കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ പുതുതായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന റണ്‍വേ വികസന പദ്ധതിയുടെ പേരിലുള്ള നീക്കങ്ങളില്‍ ഡോം ഖത്തര്‍ ആശങ്ക പ്രകടിപ്പിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ പുതുതായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന റണ്‍വേ വികസന പദ്ധതിയുടെ പേരിലുള്ള നീക്കങ്ങളില്‍ മലപ്പുറം ജില്ലക്കാരുടെ ഖത്തറിലെ കൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍ )ആശങ്ക പ്രകടിപ്പിച്ചു
ജനുവരി 26ന് ഏവിയേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ഇറക്കിയ ഉത്തരവ് അനുസരിച്ച് റണ്‍വേ എന്‍ഡ് സേഫ്റ്റി സോണിന്റെ (റെസ) നീളം ഇരുവശങ്ങളിലും 90 മീറ്ററില്‍ നിന്നും 250 മീറ്റര്‍ ആയി ഉയര്‍ത്താനാണ് നിര്‍ദ്ദേശം. ഇതുവഴി ഇപ്പോഴുള്ള റണ്‍വേയുടെ നീളം 2860 നിന്നും 2560 ആയി ചുരുങ്ങുകയും അതുവഴി വലിയ വിമാന സര്‍വീസുകള്‍ തുടങ്ങാനുള്ള എയര്‍പോര്‍ട്ടിന്റെ നീക്കങ്ങള്‍ക് വിലങ്ങുതടിയാകുമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.
എയര്‍പോര്‍ട്ട് വിമാന അപകടവുമായി ബന്ധപ്പെട്ട് അടിയന്തിരമായി നടപ്പിലാക്കേണ്ട നിര്‍ദ്ദേശങ്ങളൊന്നും നടപ്പിലാക്കാതെ ധൃതിപിടിച്ച് റെസ കൂട്ടുന്ന ഈ പ്രവര്‍ത്തനം ദുരൂഹമാണെന്നും ഇതില്‍ നിന്നും അധികാരികള്‍ പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു.
ടേബിള്‍ ടോപ്പ് വിമാനത്താവളങ്ങളുടെ വികസനത്തില്‍ നാഴികക്കല്ലായി മാറാവുന്ന ഇമാസ് പോലുള്ള സംവിധാനങ്ങള്‍ കൊണ്ട് വരുന്നതില്‍ അലംഭാവം കാണിക്കുകയും വൈഡ് ബോഡി വിമാനങ്ങള്‍ ഇറക്കാനുള്ള എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങളെ തകിടം മറിക്കുന്ന ഇത്തരം നീക്കങ്ങളില്‍ മുന്നോട്ട് പോകുകയും ചെയ്യുന്നതില്‍ മലബാറിലെ മുഴുവന്‍ പ്രവാസികളെയും അണിനിരത്തി കൊണ്ടുള്ള പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഡോം ഖത്തര്‍ പദ്ധതിയിട്ടിരിക്കുന്നത്. മലബാറിന്റെ വികസനത്തില്‍ നാഴികക്കല്ലായ കോഴിക്കോട് എയര്‍പോര്‍ട്ട് എന്തുവിലകൊടുത്തും സംരക്ഷിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റു സംഘടനകളോട് ഒപ്പം ചേര്‍ന്നു നിയമപരമായി സാധ്യമാകുന്ന എല്ലാ മാര്‍ഗങ്ങളും സ്വീകരിച്ച സമര പദ്ധതികളുമായി മുന്നോട്ടു പോകുവാനും യോഗം തീരുമാനിച്ചു.
ഡോം ഖത്തര്‍ പ്രസിഡണ്ട് വിസി മഷ്ഹൂദ് അധ്യക്ഷത വഹിച്ചു. സംഘടനയുടെ മുഖ്യ രക്ഷാധികാരിയും എം കെ ആര്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ അച്ചു ഉള്ളാട്ടില്‍, രതീഷ് കക്കോവ്, ശ്രീജിത് നായര്‍ സി പി, പി ശ്രീധര്‍, ഡോക്ടര്‍ ഹംസ വി വി, നബ്ഷാ മുജീബ്, സൗമ്യ പ്രദീപ്, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, സഖി ജലീല്‍, നുസൈബ അസീസ്, വൃന്ദ രതീഷ്, പ്രീതി ശ്രീധര്‍, ഷംല ജാഫര്‍, അബ്ദുല്‍ റസാഖ് ഒദയപുരത്ത്, നൗഫല്‍ കട്ടുപ്പാറ, നിയാസ് കൈപ്പേങ്ങള്‍, സുരേഷ് ബാബു പണിക്കര്‍, ഷാനവാസ് എലചോല, ഫാസിലാ മഷ്ഹൂദ്, ഫസീല എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.
ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സ്വാഗതവും ട്രഷറര്‍ കേശവദാസ് നന്ദിയും പറഞ്ഞു.