സൈബര്‍ കുറ്റകൃത്യങ്ങള്‍ നടന്നാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ: ഡിജിറ്റല്‍ തെളിവുകളില്‍ കൃത്രിമത്വം എളുപ്പമായതിനാല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ നടന്നാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സൈബര്‍ ക്രൈം വിഭാഗം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഇമെയില്‍ വഴിയോ ഫോണ്‍, മെട്രാഷ് 2 അല്ലെങ്കില്‍ മറ്റു മാര്‍ഗ്ഗങ്ങളിലൂടെയോ പരാതികള്‍ സമര്‍പ്പിക്കാം. ആഭ്യന്തര മന്ത്രാലയത്തിലെ സൈബര്‍ ആന്റ് ഫിനാന്‍ഷ്യല്‍ ക്രൈംസ് പ്രിവന്‍ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് സംഘടിപ്പിച്ച വെബിനാറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഹാക്കിങ്, വഞ്ചന, ഭീഷണിപ്പെടുത്തല്‍, ബ്ലാക്മെയ്ലിംഗ്, ഓണ്‍ലൈന്‍ ആയുള്ള ലൈംഗിക അതിക്രമങ്ങള്‍, കിംവദന്തികള്‍ പ്രചരിപ്പിക്കല്‍ മുതലായവയൊക്കെ സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരുമെന്നും ഒരു വ്യക്തിയെ ബ്ലാക്മെയ്ല്‍ ചെയ്താല്‍ മൂന്ന് വര്‍ഷം തടവും ഒരു ലക്ഷം റിയാല്‍ പിഴയും അല്ലെങ്കില്‍ ഇവ രണ്ടും ഒരുമിച്ച് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് .
ബ്ലാക്ക്മെയിലിംഗിന് ഇരയാകുമ്പോള്‍, കുറ്റവാളിയോട് പ്രതികരിക്കരുതെന്നും എല്ലാ ആശയവിനിമയ, നെറ്റ്വര്‍ക്കിംഗ് ചാനലുകളില്‍ നിന്നും അവനെ തടയണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
ഓണ്‍ലൈന്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ബാങ്ക് കാര്‍ഡുകളും സുരക്ഷിതമാക്കുക, അജ്ഞാത സന്ദേശങ്ങളും അജ്ഞാത കോളുകളും ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യുക, പാസ്വേഡുകള്‍, വ്യക്തിഗത, ഐഡി വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കിടാതിരിക്കുക തുടങ്ങിയ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള പൊതു നിര്‍ദ്ദേശങ്ങളോടെയാണ് വെബിനാര്‍ സമാപിച്ചത്.