Archived Articles

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിദേശ പഠനത്തിന് ചിലവഴിക്കുന്നത് പ്രതിവര്‍ഷം അമ്പതിനായിരം കോടി രൂപ

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. വിദേശ പഠനത്തിനായി ഇന്ത്യന്‍ വിദ്യാര്‍ഥികളും കുടുംബങ്ങളും പ്രതിവര്‍ഷം ചിലവിടുന്നത് ഏകദേശം അമ്പതിനായിരം കോടി രൂപ ആണെന്ന് യുനൈറ്റഡ് നേഷന്‍സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ വെളിപ്പെടുത്തി.

അന്താരാഷ്ട കുടിയേറ്റ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന ഇന്ത്യന്‍ കുടിയേറ്റത്തെക്കുറിച്ചുള്ള സെമിനാറിലാണ് ഈ കാര്യം വ്യക്തമാക്കിയതെന്ന് ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകനായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ലോകത്ത് മൊത്തം 45 ലക്ഷം പേരാണ് വിദേശങ്ങളില്‍ പോയി പഠിക്കുന്നതെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ നിന്ന് വിദേശങ്ങളില്‍ പോയി പഠിക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നു വരികയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2016 ല്‍ ഉപരി പഠനത്തിനായി വിദേശത്ത് പോയത് 4,40,000 പേര്‍ ആയിരുന്നുവെങ്കില്‍ 2019 ല്‍ അത് 7,70,000 ആയി ഉയര്‍ന്നു. ഇതേ നില തുടര്‍ന്നാല്‍ 2024 ആവുമ്പോഴേക്കും പ്രതിവര്‍ഷം ഇന്ത്യയില്‍ നിന്നും വിദേശത്ത് ഉപരി പഠനത്തിന് പോകുന്നവരുടെ എണ്ണം 18 ലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വിദേശങ്ങളിലെ പഠനത്തിലൂടെ മിക്കവാറും പേര്‍ ലക്ഷ്യമിടുന്നത് പഠനാനന്തരം വിദേശങ്ങളില്‍ തൊഴില്‍ നേടുക എന്നത് തന്നെയാണ്. അതായത് പുതിയ തലമുറയും ആഗ്രഹിക്കുന്നത് പ്രവാസം തന്നെ.

ലോകത്ത് പ്രവാസികളായിട്ടുള്ളത് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണല്ലോ. നിലവില്‍ ഒരു കോടി എണ്‍പത് ലക്ഷം പേര്‍ ഇന്ത്യന്‍ പ്രവാസികളായിട്ടുണ്ടെന്നാണ് കണക്ക് .

പ്രതിവര്‍ഷം 83 ബില്യണ്‍ ഡോളറാണ് ഇന്ത്യയിലേക്ക് പ്രവാസം വഴി നാട്ടിലെത്തുന്ന പണം. ഇന്ത്യന്‍ ജി.ഡി.പി യുടെ ഏകദേശം മൂന്ന് ശതമാനത്തോളം വരുന്ന പണമാണിത്.
83 ബില്യണ്‍ ഡോളര്‍ പ്രവാസ ലോകത്തുനിന്ന് ഇന്ത്യയിലേക്ക് വരുമ്പോള്‍ പഠനാവശ്യങ്ങള്‍ക്കായി നാം 6.7 ബില്യണ്‍ ഡോളര്‍ ചെലവിടുന്നുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. വരും വര്‍ഷങ്ങളില്‍ ചിലവിടുന്നത് ഏറെ വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Articles

Back to top button
error: Content is protected !!