടിയും സമയം പോകുന്നതറിയാതെ സന്തോഷവാനായി കഴിയുന്ന ഈ യുവകലാകാരന്‍ ജീവിതത്തിലെ ഒട്ടേറെ പ്രതിസന്ധികളെ അഭിമുഖീകരിച്ചാണ് ഈ നിലയിലെത്തിയത്.
കുനിയിലെ കൂലിപ്പണിക്കാരനായ മുഹമ്മദിന്റേയും സുലൈഖയുടേയും സീമന്ത പുത്രനായാണ് ഇസ്ഹാഖിന്റെ ജനനം. ഉമ്മ ചെറിയ പാട്ടുകളൊക്കെ എഴുതുകയും പാടുകയും ചെയ്യുമായിരുന്നു. ഉമ്മയില്‍ നിന്നാകാം തനിക്ക് പാടാനുള്ള വാസന ലഭിച്ചതെന്നാണ് ഇസ്ഹാഖ് കരുതുന്നത്.
കുട്ടിക്കാലം മുതലേ പാട്ടുകളോട് അടങ്ങാത്ത പ്രണയമായിരുന്നെങ്കിലും പാട്ട് പഠിക്കാന്‍ പോകാവുന്ന ചുറ്റുപാടായിരുന്നില്ല വീട്ടിലുണ്ടായിരുന്നത്. കൂലിപ്പണിക്കാരനായ പിതാവിനെ സഹായിക്കുവാന്‍ ചെറു പ്രായത്തിലേ പല ജോലികളും ചെയ്യേണ്ടി വന്നു. പെയിന്റിംഗും പോളിഷ് വര്‍ക്കുകളുമൊക്കെയായി ജീവിതം മുന്നോട്ടുകൊണ്ടു പോയി. അതിനിടയില്‍ പാടാന്‍ ലഭിക്കുന്ന ഒരവസരവും പാഴാക്കുമായിരുന്നില്ല.
2007 ല്‍ പ്രവാസ ലോകത്ത് ഭാഗ്യം പരീക്ഷിച്ചു. ഖത്തറിലെത്തി ഒന്നര വര്‍ഷം കഴിഞ്ഞ് തിരിച്ചുപോവുകയാണുണ്ടായത്. വീണ്ടും പാട്ടും പെയിന്റിംഗുമൊക്കെയായി ജീവിതം നയിച്ചു. റിഥം ഗായ്സ് ദേവര്‍ചോലയാണ് ഇസ്ഹാഖിന് ആദ്യം പൊതുവേദി നല്‍കിയത്.
കൂട്ടുകാരാണ് ഇസ്ഹാഖിലെ കലാകാരനെ ഏറ്റവുമധികം പ്രോല്‍സാഹിപ്പിച്ചതും വളര്‍ത്തിയത്. ഹിന്ദി പാട്ടുകളോടായിരുന്നു ഇസ്ഹാഖിന് എന്നും ആഭിമുഖ്യം. ഉദിത് നാരായണന്റെ ശബ്ദ സാദൃശ്യത്തോടെ കൂടുതല്‍ പാട്ടുകള്‍ പാടാന്‍ തുടങ്ങിയതോടെ ജൂനിയര്‍ ഉദിത് നാരായണന്‍ എന്ന പേരില്‍ ശ്രദ്ധേയനായി. കൂടുതലായും കൂട്ടുകാര്‍ തന്നെയാണ് ഈ പേരും പ്രചാരത്തിലാക്കിയത്. പട്ടുറുമാലിലെ മല്‍സരാര്‍ഥിയാക്കി ഇസ്ഹാഖിനെ പറഞ്ഞയച്ചതും അവന്റെ കൂട്ടുകാര്‍ തന്നെയായിരുന്നു.
മഴവില്‍ മനോരമയുടെ മിമിക്രി മഹാമേളയില്‍ തെരഞ്ഞെടുത്തപാട്ടുകള്‍ അവതരിപ്പിക്കുവാന്‍ അവസരം ലഭിച്ച ഇസ്ഹാഖ് തന്റെ മനോഹരമായ ആലാപനത്തിലൂടെ സഹൃദയരുടെ മുഴുവന്‍ കയ്യടിയും വാങ്ങിയാണ് തിരിച്ചു പോന്നത്. ഇപ്പോഴും യു ട്യൂബില്‍ നിരവധി പേര്‍ നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന പാട്ടുകളാണ് ഇസ്ഹാഖിന്റേത്. ഉദിത് നാരായണന്റെ ഒരു പാട്ട് അദ്ദേഹത്തിനുള്ള സമര്‍പ്പണമായും കൊല്ലം ഷാഫിയുടെ ഒരു പ്രവാസി ഗാനം പ്രവാസി സമൂഹത്തിന് സമര്‍പ്പണമായുമാണ് ഇസ്ഹാഖ് ആ വേദിയില്‍ അവതരിപ്പിച്ചത്. നിസാര്‍ വയനാട് എന്നും ഇസ്ഹാഖിന്റെ ഒരു റോള്‍ മോഡലായിരുന്നു. അദ്ദേഹത്തിന്റെ പല പാട്ടുകള്‍ക്കും ട്രാക്ക് പാടിയ ഇസ്ഹാഖ് നിസാര്‍ വയനാടിന്റെ ഒരു പ്രണയ ഗാനവും അവതരിപ്പിച്ചു. സുരാജ് വെഞ്ഞാറമൂടിന്റെ ആവശ്യ പ്രകാരം ഉദിത് നാരായണന്റെ ബോലിസി സൂറത് ആംഗോ മേം മസ്തി എന്നു തുടങ്ങിയ ഗാനമാലപിച്ച് സദസ്സിനെ കയ്യിലെടുത്തു. തുടര്‍ന്ന് സംഗീതത്തിന്റെ അകമ്പടിയില്ലാതെ ഉദിത് നാരായണന്റെ പല പാട്ടുകളുടേയും ഏതാനും വരികളവതരിപ്പിച്ചും ജൂനിയര്‍ ഉദിത് നാരായണന്‍ എന്ന സ്ഥാനപ്പേരിന് താന്‍ അര്‍ഹനാണെന്ന് ഇസ്ഹാഖ് തെളിയിച്ചു.
ഖത്തറിലെ ഒരു അറബി സ്‌ക്കൂളിലെ ബസ് ഡ്രൈവറായാണ് ഇസ്ഹാഖ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. പാട്ടുപാടാന്‍ ലഭിക്കുന്ന എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തി ജീവിതം മനോഹരമാക്കാന്‍ ശ്രമിക്കുന്ന കലാകാരനാണ് ഇസ്ഹാഖ്.
ദോഹയില്‍ സംഗീതവേദികളിലേക്ക് തന്നെ കൈപിടിച്ചാനയിച്ചതില്‍ ഈണം സലീം, മുസ്തഫ, 121 മീഡിയ മന്‍സൂര്‍ എന്നിവരെ ഒരിക്കലും മറക്കാനാവില്ല. അവരുടെ സഹകരണവും പിന്തുണയുമാണ് ഖത്തറില്‍ ഒരു ഗായകനായി അറിയപ്പെടാനും നിരവധി വേദികളില്‍ പാടാനും അവസരം നല്‍കിയതെന്ന് അദ്ദേഹം നന്ദിപൂര്‍വം ഓര്‍ക്കുന്നു.
സലാം കൊടിയത്തൂരിന്റെ വെറുതെ ഒരു പിണക്കം എന്ന ടെലിഫിലിമിലും ഇസ്ഹാഖ് പാടിയിട്ടുണ്ട്.
ഉദിത് നാരായണന്റെ നിരവധി പാട്ടുകള്‍ ഇസ്ഹാഖിന് ഹൃദ്യസ്ഥമാണ്. ഇപ്പോഴും അദ്ദേഹത്തിന്റെ പല പാട്ടുകളും പഠിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തെ ഒന്ന് നേരില്‍ കാണുകയെന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമെന്ന് ഇസ്ഹാഖ് പറഞ്ഞു.
സാജിതയാണ് ഭാര്യ. അശ്മില്‍, ബിലാല്‍ എന്നിവര്‍ മക്കളാണ്