
സൗദി കിരീടാവകാശിക്ക് വൈകാരിക യാത്രയയപ്പ് നല്‍കി ഖത്തര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന് ഖത്തര്‍ വൈകാരിക യാത്രയയപ്പ് നല്‍കി . ഗള്‍ഫ് ഉപരോധത്തിന് ശേഷം സാഹോദര്യത്തിന്റേയും സഹകരണത്തിന്റേയും പുതിയ അധ്യായം രചിക്കുന്നതിനായി ഖത്തറിലെത്തിയ സൗദി കിരീടാവകാശിക്കും സംഘത്തിനും ഊഷ്മളമായ വരവേല്‍പാണ് ദോഹ നല്‍കിയത്.
ആരോഗ്യകരമായ ചര്‍ച്ചകളും കൂടിക്കാഴ്ചകളും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹമദ് അന്താരാഷ്ട്ര വിമാനതാവളത്തില്‍ നല്‍കിയ യാത്രയയപ്പിന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി നേതൃത്വം നല്‍കി.
ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി, അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, നിരവധി പ്രമുഖരായ ശൈഖുമാരും മന്ത്രിമാരും, സൗദി അറേബ്യയിലെ ഖത്തര്‍ അംബാസഡര്‍ ബന്ദര്‍ ബിന്‍ മുഹമ്മദ് അല്‍ അതിയ്യ. ഖത്തറിലെ സൗദി അംബാസഡര്‍ പ്രിന്‍സ് മന്‍സൂര്‍ ബിന്‍ ഖാലിദ് ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് തുടങ്ങി നിരവധി പേരാണ് വിമാനതാവളത്തിലെ യാത്രയയപ്പില്‍ സംബന്ധിച്ചത്.