അമീര്‍ കപ്പ് ഫൈനലിനോടനുബന്ധിച്ച് തുമാമ സ്‌റ്റേഡിയത്തിനടുത്തുള്ള റോഡുകള്‍ അടക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: അമീര്‍ കപ്പ് ഫൈനലിനോടനുബന്ധിച്ച് തുമാമ സ്‌റ്റേഡിയത്തിനടുത്തുള്ള റോഡുകള്‍ അടക്കും. അല്‍ തുമാമ സ്റ്റേഡിയത്തിന് സമീപമുള്ള റോഡുകള്‍ രണ്ടുതവണ അടയ്ക്കുമെന്നും താമസക്കാര്‍ക്ക് ഇതര ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
സ്‌റ്റേഡിയം പരിസരത്തെ ആദ്യത്തെ അടച്ചുപൂട്ടല്‍ ഒക്ടോബര്‍ 15 ന് പുലര്‍ച്ചെ 2 മുതല്‍ ഒക്ടോബര്‍ 16 ന് പുലര്‍ച്ചെ 2 വരെ ആയിരിക്കും.
രണ്ടാമത്തെ അടച്ചുപൂട്ടല്‍ ഒക്ടോബര്‍ 20 വൈകുന്നേരം 4 മണി മുതല്‍ ഒക്ടോബര്‍ 22 11:59 വരെ ആയിരിക്കും.
ഒക്ടോബര്‍ 22 ന് ആറാമത്തെ ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ടൂര്‍ണമെന്റ് വേദിയായ അല്‍ തുമാമ സ്റ്റേഡിയം അമീര്‍ കപ്പ് ഫൈനലിന് ആതിഥേയത്വം വഹിക്കുന്നതോടെയാണ് ഉദ്ഘാടനം ചെയ്യുക. മല്‍സരത്തിന് ആതിഥ്യമരുളാന്‍ സ്റ്റേഡിയം പൂര്‍ണസജ്ജമാണെന്നും 40,000 കാണികള്‍ക്ക് കളികാണാമെന്നും നേരത്തെ സംഘാടകര്‍ അറിയിച്ചിരുന്നു. കോവിഡിന് ശേഷം ഇത്രയുമധികമാളുകള്‍ ഒന്നിക്കുന്ന ആദ്യ മല്‍സരമാകും ഇത്.
ഖത്തറിലെ പ്രീമിയര്‍ കപ്പ് മത്സരമായ അമീരീ കപ്പില്‍ രാജ്യത്തെ ഏറ്റവും വലിയ രണ്ട് ക്ലബുകളായ അല്‍ റയ്യാന്‍ എസ്സിയും അല്‍ സദ്ദ് എസ്സിയും മാറ്റുരക്കുമ്പോള്‍ കാല്‍പന്തുകളിയാരാധകര്‍ക്ക് അവിസ്മരണീയമായ അനുഭവമാകും.