ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വിസ സ്റ്റാറ്റസ് ശരിപ്പെടുത്താനുള്ള ഗ്രേസ് പിരിയഡ് പ്രയോജനപ്പെടുത്താന്‍ ഇരുപത്തിയെട്ടായിരത്തിലധികം അപേക്ഷകള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ആഭ്യന്തര മന്ത്രാലയം വിദേശികളുടെ വിസ സ്റ്റാറ്റസ് ശരിപ്പെടുത്തുന്നതിനുള്ള ഗ്രേസ് പിരിയഡ് പ്രയോജനപ്പെടുത്താന്‍ ഇതുവരെ 28476 അപേക്ഷകള്‍ ലഭിച്ചതായി ആഭ്യന്തര മന്ത്രാലയം അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2021 ഒക്‌ടോബര്‍ 10നാണ് രാജ്യത്ത് വിസ നടപടികള്‍ ലംഘിച്ചു കഴിയുന്നവര്‍ക്ക് ലളിതമായ രീതിയില്‍ അവരുടെ വിസ നടപടികള്‍ നോര്‍മലൈസ് ചെയ്യുന്നതിനുള്ള ഗ്രേസ് പിരിയഡ് പ്രഖ്യാപിച്ചത്.
ഏകദേശം 14000 പേരുടെ അപേക്ഷകളില്‍ ഇതിനകം തന്നെ ആഭ്യന്തര മന്ത്രാലയം തീര്‍പ്പ് കല്‍പ്പിച്ചു. അതില്‍ 8227 പേര്‍ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചു പോയി. 6000 പേര്‍ തങ്ങളുടെ വിസയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഖത്തറില്‍ അവരുടെ താമസം നിയമപരമാക്കിയതായി ആഭ്യന്തരമന്ത്രാലയം അധികൃതര്‍ അറിയിച്ചു.
വിദേശി വിഭാഗങ്ങള്‍ക്ക് തങ്ങളുടെ വിസ സ്റ്റാറ്റസ് ശരിപ്പെടുത്താനും നിയമപരമാക്കാനുമുള്ള സുവര്‍ണ്ണാവസരമാണിത്. മാര്‍ച്ച് 31 വരെയാണ് ഗ്രേസ് പിരിയഡ് കാലാവധി. മിക്ക കേസുകളിലും പിഴയില്‍ 50% ഇളവോടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നതാണ് ഈ ഗ്രേസ് പിരിയഡിന്റെ ഏറ്റവും വലിയ പ്രത്യേകത.
വിസ ചട്ടങ്ങള്‍ ലംഘിച്ചു കഴിയുന്ന എല്ലാ വിദേശികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.