Archived Articles

സംതൃപ്തിയുടെ അറുപതാണ്ട്, എ കെ ഉസ്മാന് എം എസ് എസ് ആദരം

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറെന്ന പുണ്യ ഭൂമിയില്‍ സംതൃപ്തിയുടെ അറുപതാണ്ട് പൂര്‍ത്തിയാക്കിയ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ വ്യക്തിത്വമായ എ കെ ഉസ്മാന് എം എസ് എസ് ആദരം. ഖത്തറിലെ മലയാളി പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ധന്യമായ ചടങ്ങിലാണ് ആദരിച്ചത്.

എം എസ് എസ് ഖത്തര്‍ ഘടകം സംഘടിപ്പിച്ച തലമുറ സംഗമത്തില്‍ ഖത്തറില്‍ 60 വര്‍ഷത്തില്‍ കൂടുതല്‍ ചിലവഴിച്ച പ്രവാസികളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി നടന്നത്. എം എസ് എസ് ജനറല്‍ സെക്രട്ടറി ഫാസില്‍ ഹമീദ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് എം പി ഷാഫി ഹാജി അദ്ധ്യക്ഷനായിരുന്നു. വ്യാപാര വാണിജ്യ മേഖലയിലെ പ്രഗത്ഭ വ്യക്തിത്വങ്ങളും വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവരും ചേര്‍ന്നാണ് ആദരവ് നല്‍കിയത്.

എം എസ് എസ് പ്രശസ്തി പത്രം ഷഹീന്‍ ഷാഫി ഉസ്മാന്‍ സാഹിബിനു കൈമാറി. ഇ പി അബ്ദുറഹ്‌മാന്‍ പൊന്നാട അണിയിച്ചു . എം എസ് എസ്സിന്റെ ഉപഹാരംഡോ. എം.പി. ഷാഫി ഹാജി സമ്മാനിച്ചു. ചടങ്ങ് എം ടി ഹമീദ് നിയന്ത്രിച്ചു . എം എസ് എസ് സക്കാത്ത് ഫണ്ട് വിനിയോഗത്തെക്കുറിച്ച് ട്രഷറര്‍ ഹാഷിര്‍ സദസ്സിന് വിശദീകരണം നല്‍കി.

അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അധികമാരും ഗള്‍ഫ് രാജ്യങ്ങളിലേക്ക് വരാതിരുന്ന കാലത്ത് മൂന്ന് രാപ്പകലുകള്‍ കരിവണ്ടിയില്‍ ബോംബെക്കും അവിടെനിന്ന് എട്ട് ദിവസമെടുത്ത് കപ്പലില്‍ മിസൈദ് കടപ്പുറത്ത് വന്നിറങ്ങി ചെറിയ ബോട്ടില്‍ കരയണഞ്ഞ കഥ ഇന്ന് നടന്നതുപോലെ ആണ് എ കെ ഉസ്മാന്‍ സാഹിബ് സദസ്സിനോട് വിവരിച്ചത്. ചെറിയ ചെറിയ പല ജോലികള്‍ ചെയ്ത് ഇന്ന് കാണുന്ന അല്‍ മുഫ്താ റെന്റ് എ കാറും മറ്റ് സ്ഥാപനങ്ങളും കെട്ടിപ്പടുത്തതും അക്കാലങ്ങളില്‍ അനുഭവിച്ച ദുരിതങ്ങളും സാഹചര്യങ്ങളും ദോഹയിലെ പഴയ തലമുറയിലെയും പുതുതലമുറയിലെയും വ്യവസായികളും അല്ലാത്തവരുമായ എം എസ് എസ് പ്രവര്‍ത്തകരോട് അദ്ദേഹം സംവദിച്ചു.

അബ്ദുല്‍ കരീം (എം ഇ എസ് ), ഡോ. മുഹമ്മദുണ്ണി ഒളകര, അഹമ്മദ് പാതിരിപ്പറ്റ, ഇ പി അബ്ദുറഹ്‌മാന്‍, സമദ് നരിപ്പറ്റ, എന്‍,കെ.എം.മുസ്തഫ ഹാജി (സൗദി ഹൈപ്പര്‍മാര്‍ക്കറ്റ്), ഡോ. സമദ്, ഷാനവാസ് ബാവ, കെ എം എസ് ഹമീദ്, ഖലീല്‍ പരീദ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സെക്രട്ടറി റഈസ് അലി നന്ദി പറഞ്ഞു

Related Articles

Back to top button
error: Content is protected !!