Breaking News

വിമാനങ്ങളുടെ നിരന്തര സാങ്കേതിക തകറാറുകള്‍; അടിയന്തിര നടപടികള്‍ അനിവാര്യം. ഗപാഖ് എം.പിമാരോട് പാര്‍ലെമെന്റില്‍ ഉന്നയിക്കാനായി നിവേദനം അയച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. വിമാനങ്ങളിലെ നിരന്തര സാങ്കേതിക തകറാറുകള്‍; അടിയന്തിര നടപടികള്‍ അനിവാര്യമാണെന്ന് ഗപാഖ്. വിഷയം പാര്‍ലെമെന്റില്‍ ഉന്നയിക്കാനായി നിവേദനം അയച്ചു.ഇന്ത്യന്‍ വിമാനക്കമ്പനികളിലുണ്ടാവുന്ന വന്‍ സാങ്കേതിക- സുരക്ഷാ വീഴ്ചകള്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
ഒരൊറ്റ ദിവസം ( 17.7.2022 ) മാത്രം രണ്ട് ഗുരുതര സാങ്കേതിക വീഴ്ചകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ രാവിലെ ഷാര്‍ജയില്‍ നിന്ന് ഹൈദറാബാദിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം സാങ്കേതികത്തകരാര്‍ മൂലം കറാച്ചിയില്‍ അടിയന്തിരമായി ഇറക്കേണ്ടിവന്നു. അതുപോലെ, കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ നിന്നും ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ വിമാനം മസ്‌ക്കറ്റിലും ഇറക്കേണ്ടിവന്നു.
രണ്ട് ദിവസം മുമ്പാണ് ദമ്മാമില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം ബാീഗ്ലൂരില്‍ അടിയന്തിരമായി ഇറക്കേണ്ടി വന്നത്.

ഈ മാസം ആദ്യം ഡല്‍ഹിയില്‍ നിന്നും ദുബായിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റും കറാച്ചിയില്‍ ഇറക്കേണ്ടിയും വന്നിട്ടുണ്ട്.

സാധാരണ പ്രവാസികള്‍ യാത്ര ചെയ്യുന്ന ബജറ്റ് എയര്‍ലൈനുകളിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഏറെയും ഉണ്ടാവുന്നത്. കൊച്ചിയിലേക്ക് പുറപ്പെട്ട ബജറ്റ് എയര്‍ലൈന്‍ ആയ എയര്‍ അറേബ്യ വിമാനവും ഭീതിജനകമായ സാഹചര്യത്തില്‍ അടിയന്തിര ലാന്റിംഗ് നടത്തേണ്ടി വന്നതും വിസ്മരിക്കാനാവില്ല.

റണ്‍വേ ബലപ്പെടുത്തുന്നതിന്റെ പേരില്‍ നിര്‍ത്തലാക്കിയ കോഴിക്കോട് വിമാനത്താവളത്തിലേക്ക് ഇത്തരം ബജറ്റ് വിമാനങ്ങളാണ് ഏറെയും ആശ്രയം. കോഴിക്കോട് വിമാനത്താവളത്തിലുണ്ടായ അപകടത്തെക്കുറിച്ച് വന്ന റിപ്പോര്‍ട്ടിലും വിമാനങ്ങളുടെ കാലപ്പഴക്കം അടക്കം പല കാര്യങ്ങളും പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ നടപടികള്‍ ഉണ്ടായിട്ടില്ല.

ആഭ്യന്തര സര്‍വ്വീസുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. ജൂണ്‍ 18 മുതല്‍ 8 സാങ്കേതിക തകരാറുകളാണ് സ്‌പൈസ് ജെറ്റിന് മാത്രം സംഭവിച്ചത്. ഇക്കാര്യത്തില്‍ ഡി.ജി.സി.എ വിശദീകരണം തേടിയിട്ടുണ്ട്.
മേല്‍ വിഷയത്തില്‍ വ്യോമയാന മന്ത്രാലത്തിന്റെയും ഡി.ജി.സി.എ യുടെയും സമയോചിത ഇടപെടലുകള്‍ ഉണ്ടാവാനായി വിഷയം പാര്‍ലെമെന്റില്‍ ഉന്നയിക്കണമെന്നും മറ്റു ഇടപെടലുകള്‍ ഉണ്ടാവണമെന്നും ഗള്‍ഫ് കാലിക്കറ്റ് എയര്‍ പാസ്സഞ്ചേഴ്‌സ് അസോസിയേഷന്‍ ( ഗപാഖ് ) കേരളത്തിലെ എം.പിമാരോട് നിവേദനം വഴി ആവശ്യപ്പെട്ടു.

ഓണ്‍ലൈനില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് കെ.കെ. ഉസ്മാന്‍, ജന.സെക്രട്ടറി ഫരീദ് തിക്കോടി, അര്‍ളയില്‍ അഹമ്മദ് കുട്ടി, കെ.കെ. ശങ്കരന്‍, അമീന്‍ കൊടിയത്തൂര്‍, ശാഫി മൂഴിക്കല്‍, സുബൈര്‍ ചെറുമോത്ത്, മുസ്തഫ എലത്തൂര്‍, മശ്ഹൂദ് തിരുത്തിയാട്, ഗഫൂര്‍ കോഴിക്കോട്, കോയ കൊണ്ടോട്ടി, എ.ആര്‍ ഗഫൂര്‍, ഹബീബു റഹ്‌മാന്‍ കിഴിശ്ശേരി, കരീം ഹാജി മേമുണ്ട, ശാനവാസ് എലച്ചോല, അന്‍വര്‍ സാദത്ത് ടി.എം.സി എന്നിവര്‍ സംസാരിച്ചു.

ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി വിഷയം അവതരിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!