Uncategorized

ഖത്തര്‍ കെ.എം.സി.സി നേതാക്കള്‍ പ്രവാസികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു എംബസി ഉദ്യോഗസ്ഥരുമായി കൂടികാഴ്ച നടത്തി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തര്‍ കെ.എം.സി.സി നേതാക്കള്‍ പ്രവാസികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു എംബസി ഉദ്യോഗസ്ഥരുമായി കൂടികാഴ്ച നടത്തി. ഖത്തറില്‍ നിന്നും നാട്ടിലേക്ക് പോകുമ്പോള്‍ നടത്തുന്ന പി.സി.ആര്‍ ടെസ്റ്റില്‍ നിന്നും രണ്ടു വാക്‌സിന്‍ എടുത്തവരെ ഒഴിവാക്കുക, കൊറോണ മൂലം മരിച്ച പ്രവാസികളുടെ ആശ്രിതര്‍ക്ക് ആനുകൂല്യം നല്‍കുക, നീറ്റ് പരീക്ഷ കേന്ദ്രം ഖത്തറില്‍ അനുവദിക്കുക, പരീക്ഷ ഫലം വൈകുന്നത് മൂലം ഉയര്‍ന്ന കോഴ്‌സുകളില്‍ ചേരുന്നതിന് ഉള്ള ബുദ്ധിമുട്ട് പരിഹരിക്കാന്‍ ആവശ്യമായ ശ്രമങ്ങള്‍ നടത്തുക, ഖത്തറില്‍ ജോലി ആവശ്യാര്‍ത്ഥം എത്തുന്ന ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് തിരിച്ചു പോകാന്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ എംബസിയുടെ സഹായങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക. എംബസിയില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ എത്തുന്ന അപേക്ഷകര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ വേണ്ടുന്ന സഹായങ്ങള്‍ ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നേതാക്കള്‍ എംബസി ഉദ്യോഗസ്ഥരുമായി കൂടികാഴ്ച നടത്തിയത്.

ഇന്ത്യന്‍ എംബസി കള്‍ച്ചര്‍ & എജുക്കേഷന്‍ ഫസ്റ്റ് സെക്രട്ടറി ഹേമന്ത് കുമാര്‍ ദ്വിവേദി, കോണ്‍സുലര്‍ & കമ്മ്യൂണിറ്റി അഫേഴ്സ് ഫസ്റ്റ് സെക്രട്ടറി എസ്. സേവിയര്‍ ധന്‍രാജ് എന്നിവരുമായി നേതാക്കള്‍ സംസാരിച്ചു.

പി.സി.ആര്‍ ടെസ്റ്റ് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് കെ.എം.സി.സി നല്‍കിയ നിവേദനം കേന്ദ്ര സര്‍ക്കാരിന് അയച്ചു നടപടി സ്വീകരിച്ചു വരികയാണെന്നും, കെ.എം.സി.സി ഉന്നയിച്ച മുഴുവന്‍ കാര്യങ്ങളിലും വേണ്ട നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കും എന്നും എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചു. നീറ്റ് പരീക്ഷക്ക് ഈ വര്‍ഷം പുതിയ സാഹചര്യത്തില്‍ അപേക്ഷകള്‍ കുറവായത് കൊണ്ട് അടുത്ത തവണ പരീക്ഷ കേന്ദ്രം ഖത്തറില്‍ അനുവദിക്കാന്‍ വേണ്ട നടപടി സ്വീകരിക്കും എന്നും അധികൃതര്‍ പറഞ്ഞു.

എംബസി ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രസിഡന്റ് എസ്.എ.എം ബഷീര്‍, റഹീസ് പെരുമ്പ, കെ.പി മുഹമ്മദലി, ഓ.എ കരീം, റയീസ് വയനാട്, കോയ കൊണ്ടോട്ടി, മുസ്തഫ എലത്തൂര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!