33 രാജ്യങ്ങളിലെ 12 ലക്ഷം ആളുകള്‍ക്ക് ബലിമാംസമെത്തിക്കുവാന്‍ 2021 ബലി കാമ്പയിനുമായി ഖത്തര്‍ ചാരിറ്റി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ഉള്‍പ്പെടെ 33 രാജ്യങ്ങളിലെ 12 ലക്ഷം ആളുകള്‍ക്ക് ബലിമാംസമെത്തിക്കുവാന്‍ 2021 ബലി കാമ്പയിനുമായി ഖത്തര്‍ ചാരിറ്റി. ഖത്തറിലെ ജനങ്ങളുടെ പിന്തുണയോടെ 63,000 ഉദ്ഹിയ ബലി മൃഗങ്ങള്‍ അര്‍ഹരായവര്‍ക്ക് നല്‍കാനാണ് കാമ്പയിന്‍ ഉദ്ദേശിക്കുന്നത്.
ഖത്തറിലെ ചാരിറ്റിയുടെ വിജയകരമായ ‘റമദാന്‍ ഓഫ് ഹോപ്പ്’ കാമ്പയിന്റെ വിപുലീകരണമായാണ് ഈ വര്‍ഷത്തെ ബലി കാമ്പയിന്‍ വരുന്നത്. ഖത്തറിലെ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍, വിധവകള്‍, തൊഴിലാളികള്‍, പ്രവാസി കുടുംബങ്ങള്‍ എന്നിവരെ സഹായിക്കാനും ലോകമെമ്പാടുമുള്ള ദരിദ്രരെയും അഭയാര്‍ഥികളെയും സഹായിക്കാനും ഈദുല്‍ അദ്ഹയുടെ സന്തോഷകരമായ അവസരത്തില്‍ ലോകമെമ്പാടുമുള്ള നിരാലംബരായ കുട്ടികള്‍, അനാഥകള്‍, കോവിഡ് ബാധിതരുടെ കുടുംബങ്ങള്‍ തുടങ്ങിയവരുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്താനാണ് ഖത്തര്‍ ചാരിറ്റി ശ്രമിക്കുന്നത്.
ഖത്തറിനകത്തും പുറത്തും ഗുണഭോക്താക്കളുടെ എണ്ണം പരമാവധി വര്‍ദ്ധിപ്പിക്കുന്നതിനായി ബലി പദ്ധതിക്ക്് സംഭാവന നല്‍കണമെന്ന് ഖത്തര്‍ ചാരിറ്റി ഖത്തറിലെ ജനങ്ങളോട് ആവശ്യപ്പെട്ടു. ഖത്തറില്‍ 46,500 ഗുണഭോക്താക്കള്‍ക്കായി ഖത്തറിനുള്ളില്‍ 38 ലക്ഷം റിയാല്‍ ചിലവില്‍ 5,000 ബലിമൃഗങ്ങള്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്.
ഖത്തറിന് പുറത്ത് 32 ആഫ്രിക്കന്‍, ഏഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ 85,018 ബലിമൃഗങ്ങള്‍ വിതരണം ചെയ്യും.1160,360 പേര്‍ക്ക് പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് 30.7 മില്യണ്‍ റിയാലാണ് ചിലവ് പ്രതീക്ഷിക്കുന്നത്
ഖത്തറിനെ കൂടാതെ പലസ്തീന്‍, സൊമാലിയ, ടുണീഷ്യ, ലെബനന്‍, സുഡാന്‍, കെനിയ, മാലി, ടോഗോ, നേപ്പാള്‍, ഇന്ത്യ, ബംഗ്ലാദേശ്, ബെനിന്‍, നൈജീരിയ, ബര്‍കിന ഫാസോ, പാകിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, കൊസോവോ, ഫിലിപ്പീന്‍സ്, അല്‍ബേനിയ, ബോസ്നിയ എന്നിവിടങ്ങളില്‍ ഉദ്ഹിയ വിതരണം ചെയ്യാനും ഖത്തര്‍ ചാരിറ്റി ലക്ഷ്യമിടുന്നു. ഹെര്‍സഗോവിന, ഘാന, തുര്‍ക്കി, ജോര്‍ദാന്‍, എത്യോപ്യ, സെനഗല്‍, ഗാംബിയ, ചാഡ്, യെമന്‍, മോണ്ടിനെഗ്രോ, ഐവറി കോസ്റ്റ്, ദക്ഷിണാഫ്രിക്ക, മൊറോക്കോ തുടങ്ങിയ സ്ഥലങ്ങളിലും ബലി മാംസം വിതരണണം ചെയ്യാനാണ് ഖത്തര്‍ ചാരിറ്റി ഉദ്ദേശിക്കുന്നത്.
സംഭാവന ചെയ്യാനുദ്ദേശിക്കുന്നവര്‍ക്ക് https://www.qcharity.org/en/qa/adha ഈ ലിങ്ക് വഴിയോ, ലഭ്യമായ ‘ഹോം കളക്ടര്‍’ സേവനങ്ങള്‍ https://www.qcharity.org/en/qa/ വഴിയോ ഖത്തര്‍ ചാരിറ്റിയില്‍ എത്തിച്ചേരാനാകും. ഹോട്ട്‌ലൈന്‍ – 44667711, 92652 ലേക്ക് എസ്.എം.എസ്. അയച്ചും രാജ്യത്തുടനീളമുള്ള അതിന്റെ ശാഖകളും കളക്ഷന്‍ പോയിന്റുകളും വഴിയും സംഭാവന നല്‍കാം.