Breaking News

ഫലസ്തീനോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ഒലിവ് തൈ നട്ട് ലുല്വാ അല്‍ ഖാഥര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. അക്രമങ്ങള്‍ നിയന്ത്രണാതീതമായി തുടരുന്ന ഫലസ്തീനോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ഒലിവ് തൈ നട്ട് ഖത്തര്‍ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രിയും വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവുമായ ലുല്വാ റാഷിദ് അല്‍ ഖാത്തര്‍ .

 

ഒലിവ് മരങ്ങളുടെയും ധീരതയുടെയും നാടായ ഫലസ്തീനോടുള്ള ഐക്യദാര്‍ഡ്യത്തിലാണ് ഇന്ന് ഞാന്‍ ഈ ഒലിവ് വൃക്ഷം നട്ടത്, ഫലസ്തീന്‍, ഈദുല്‍ ഫിത്വര്‍ എന്നീ ഹാഷ് ടാഗുകളോടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയുടെ അടിക്കുറിപ്പായി മന്ത്രി ട്വീറ്റ് ചെയ്തു.

ഒലിവ് മരങ്ങള്‍ പലസ്തീന്‍ ജനതയുടെ അചഞ്ചലതയെ പ്രതീകപ്പെടുത്തുന്നു. വെള്ളം വരാന്‍ പ്രയാസമുള്ള ഭൂമിയില്‍ ആഴത്തിലുള്ള വേരുകള്‍ ഇറക്കാനും വളരാനുമുള്ള ഒലീവ് മരത്തിന്റെ കഴിവിനെ വളരെയധികം വിലമതിക്കുന്നു. ലോകമെമ്പാടുമുള്ള സമാധാനത്തിന്റെ പ്രതീകമായ ഒലിവ് മരങ്ങള്‍ തന്നെ ഇസ്രായേല്‍ സൈനികരുടേയും പലസ്തീനിലെ കുടിയേറ്റക്കാരുടേയും അന്യായമായ ആക്രമങ്ങള്‍ക്ക് ഇരയായിരിക്കുന്നു.

ജറുസലേമില്‍ ചോരക്കളങ്ങള്‍ തീര്‍ത്ത് ഇസ്രായേല്‍ അധിനിവേശ സേനയുടെ കരങ്ങളാല്‍ നിരവധി നിരപരാധികളായ ഫലസ്തീനികള്‍ കൊല്ലപ്പെടുന്ന സാഹചര്യത്തിലാണ് ഖത്തര്‍ മന്ത്രിയുടെ ട്വീറ്റ് ശ്രദ്ധേയമാകുന്നത്. ശാന്തിയുടേയും സമാധാനത്തിന്റേയും ചിഹ്നമായ ഒലീവ് ചെടി സമാധാനപരമായ സഹവര്‍തിത്വമാണ് ആഹ്വാനം ചെയ്യുന്നത്.

ഗാസയില്‍ നിന്ന് നൂറുകണക്കിന് റോക്കറ്റുകള്‍ ഇസ്രായേലിലേക്ക് എറിഞ്ഞതോടെ ഇസ്രയേലികളും പലസ്തീനികളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി. ഇത് ഗാസയിലുടനീളം വ്യോമാക്രമണം ശക്തമാക്കി. തിങ്കളാഴ്ച രാവിലെ് ജറുസലേമിലെ ഏറ്റവും വിശുദ്ധ സൈറ്റുകളിലൊന്നായ അല്‍-അഖ്‌സാ പള്ളിക്കുള്ളില്‍ സ്റ്റണ്‍ ഗ്രനേഡുകള്‍ പ്രയോഗിച്ച ഇസ്രയേല്‍ പോലീസിന്റെ നടപടികള്‍ക്ക് മറുപടിയായാണ് തങ്ങള്‍ റോക്കറ്റ് പ്രയോഗിച്ചതെന്നാണ് ഗാസ പോരാളികളുടെ ന്യായീകരണം.

അധിനിവേശ സേനയുടെ ആക്രമണത്തെ ശക്തമായി അപലപിച്ച ഖത്തര്‍ ഉള്‍പ്പെടെ നിരവധി ഭാഗങ്ങളില്‍ നിന്ന് ഇസ്രയേല്‍ നടപടികള്‍ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങള്‍ വന്നിട്ടുണ്ട്.

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയും ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ ഥാനിയും വെള്ളിയാഴ്ച ഇസ്രയേലിന്റെ ആക്രമണത്തെ അപലപിക്കുകയും ഈ അനീതിക്കെതിരെ ഒറ്റക്കെട്ടായ നിലപാടുകള്‍ക്ക് ആഹ്വാനം നടത്തുകയും ചെയ്തതിന് പിറകെയാണ് ലുല്വാ അല്‍ ഖാഥറിന്റെ ട്വീറ്റ് .

Related Articles

Back to top button
error: Content is protected !!