ഖത്തര്‍ ഡവലപ്‌മെന്റ് ബാങ്കിന്റെ മൂലധനം 50 ബില്യണ്‍ റിയാലായി വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ഡവലപ്‌മെന്റ് ബാങ്കിന്റെ മൂലധനം 50 ബില്യണ്‍ റിയാലായി വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. ഖത്തര്‍ ചേംബര്‍ അടുത്തിടെ നടത്തിയ പഠനമാണ് ഖത്തര്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ മൂലധനം 50 ബില്യണ്‍ റിയാലായി വര്‍ധിപ്പിക്കാനും സാമ്പത്തിക പ്രവര്‍ത്തന നിയമത്തില്‍ ഖത്തറി ഇതര മൂലധനത്തിന്റെ നിക്ഷേപവുമായ ബന്ധപ്പെട്ട ചില വശങ്ങള്‍ പുനഃപരിശോധിക്കാനും സാമ്പത്തിക സഹായം, ഭൂമി മുതലായവ നുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുനഃപരിശോധിക്കാനും ശുപാര്‍ശ ചെയ്തത്.
‘ഖത്തറിന്റെ നിലവിലെ നിക്ഷേപ കാലാവസ്ഥ’ എന്ന തലക്കെട്ടിലുള്ള പഠനം, വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന് രാജ്യം നല്‍കുന്ന പ്രോത്സാഹനങ്ങളുടെയും സൗകര്യങ്ങളുടെയും പര്യാപ്തത, പ്രാദേശിക വ്യവസായികള്‍ക്കും നിക്ഷേപകര്‍ക്കും അവ എത്രത്തോളം പ്രോത്സാഹജനകമാണ് എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
പ്രാദേശിക, വിദേശ നിക്ഷേപകര്‍ക്ക് രാജ്യം നല്‍കുന്ന പ്രത്യക്ഷവും പരോക്ഷവുമായ പ്രോത്സാഹനങ്ങളെയും സൗകര്യങ്ങളെയും സ്പര്‍ശിക്കുകയും ഈ പ്രോത്സാഹനങ്ങള്‍ എങ്ങനെ നല്‍കുന്നുവെന്നും അവ എത്ര ലളിതവും സമഗ്രവുമാണെന്നും പഠനം പരിശോധിക്കുന്നു.
നിക്ഷേപ പദ്ധതികള്‍ക്കായി സാമ്പത്തിക സഹായം , അനുയോജ്യമായ ഭൂമി അനുവദിക്കല്‍ എന്നീ രണ്ട് പ്രധാന ഘടകങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നിരവധി ഖത്തരി ബിസിനസുകാരുടെയും സ്വകാര്യ മേഖലയിലെ പങ്കാളികളുടെയും വീക്ഷണങ്ങളും പഠനം അവലോകനം ചെയ്തു.
തദ്ദേശീയരും വിദേശികളുമായ നിക്ഷേപകര്‍ക്ക് കൂടുതല്‍ പ്രോത്സാഹനങ്ങളും സൗകര്യങ്ങളും നല്‍കുന്നതിനും സ്വകാര്യ മേഖലയ്ക്ക് അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും എണ്ണയില്‍ നിന്നും വാതകത്തില്‍ നിന്നുമുള്ള വരുമാനത്തിന് പുറമേ , ജിഡിപിയില്‍ തങ്ങളുടെ പങ്ക് പരമാവധി വര്‍ദ്ധിപ്പിക്കുന്നതിനും വഴിയൊരുക്കുന്നതിനുമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യം നിരവധി തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചതായി അത് ചൂണ്ടിക്കാട്ടി.
കൂടാതെ, ഖത്തറി ഇതര നിക്ഷേപകര്‍ക്ക് നിക്ഷേപ പ്രോത്സാഹനങ്ങള്‍ നല്‍കുന്നതിനായി 2000-ലെ നിയമം (13) മാറ്റി, സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഖത്തറി ഇതര മൂലധന നിക്ഷേപം നിയന്ത്രിക്കുന്നതിനുള്ള 2019 ലെ നമ്പര്‍ (1) കൊണ്ട് വന്നത് പഠനം എടുത്തു പറയുന്നു. അത് പ്രകാരം വിദേശി നിക്ഷേപകന് വാടകയ്‌ക്കോ ഉപയോഗത്തിനോ ഭൂമി അനുവദിക്കുകയും ആദായനികുതി നിയമത്തില്‍ അനുശാസിക്കുന്ന നടപടിക്രമങ്ങളും ചട്ടങ്ങളും അനുസരിച്ച് ആദായനികുതിയില്‍ നിന്നുള്ള ഇളവ് ലഭിക്കുകയും ചെയ്യും.
നിയമത്തിന്റെ സവിശേഷതകള്‍ വിശദീകരിച്ചുകൊണ്ട്, ഖത്തറി ഇതര നിക്ഷേപകരെ അവരുടെ സ്ഥാപനത്തിനും വ്യവസായ മേഖലയിലെ നിക്ഷേപ സംരംഭങ്ങള്‍ക്കും ആവശ്യമായതും എന്നാല്‍ പ്രാദേശിക വിപണികളില്‍ ലഭ്യമല്ലാത്തതുമായ യന്ത്രസാമഗ്രികളുടെയും ഉപകരണങ്ങളുടെയും ഇറക്കുമതിക്ക് കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കിയതായി പഠനം പറയുന്നു.