IM Special

അക്ബര്‍ കക്കട്ടില്‍, സഹൃദയ മനസുകളില്‍ ജീവിക്കുന്ന കഥാകാരന്‍

ഡോ. അമാനുല്ല വടക്കാങ്ങര

ഫെബ്രുവരി 17 അക്ബര്‍ കക്കട്ടിലിന്റെ ഓര്‍മദിനമാണ് . 2016 ഫെബ്രുവരി 17 നാണ് പരിചയപ്പെട്ടവരുടെയൊക്കെ മനസില്‍ ഇടം നേടിയ ദേശഭാവനയുടെ കഥാകാരന്‍ അനശ്വര ലോകത്തേക്ക് യാത്രയായത്.

നര്‍മത്തില്‍ ചാലിച്ച മധുരമായ ശൈലിയിലൂടെ എല്ലാതരം വായനക്കാരേയും സ്വാധീനിച്ച കഥാകാരനായിരുന്നു അക്ബര്‍ കക്കട്ടില്‍. ദൈനംദിന ജീവിതത്തിലെ അനര്‍ഘ നിമിഷങ്ങളൈ നര്‍മത്തിന്റെ മേമ്പൊടിയില്‍ മനോഹരമായി വരച്ചുകാണിച്ച അദ്ദേഹത്തിന്റെ കഥകളും നോവലുകളുമൊക്കെ നിത്യ കൗതുകം പകരുന്നത് ആ സൃഷ്ടികളിലെ ആത്മാര്‍ഥമായ ഇടപെടലുകള്‍ കൊണ്ടാണ്. അധ്യാപക കഥകളെന്ന ഒരൊറ്റ കൃതി മതി അക്ബര്‍ കക്കട്ടിലെന്ന എഴുത്തുകാരനെ അടയാളപ്പെടുത്താന്‍. സ്‌കൂള്‍ ജീവിതത്തിന്റെ വശ്യമനോഹരമായ നിരവധി സന്ദര്‍ഭങ്ങളാണ് നര്‍മം ചാലിച്ച് അദ്ദേഹം സഹൃദയ ലോകത്തിന് സമ്മാനിച്ചത്.

പ്രിയ കൂട്ടുകാരി ലസിത സംഗീത് എഡിറ്റ് ചെയ്ത അക്ബര്‍ കക്കട്ടില്‍ ദേശഭാവനയുടെ കഥാകാരന്‍ എന്ന ഓര്‍മ പുസ്തകമാണ് ഈ ചിന്തകള്‍ എന്റെ മനസിലേക്ക് കൊണ്ട് വന്നത്.

ജീവിത വഴിയിലെവിടെയോവെച്ച് വായനയേയും എഴുത്തിനേയും നഷ്ടമായ ഒരുവളെ സ്‌നേഹ വാല്‍സല്യങ്ങളാല്‍ ചേര്‍ത്തുനിര്‍ത്തി വീണ്ടും അക്ഷര നന്മയിലേക്കെത്താന്‍ പ്രോല്‍സാഹനം നല്‍കിയ ഗുരുവിനുള്ള സമര്‍പ്പണമാണ്, ഗുരുദക്ഷിണയാണ് ഈ പുസ്തകമെന്നാണ് ആമുഖത്തില്‍ ലസിത സംഗീത് പറയുന്നത്. വിദ്യാര്‍ഥികളിലും സഹൃദയിരിലും അക്ബര്‍ കക്കട്ടിലെന്ന അധ്യാപകന്‍ കോറിയിട്ട സ്‌നേഹാദരവുകളാണ് ഈ വരികളില്‍ പ്രതിധ്വനിക്കുന്നത്. വേര്‍പാടിന്റെ വേദനകള്‍ക്കപ്പുറം ആ മനുഷ്യ സ്‌നേഹിയായ അധ്യാപകന്‍ തീര്‍ത്ത സ്‌നേഹത്തിന്‍ പൂഞ്ചോലയിലൂടെ സഞ്ചരിക്കുമ്പോള്‍ സാമൂഹ്യ സാംസ്‌കാരിക തലങ്ങളില്‍ അദ്ദേഹം സൃഷ്ടിച്ച ഓളങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തും. സ്‌നേഹ സൗഹൃദങ്ങള്‍ക്ക് വല്ലാത്ത പ്രാധാന്യം കല്‍പിച്ച പച്ചയായ മനുഷ്യനായിരുന്നു അക്ബര്‍ കക്കട്ടില്‍ എന്ന് അദ്ദേഹവുമായി ഇടപഴകിയ ആര്‍ക്കും പെട്ടെന്ന് ബോധ്യപ്പെടും. മറയയില്ലാത്ത തെളിയമയാര്‍ന്ന സ്‌നേഹവായ്പുകളാല്‍ ശക്തമായ സൗഹൃദങ്ങളാണ് അദ്ദേഹം സൃഷ്ടിച്ചത്. വലുപ്പചെറുപ്പമില്ലാതെ എല്ലാവരുടേയും തോളില്‍ കയ്യിട്ട് നടക്കുന്ന ലാളിത്യത്തിന്റെ പ്രതീകമായ അക്ബര്‍ കക്കട്ടിലിന്റെ ജീവിതത്തിന്റെ വിവിധ വശങ്ങള്‍ മനോഹരമായി അനാവരണം ചെയ്യുന്ന ഈ പുസ്തകം അക്ഷരാര്‍ഥത്തില്‍ അദ്ദേഹത്തിനുള്ള ഗുരുദക്ഷിണ തന്നെയാണ് .


അക്ബര്‍ കക്കട്ടിലുമായി പല നിലക്കും ബന്ധമുള്ള പ്രമുഖ വ്യക്തികളെ കണ്ടെത്തി അവരുടെ ലേഖനങ്ങളും ഓര്‍മകളും സമാഹരിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് പ്രവാസിയായ ലസിത സംഗീത് ഭംഗിയായി നിര്‍വഹിച്ചത്. ഏറെ പ്രശംസസനീയമായ ഒരു സാംസ്‌കാരിക പ്രവര്‍ത്തനമാണിത്. എം.ടി. വാസുദേവന്‍ നായര്‍, എം. മുകുന്ദന്‍, സി. രാധാകൃഷ്ണന്‍, അടൂര്‍ ഗോപാല കൃഷ്ണന്‍, ആഷാ മേനോന്‍, ഡോ. എം. എന്‍. കാരശ്ശേരി, സത്യന്‍ അന്തിക്കാട്, കെ.ആര്‍.മീര, പി.കെ. പാറക്കടവ്, പോള്‍ കല്ലാനോട്, ഖദീജ മുംതാസ്്, മുസാഫിര്‍, വി.ആര്‍. സുധീഷ്,, സുഭാഷ് ചന്ദ്രന്‍ തുടങ്ങി വിവിധ തലങ്ങളിലുള്ള ശ്രദ്ധേയരായ എഴുപത്തഞ്ചോളം പേരുടെ കുറിപ്പുകളാല്‍ ധന്യമാണ് ലസിതയുടെ പുസ്തകം. എഴുത്തുകാരന്‍ ഒരിക്കലും മരിക്കുന്നില്ല. എഴുത്തുകളിലൂടെ, പുസ്തകങ്ങളിലൂടെ സര്‍വോപരി അവര്‍ പങ്കുവെച്ച ചിന്തകളുടേയും സ്‌നേഹാദ്രമായ വികാരങ്ങളിലൂടെയും സഹൃദയ മനസുകളില്‍ അവര്‍ എന്നെന്നും ജീവിക്കുകയാണ് . മാതൃഭൂമി ബുക്‌സാണ് ശ്രദ്ധേയമായ ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ലളിത സുന്ദരമായ ഭാഷയും ശൈലിയും ഉപയോഗിച്ച് മലയാള സാഹിത്യത്തിനു പുതിയൊരു ദിശ നിര്‍മിക്കാന്‍ കഴിഞ്ഞ സാഹിത്യകാരനാണ് അക്ബര്‍ കക്കട്ടില്‍. തനിക്ക് ചുറ്റുമുള്ള സമൂഹത്തെ തന്റെ എഴുത്തിലൂടെ അദ്ദേഹം പുനര്‍ നിര്‍മ്മിച്ചു. തന്റെ ചുറ്റിലും നടക്കുന്ന സംഭവവികാസങ്ങളുടെ ഒരു പരിഛേദമായിരുന്നു അദ്ദേഹത്തിന്റെ കഥകളെല്ലാം. ജീവിതമൂല്യങ്ങളെല്ലാം അദ്ദേഹം തന്റെ കഥയില്‍ എഴുതിച്ചേര്‍ത്തു. അത് നിഷ്‌കളങ്കമായ എഴുത്തായിരുന്നു, അദ്ദേഹത്തിന്റെ ജീവിതം പോലെ.അക്ബര്‍ കക്കട്ടിലിന്റെ രചനകളില്‍ നിറഞ്ഞു നിന്നത് കക്കട്ടിലും സമീപ പ്രദേശങ്ങളുമായിരുന്നു. ലളിതമായ ഭാഷയില്‍ ശുദ്ധ നാട്ടിന്‍പുറ കഥകള്‍ പറഞ്ഞു കൊണ്ടു മലയാള സാഹിത്യത്തില്‍ തനതായ ഇടം സൃഷ്ടിച്ചെടുക്കുകയാണ് അക്ബര്‍ കക്കട്ടില്‍ ചെയ്തത്. സാധാരണക്കാരന്റെ ഭാഷയിലൂടെ അസാധാരണമായ കഥാസന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഭാഷയിലെ നര്‍മപ്രയോഗവും പ്രാദേശിക ഭേദവും ദാര്‍ശനികമായ വ്യാഖ്യാനങ്ങളുമാണ് കക്കട്ടില്‍ കഥകളെ സവിശേഷമാക്കുന്നത്. സാമൂഹിക ജീവിതത്തില്‍ കണ്ടുമുട്ടുന്ന പച്ച മനുഷ്യരുടെ അവസ്ഥാന്തരങ്ങള്‍ എഴുതി മലയാളികളെ അദ്ദേഹം വിസ്മയിപ്പിച്ചു. മലബാറിലെ സാധാരണക്കാരായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍.

ഏഡ്മാഷ് , സ്‌കൂള്‍ വിശേഷങ്ങള്‍, കൂട്ടിലെ കിളികള്‍, പ്യൂണ്‍ ബാലേട്ടന്‍, അങ്ങാടി നിലവാരം, കുഞ്ഞിരാമന്‍ മാഷെ കാണാനില്ല തുടങ്ങി ഒട്ടനവധി കഥകളിലൂടെ താന്‍കണ്ട സ്‌കൂള്‍ ജീവിതത്തെ തന്‍മയത്വത്തോടെ മലയാളിക്കു മുന്‍പിലവതരിപ്പിക്കാന്‍ കക്കട്ടിലിനു സാധിച്ചു. നര്‍മത്തില്‍ പൊതിഞ്ഞ ആഖ്യാനശൈലിയാണ് കക്കട്ടിലിന്റെ രചന. ചിരിപ്പിക്കുന്നതോടൊപ്പം മൂര്‍ച്ചയുള്ള ചോദ്യങ്ങള്‍ കൂടി വായനക്കാരനിലേക്ക് എത്തിക്കാന്‍ കക്കട്ടിലിനു സാധിച്ചു. വിദ്യാഭ്യാസം വില്‍പ്പനച്ചരക്കാവുന്ന കാലത്ത് അധ്യാപകന്റെ ‘വില’ എന്താണെന്നു ചോദിക്കുന്ന കഥയാണ് ‘അങ്ങാടി നിലവാരം’. ദാമോദരന്‍ നമ്പ്യാര്‍ സ്വന്തം സ്‌കൂളിലെ മാഷ് മരിച്ചതറിഞ്ഞു വീട്ടിലേക്കിറങ്ങിയ സമയത്ത് എതിരേ നിന്നു വന്ന മാന്യശരീരങ്ങള്‍ മരിച്ചയാളുടെ പോസ്റ്റ് ബുക്ക് ചെയ്യാന്‍ വേണ്ടി വരികയാണ്. ‘ഏതായാലും അയാള് മരിച്ചു, ഇനി ഒരുത്തന് പണികിട്ടണ കാര്യമല്ലേ വലുത്, അഡ്വാന്‍സ് ഞങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. പറയുന്ന റേറ്റ് തരാം’. അപ്പോള്‍ നമ്പ്യാര്‍ ആലോചിക്കുന്നതു പത്രത്തിലേക്കു പരസ്യം ഡ്രാഫ്റ്റ് ചെയ്തു വച്ചിരുന്നത് പോസ്റ്റ് ചെയ്ത് പോയിരുന്നെങ്കില്‍ പരസ്യക്കൂലി നഷ്ടമായേനേ എന്നാണ്. ഇതൊരു ലാഭകരമായ ബിസിനസാണെന്നു മനസിലായ നമ്പ്യാര്‍ വര്‍ഷം തോറും ഓരോ അധ്യാപകരെ കൊന്നു കൊണ്ടു പകരം അധ്യാപകരെ നിയമിച്ചു പണം സമ്പാദിക്കാമല്ലോ എന്നു ചിന്തിക്കുകയാണ്. വിദ്യാഭ്യാസ മേഖലയില്‍ സംഭവിക്കുന്ന മൂല്യച്ച്യുതിയെ സൂചിപ്പിക്കാന്‍ ഇതിലും മികച്ചൊരു കഥ മലയാളത്തിലുണ്ടാവില്ല.

സ്റ്റാഫ് റൂമില്‍ വന്ന് ശബ്ദതാരാവലി അന്വേഷിക്കുന്ന അറബി മാഷോട് ഏത് വാക്കാണ് അറിയേണ്ടതെന്ന് ചോദിക്കുന്ന മലയാളം അധ്യാപകനും തനിക്ക് തലക്ക് വെച്ച് ഉറങ്ങാനാണെന്ന് പറയുന്ന അറബി മുന്‍ഷിയും കുറിക്ക് കൊള്ളുന്ന സാമൂഹ്യ വിമര്‍ശനമാണെങ്കിലും നമുക്ക് ചിരി അടക്കാനാവില്ല.

എഴുത്തിന്റെ ലോകത്ത് വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് സാധാരണക്കാരന്റെ ഭാഷയില്‍ പകരം വെയ്ക്കാനാവാത്ത രചനകളിലൂടെ സഹൃദയ മനസുകളില്‍ ജീവിക്കുന്ന അക്ബര്‍ കക്കട്ടില്‍ എന്ന അധ്യാപകനേയും കഥാകാരനേയും അടുത്തറിയാന്‍ സഹായിക്കുന്ന കൃതിയാണ് അക്ബര്‍ കക്കട്ടില്‍ ദേശഭാവനയുടെ കഥാകാരന്‍ എന്നതില്‍ സംശയമില്ല.

Related Articles

Back to top button
error: Content is protected !!