Uncategorized

കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത് കെ ബി എഫ് വിപുലീകരിക്കും : അജി കുര്യാക്കോസ്

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ മലയാളി സംരംഭകരുടെ കൂട്ടായ്മയായ കേരളാ ബിസിനസ് ഫോറം കൂടുതല്‍ അംഗങ്ങളെ ചേര്‍ത്തു വിപുലീകരിക്കുമെന്ന് പ്രസിഡണ്ട് അജി കുര്യാക്കോസ് . കാലിക്കറ്റ് നോട്ട്ബൂക്കില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള കര്‍മ്മ പരിപാടികള്‍ കൂടാതെ കെബിഎഫ് വിഷന്‍ 2030 എന്ന ലക്ഷ്യവും ഈ കമ്മിറ്റിയുടെ പരിഗണയില്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനും കര്‍മപരിപാടികള്‍ രൂപപ്പെടുത്തുന്നതിനുമായി അധികാരമേറ്റെടുത്തുടനെ തന്നെ വിളിച്ചു ചേര്‍ത്ത യോഗം അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അംഗങ്ങളുടെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുകയും പരാമാവധി കാര്യങ്ങള്‍ മുന്‍ഗണന ക്രമത്തില്‍ നടപ്പാക്കുവാന്‍ ശ്രമിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അംഗങ്ങള്‍ക്കായി ട്രെയിനിങ് പ്രോഗ്രാമുകള്‍, നാട്ടിലും ഗള്‍ഫിലുമുള്ള വ്യവസായ പ്രമുഖരും മറ്റുമായി സംവദിക്കുവാനുള്ള മീറ്റ് ദി ലെജന്‍ഡ് തുടങ്ങിയ പരിപാടികളും പരിഗണനയിലാണ്.

രണ്ടായിരത്തി പതിനാറില്‍ തുടക്കമിട്ട കെ ബി എഫ്, ഇന്ത്യന്‍ എംബസ്സിയുടെ അംഗീകാരതോട് കൂടി പ്രവര്‍ത്തിക്കുന്ന മ ലയാളി സംരംഭകരുടെ ഒരു പ്രബലമായ സംഘടന ആണ്. ഏഴാം വര്‍ഷത്തിലേക്കു കടക്കുന്ന സംഘടന വൈവിധ്യമാര്‍ന്ന പരിപാടികളാണ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്.

കൂടുതല്‍ അംഗങ്ങളെ കെബിഎഫിന്റെ കുടകീഴില്‍ കൊണ്ടുവരുന്നതിനായി മെമ്പര്‍ഷിപ് ഡ്രൈവ് ഉടനെ ആരംഭിക്കുന്നതാണെന്നു ജയപ്രസാദ് ജെ പി അറിയിച്ചു. സംരംഭകരക്കാവശ്യമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പരിശീലന ശില്പശാലകള്‍ ആസൂത്രണം ചെയ്യുവാന്‍ ജോയിന്റ് സെക്രട്ടറി ഫര്‍സാദ് അക്കരയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇതിനു പുറമെ ഖത്തറിലെ മലയാളികളയായ സംരംഭകര്‍ക്കും വ്യവസായികള്‍ക്കും വേണ്ടി ഒരു ബിസിനസ് ഹെല്പ് ഡെസ്‌ക് രൂപീകരിക്കാനും അതിന്റെ ഭാഗമായി ഒരു ലീഗല്‍ സെല്ലിന് തുടക്കം കുറിക്കുവാനുള്ള നടപടികളും ആരംഭിച്ചു. അംഗങ്ങളായിട്ടുള്ള അഭിഭാഷകര്‍ക്കൊപ്പം സ്വദേശികളും വിദേശികളുമായ നിയമ വിദഗ്ദ്ധരെ കൂടി ഉള്‍ക്കൊള്ളിച്ചുള്ള ഒരു സംവിധാനമാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മൊയ്ദീന്‍ പറഞ്ഞു.

സാമ്പത്തിക ഭദ്രതയുള്ള ഒരു സംഘടന എന്നതിനപ്പുറം, അംഗങ്ങളുടെ ചെറുതും വലുതും കൂട്ടായ്മകള്‍ ചേര്‍ന്ന് നാട്ടിലും ഖത്തറിലും സംരംഭകള്‍ക്കു തുടക്കം കുറിക്കാണാമെന്ന ആശയും ആഗ്രഹവും ട്രെഷറര്‍ നൂറുല്‍ ഹഖ് പങ്കു വെച്ചു

അംഗങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുക, അവരുടെ ക്ഷേമത്തിനായും, പ്രശ്‌ന പരിഹാരങ്ങള്‍ക്കുമായും നില കൊള്ളുക എന്നതിനായിരിക്കും പ്രഥമ പരിഗണന എന്ന് കെ ബി എഫിന്റെ വൈസ് പ്രസിഡന്റ് കിമി അലക്‌സാണ്ടര്‍ അഭിപ്രായപ്പെട്ടു.

2023 – 2025 ലേക്കുള്ള ഭാരവാഹികള്‍ കെബിഫ് ഓഫീസില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ വെച്ച് സ്ഥാനമേറ്റു.തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ആദ്യത്തെ ഭരണസമിതി എന്ന പ്രത്യേകത കൂടി പുതിയ നേതൃത്വത്തിനുണ്ട്.

അജി കുര്യാക്കോസ് (പ്രസിഡന്റ് ), കിമി അലക്‌സാണ്ടര്‍ (വൈസ് പ്രസിഡന്റ് ) മന്‍സൂര്‍ മൊയ്ദീന്‍ (ജറല്‍ സെക്രട്ടറി) നൂറുല്‍ ഹഖ് (ട്രഷറര്‍) , ഫര്‍സാദ് അക്കര , സോണി എബ്രഹാം (ജോയിന്റ് സെക്രട്ടറിമാര്‍),ജയപ്രസാദ് ജെ പി , ഹമീദ് കെ എം എസ് , ഹംസ സഫര്‍ ,ഷബീര്‍ മുഹമ്മദ് ,മുഹമ്മദ് അസ് ലം (മാനേജ്മന്റ് കമ്മിറ്റി അംഗങ്ങള്‍ ) എന്നിവരടങ്ങുന്ന സംഘമാണ് നേതൃത്വം നല്‍കുന്നത്.

Related Articles

Back to top button
error: Content is protected !!