കമ്പനികള്‍ക്കും സ്വദേശികള്‍ക്കും വിദേശികള്‍ക്കുമായി പുതിയ സേവനങ്ങളുമായി മെട്രാഷ് – 2
റഷാദ് മുബാറക്
ദോഹ : ഇ സേവനങ്ങള്‍ മെച്ചപ്പെടുത്താനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി മെട്രാഷ് 2 വില്‍ പുതിയ സേവനങ്ങള്‍ കൂടി. നവജാത ശിശുക്കളള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റിനൊപ്പം തന്നെ റസിഡന്റ് പെര്‍മിറ്റ് അനുവദിക്കും. കൂടാതെ കമ്പനികള്‍ക്ക് പി.ആര്‍.ഒമാരുടെ സഹായമില്ലാതെ തന്നെ റസിഡന്റ് പെര്‍മിറ്റ് പുതുക്കാനുള്ള സൗകര്യവും പുതിയ അപ്‌ഡേഷനിലുണ്ട്.
കമ്പനികള്‍ ഖത്തര്‍ നാഷണല്‍ ബാങ്കില്‍ അക്കൗണ്ട് തുറക്കുകയും അത് അവരുടെ മെട്രാഷ് 2 അക്കൗണ്ടുകളുമായി ലിങ്ക് ചെയ്യുകയും ചെയ്താല്‍ റസിഡന്റ് പെര്‍മിറ്റ് എക്‌സ്പയര്‍ ആയാല്‍ കമ്പനികള്‍ക്ക് അറിയിപ്പ് ലഭിക്കുകയും ബാങ്ക് അക്കൗണ്ടില്‍ തുക എടുക്കുകയും ചെയ്യും. പുതുക്കിയ ഐഡികള്‍ ക്യൂ പോസ്റ്റ് വഴി ലഭിക്കുമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍ഫോര്‍മേഷന്‍ സിസ്റ്റത്തിന്റെ ഇ സര്‍വീസസ് വിഭാഗത്തിലെ സ്മാര്‍ട്ട് ഡിവൈസസ് ബ്രാഞ്ചിലെ ഓഫീസര്‍ ഫസ്റ്റ് ലെഫ്റ്റനന്റ് അലി അഹമ്മദ് അല്‍-ഐദ്രോസ് പറഞ്ഞു.
കമ്പനി പ്രതിനിധികള്‍ക്കും കമ്മ്യൂണിറ്റി നേതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച ബോധവത്കരണ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.