Archived Articles

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ വിസ്മരിച്ചത് വെറുപ്പിന്റെ പൊതുബോധ നിര്‍മ്മിതിക്ക് സഹായകരമായി – ഹമീദ് വാണിയമ്പലം

അമാനുല്ല വടക്കാങ്ങര

ദോഹ. മുഖ്യധാരാ പാരമ്പര്യ രാഷ്ട്രീയ കക്ഷികള്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ പരിഗണിക്കാതിരുന്നതിനാലാണ് വെറുപ്പിന്റെ പൊതുബോധ നിര്‍മ്മിതിയും സാമൂഹിക സംഘാടനവും സാധ്യമായതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം അഭിപ്രായപ്പെട്ടു. കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെറുപ്പും വിദ്വേഷവും സമൂഹത്തെ കാര്‍ന്നു തിന്നുന്നു. ജനാധിപത്യ- മതേതര സംവിധാനങ്ങള്‍ നിലനിര്‍ത്താനുള്ള കഠിന പ്രയത്നത്തിനുള്ള അവസരമാണിത്. നാനാത്വത്തില്‍ ഏകത്വത്തിന്റെയും വൈവിധ്യങ്ങളുടെയും മത നിരപേക്ഷതയുടെയും ഈറ്റില്ലമായിടത്തു നിന്ന് വിഭജനത്തിന്റെയും അപര വിദ്വേഷത്തിന്റെയും വൃത്തികെട്ട സംസ്‌കാരമുയര്‍ന്നു വരുന്നു.

നവോത്ഥാന നായകന്മാരും അവരുടെ പ്രസ്ഥാനങ്ങളും നിരന്തരം കലഹിച്ചതിനാലാണ് കേരളത്തില്‍ വെറുപ്പിന്റെ രാഷ്ട്രീയം വേരുറക്കാതെ പോയത്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ ആ നവോത്ഥാന ഐക്യത്തില്‍ അധികാര രാഷ്ട്രീയമെന്ന താത്കാലിക ലാഭത്തിനായി വിള്ളല്‍ വീഴ്ത്തുകയാണിന്ന് ചെയ്യുന്നത്. അത് കേരളീയ പൊതു മണ്ഡലത്തില്‍ ദൂരവ്യാപകമായ പ്രതിസന്ധികള്‍ സൃഷ്ടിക്കും. ചില സമുദായങ്ങള്‍ അനര്‍ഹമായി നേടൂന്നു എന്നതു പോലുള്ള നുണപ്രചരണങ്ങള്‍ കണക്കുകള്‍ നിരത്തി പൊളിക്കുകയും അത്തരം ചെയ്തികള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യുന്നതിനു പകരം അപകടകരമായ മൗനം പാലിച്ച് അതില്‍ നിന്ന് വോട്ട് ലാഭം കൊയ്യുന്ന അത്യന്തം രാഷ്ട്രീയ വഷളത്തരമാണ് ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുണ്ടായത്.

ഇന്ന് കാണുന്ന ഉന്മാദ ദേശീയതക്കെതിരെ നവോത്ഥാന നായകരും മതേതര പ്രസ്ഥാനങ്ങളും വിഭാവന ചെയ്ത മഴവില്‍ ദേശീയതയിലേക്ക് തിരിച്ച് പോകണം. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

ഫ്രറ്റേണിറ്റി ദേശീയ പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹീം മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. അനീതികളോട് വിസമ്മതിക്കുന്ന കാമ്പസ്സുകളും, ഏതൊരു കാരണത്താലാണൊ അടിച്ചമര്‍ത്താന്‍ ശ്രമിച്ചത് അതേ ആശയങ്ങള്‍ക്ക് വേണ്ടി ശക്തമായി ശബ്ദിച്ചു കൊണ്ടിരിക്കുന്ന യുവത്വവും വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. സമരങ്ങളെ മൂല്യനിര്‍ണയം നടത്തേണ്ടത് കാലാന്തരങ്ങളിലൂടെയാണെന്നും അങ്ങനെ ചെയ്യുമ്പോള്‍ പൗരത്വ പ്രക്ഷോഭങ്ങള്‍ വിജയിച്ച ഒരു മുന്നേറ്റം തന്നെയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് മുനീഷ് എ.സി അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക സേവനത്തില്‍ ഊന്നിയാണ് കള്‍ച്ചറല്‍ ഫോറം ഖത്തറില്‍ മുന്നോട്ട് പോകുന്നതെന്നും കോവിഡ് കാലങ്ങളിലടക്കും സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് വലിയ പ്രവര്‍ത്തങ്ങള്‍ കാഴ്ചവെക്കാന്‍ സാധിച്ചുവെന്നും കലാ സാംസ്‌കാരിക കായിക മേഖലകളിലും ആനുകാലിക വിഷയങ്ങളിലും സംഘടന ശക്തമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ടെന്നും ഈയടുത്ത നടത്തിയ പ്രവാസി ക്ഷേമ പദ്ധതികള്‍ പരിചയപ്പെടുത്തുന്ന കാമ്പയിനിലൂടെ ആയിരങ്ങള്‍ക്ക് വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളാവാനുള്ള അവരമൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു.

കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി മജീദ് അലി ആമുഖ ഭാഷണം നടത്തി. കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റുമാരായ ചന്ദ്രമോഹന്‍, മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ അതിഥികളെ പൊന്നാടയണിച്ചു. ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍ പുതിയ പരിപാടികള്‍ വിശദീകരിച്ചു. നടുമുറ്റം പ്രസിഡന്റ് സജ്ന സാക്കി, വൈസ് പ്രസിഡന്റ് നിത്യ സുബീഷ്, കെ.ഇ.സി പ്രസിഡന്റ് മുഹമ്മദ് ഷരീഫ് ചിറക്കല്‍, എക്സ്പാറ്റ് സ്പോര്‍ട്ടീവ് പ്രസിഡന്റ് സുഹൈല്‍ ശാന്തപുരം. കള്‍ച്ചറല്‍ ഫോറം അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ റഷീദ് അഹമ്മദ്, കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് ഷാനവാസ് ഖാലിദ്, ടീം വെല്‍ഫെയര്‍ ക്യാപ്റ്റന്‍ സഞ്ചയ് ചെറിയാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കള്‍ച്ചറല്‍ ഫോറം കലാകാരന്മാര്‍ അവതരിപ്പിച്ച കലാപരിപാടികളും ലത്തീഫ് ഗുരുവായൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ബോധ്യം’ നാടകവും അരങ്ങേറി. പ്രോഗ്രാം കണ്‍വീനര്‍ റഷീദ് കൊല്ലം നന്ദി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!