ഓര്‍ക്കാപ്പുറത്ത് പാട്ടുകാരിയായി മാറിയ ആസ്യ അഷ്ഫല്‍
അമാനുല്ല വടക്കാങ്ങര
ഓര്‍ക്കാപ്പുറത്ത് പാട്ടുകാരിയായി മാറിയ കലാകാരിയാണ് ആസ്യ അഷ്ഫല്‍. തൊഴിലുകൊണ്ട് ഐ.ടി. എഞ്ചിനീയറാണെങ്കിലും പാട്ടുവേദികള്‍ ആസ്യക്ക് ഇന്ന് വലിയ ഹരമാണ് . സൗഹൃദ കൂട്ടായ്്മകളിലെ സംഗീത സദസ്സുകളിലും പൊതുപരാടികളുമടക്കം നൂറിലധികം വേദികള്‍ പിന്നിട്ട് വളരെ പെട്ടെന്നാണ് ഖത്തറിലെ അറിയപ്പെടുന്ന ഗായികയായി ആസ്യ മാറിയത്.
വയനാട് കമ്പളക്കാട് പരേതനായ ഇളയടത്ത് അന്ത്രുവിന്റേയും ആയിഷ വേങ്ങാടിന്റേയും ഇളയമകളാണ് ആസ്യ . പിതാവ് അന്ത്രു കല്യാണ വീടുകളിലും ആഘോഷങ്ങളിലുമൊക്കെ പാടുന്ന ആളായിരുന്നു. പിതാവില്‍ നിന്നും അനന്തരം കിട്ടിയതാകാം തന്റെ പാടാനുള്ള കഴിവെന്നാണ് ആസ്യ കരുതുന്നത്. ഏക സഹോദരന്‍ ഷാജഹാനും നന്നായി പാടും.
മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ യുവജനോത്സവത്തിന് ആദ്യമായി ഒരു മാപ്പിളപ്പാട്ടു പാടിയതും അതിന് ഒന്നാം സ്ഥാനം ലഭിച്ചതുമൊക്കെ ഈ കലാകാരിയുടെ മിടുക്ക് അടയാളപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്റെ പത്താമത്തെ വയസ്സില്‍ ഉപ്പയുടെ ആക്‌സ്മിക മരണം ഈ കലാകാരിയുടെ ജീവിതത്തിലെ ചോദ്യ ചിഹന്മായി മാറി. കുടുംബത്തിന്റെ താങ്ങും തണലുമായിരുന്ന പിതാവിന്റെ മരണം തന്നേയും ഉമ്മയേയും ഏക സഹോദരനേയും വല്ലാത്ത ഒറ്റപ്പെടലിലേക്കും കഷ്ടപ്പാടിലേക്കുമാണ് എത്തിച്ചത്. പ്രീ ഡിഗ്രിക് പഠിക്കുകയായിരുന്ന സഹോദരന്‍ പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചു തന്നെയും ഉമ്മയെയും നോക്കാന്‍ ഇറങ്ങിയതോടെ , പഠിച്ചു ഒരു നിലയില്‍ എത്തണം എന്ന ദൃഡപ്രതിജ്ഞയോടെ മുന്നോട്ടുപോയപ്പോള്‍ പാട്ടും കലയുമൊക്കെ മാറി നില്‍ക്കുകയായിരുന്നു. പിന്നീടങ്ങോട്ടു പഠനം മാത്രമായിരുന്നു തന്റെ ലക്ഷ്യം . ഓരോ ക്‌ളാസിലും മികച്ച പ്രകടനം കാഴ്ചവെച്ച് ഉമ്മയേയും സഹോദരനേയും സന്തോഷിപ്പിച്ചാണ് ആസ്യ വളര്‍ന്നത്.
സ്‌കൂള്‍ തലങ്ങളില്‍ കഥ , കവിത രചനകളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട് , അന്നൊന്നും പാട്ടു പാടാന്‍ ഒരിക്കല്‍ പോലും വേദിയില്‍ കയറിയിട്ടില്ല. ഗണിത ശാസ്ത്രമേളയില്‍ തുടര്‍ച്ചയായി മൂന്നു തവണ ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട് .
എസ്. എസ്. എല്‍ സി ക്കു പ്രദേശത്തെ ഉന്നത മാര്‍ക്കു വാങ്ങിയതും തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ് . അങ്ങനെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാത്തമാറ്റിക്‌സില്‍ ബിരുദവും കോയമ്പത്തൂര്‍ അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംസിഎയുമെടുത്താണ് ആസ്യ ഐ.ടി. രംഗത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. പഠനത്തിന്റെ അവസാന കാലഘട്ടത്തില്‍ ആയിരുന്നു വിവാഹം . ഭര്‍ത്താവ് കോഴിക്കോട് സ്വദേശിയായ അഷ്ഫല്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയര്‍ ആണ് .
വിവാഹ ശേഷം ദുബായ് , മലേഷ്യ എന്നിവിടങ്ങളില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്ത ആസ്യ 2016 ആണു ഖത്തറിലെത്തിയത്. ഇപ്പോള്‍ ഖത്തര്‍ ഗവണ്മെന്റ് സര്‍വീസില്‍ ഐ.ടി. എഞ്ചിനീയറായാണ് ജോലി ചെയ്യുന്നത്.
താന്‍ ഒരു ഗായികയായി മാറിയതിന്റെ എല്ലാ ക്രെഡിറ്റും തന്റെ ഭര്‍ത്താവിനാണെന്നാണ് ആസ്യ പറയുന്നത്. വീട്ടില്‍ പലപ്പോഴും പാട്ടുകള്‍ പാടുന്നത് ശ്രദ്ധിക്കുമായിരുന്ന അദ്ദേഹം ഒരിക്കല്‍ ഗുഡ് സിംഗേര്‍സ് ഫേസ്ബുക്ക് പേജില്‍ തന്റെ ഒരു പാട്ടു പോസ്റ്റ് ചെയ്തപ്പോള്‍ ലഭിച്ച ഊഷ്മളമായ സ്വീകരണവും ആവേശകരമായ പ്രതികരണങ്ങളുമായിരുന്നു പാട്ട് രംഗത്തേക്ക് കടന്നുവരാന്‍ വഴിയൊരുക്കിയത്.
ആയിടെയാണ് ഖത്തറിലെ അറിയപ്പെടുന്ന ഗായികയും തന്റെ സുഹൃത്തുമായ നിത്യ ജിത്തു , ട്രെന്‍ഡ്സ് ഖത്തര്‍ എന്ന മ്യൂസിക് ബാന്‍ഡിന്റെ സാരഥിയായ പ്രദീപ് മേനോനു തന്നെ പരിചയപ്പെടുത്തി കൊടുത്തത്. അങ്ങനെ 2016-നവംബറില്‍ ട്രെന്‍ഡ്സ് ഖത്തറിന്റെ വേദിയിലാണ് ആദ്യമായി പാടിയത്.
ആ കൈ നീട്ടം മോശമായില്ല. പിന്നീടുള്ള മൂന്നു വര്‍ഷക്കാലം ചെറുതും വലുതുമായ നൂറിലധികം വേദികളില്‍ പാടാന്‍ കഴിഞ്ഞു .
ഖത്തര്‍ കലാകാരന്മാരെ വളരെ അധികം സപ്പോര്‍ട്ട് ചെയ്യുന്ന ഒരു നാടാണ് . ഇവിടെ നടക്കുന്ന ഓരോ കലാസാംസ്‌കാരിക പരിപാടികളും വളര്‍ന്നുവരുന്ന കലാകാരന്മാര്‍ക്ക് വേദി യൊരുക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു കൊണ്ടുരിക്കുന്നു. ഖത്തറിലെ പ്രഗല്‍ഭരായ ഒട്ടനവധി ഗായകരോടൊപ്പം തനിക്ക് പാടാന്‍ അവസരം കിട്ടിയതു തന്നെ തനിക്കു കിട്ടിയ വിലമതിക്കാനാവാത്ത പ്രോത്സാഹനമായിരുന്നു .
ആദ്യമൊക്കെ ഹിന്ദി, തമിഴ് , മലയാളം പാട്ടുകളായിരുന്നു പാടിയിരുന്നത് . പിന്നീടാണു പ്രവാസികള്‍ ഏറ്റവും ആസ്വദിക്കുന്നത് മാപ്പിളപ്പാട്ടുകളണെന്നു മനസ്സിലായത് . അങ്ങനെയാണ് കൂടുതല്‍ മാപ്പിളപ്പാട്ടുകള്‍ പാടാന്‍ ആരംഭിച്ചത് . അതോടെ ഖത്തറിലെ മാപ്പിളപ്പാട്ടു വേദികളിലെ സജീവ സാന്നിധ്യമായി മാറുകയായിരുന്നു .
മീഡിയ പ്‌ളസിന്റെ വേദിയില്‍ ഫാദര്‍ സെവേറിയസ് തോമസിന്റെ കൂടെ പാടിയതാണ് തന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ മുഹൂര്‍ത്തം.
ഉനൈസ് പൂനൂരിന്റെ വരികള്‍ക്ക് അന്‍ഷാദ് തൃശൂര്‍ സംഗീതം നല്‍കിയ ഹബീബോടുള്ള ഹുബ്ബ് എന്ന നബിദിനാഗാനം ആയിരുന്നു ആസ്യ പാടിയ ആദ്യത്തെ ആല്‍ബം. റസ് ലിഫു മൊത്ത് ആരാധികേ എന്ന കവര്‍സോംഗും പാടിയിട്ടുണ്ട്.
ദോഹയിലെ ഗ്രീന്‍ വുഡ് സ്‌ക്കൂള്‍ അഞ്ചാം തരം വിദ്യാര്‍ഥി അമന്‍, രണ്ട് വയസുകാരന്‍ അഹദ് എന്നിവരാണ് മക്കള്‍.