Breaking News

ഖത്തറില്‍ നടന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണം ജനസാഗരമായി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ കെ.എം.സി.സി ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണം ജനസാഗരമായി.

സാമൂഹ്യ മാധ്യമങ്ങളിലൂടെ കെ.എം.സി.സി. നടത്തിയ ആഹ്വാനമനുസരിച്ച് ജീവിതത്തിന്റെ വിവിധ തുറകളിലുളള നിരവധി പേരാണ് അനുസ്മരണ സമ്മേളന നഗരിയിലേക്ക് ഒഴുകിയത്. മാനവ സ്്നേഹത്തിന്റെ മഹിത മാതൃക സമ്മാനിച്ച തങ്ങള്‍ക്ക് ജനഹൃദയങ്ങളിലുള്ള സ്ഥാനം അടയാളപ്പെടുത്തുന്നതായിരുന്നു ഇന്നലെ കൂടിയ ജനസമൂഹം.

തങ്ങളെ അവസാനമായി ഒന്ന് കാണാന്‍ കഴിയാതെ മനസ്സ് തകര്‍ന്ന ഖത്തറിലെ പ്രവാസി സമൂഹത്തിന്റെ വേദനകള്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ മൈതാനത്ത് നടന്ന അനുശോചന – പ്രാര്‍ത്ഥന സദസ്സില്‍ പ്രകടമായി.

ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പബ്ളിക് റിലേഷന്‍സ് വകുപ്പ് മേധാവി ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ മുഫ്ത, ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി സേവ്യര്‍ ധന്‍രാജ് തുടങ്ങി നിരവധി പ്രമുഖരാണ് ചടങ്ങില്‍ സംബന്ധിച്ചത്. ലാളിത്യത്തിന്റേയും സ്നേഹത്തിന്റേയും പ്രതീകമായിരുന്ന തങ്ങള്‍ക്ക് ജനഹൃദയങ്ങളിലുള്ള സ്നേഹത്തിന്റെ സാക്ഷ്യ പത്രമാണ് ഈ ജനക്കൂട്ടമെന്ന് ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ മുഫ്ത പറഞ്ഞു.

തങ്ങള്‍ ഖത്തറില്‍ വന്നപ്പോഴെല്ലാം പല പ്രാവശ്യം അദ്ദേഹത്തെ നേരില്‍ കാണാന്‍ തനിക്ക് അവസരം ലഭിക്കു കയും അപ്പോഴൊക്കെയും തന്നെ കേരളത്തിലേക്ക് ക്ഷണിച്ചിരുന്നതായും ബ്രിഗേഡിയര്‍ അനുസ്മരിച്ചു.തങ്ങളുടെ വിനയവും കളങ്കമില്ലാത്ത മനസ്സും തന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഹൈദരലി തങ്ങളുടെ സംസാരങ്ങളിലും ചലനങ്ങളിലും വരെ അദ്ദേഹത്തിന്റെ വിനയവും സൗമ്യതയും പ്രകടമായിരുന്നു.തങ്ങളുടെ പരലോക വിജയത്തിനും അദ്ദേഹത്തിന്റെ നന്മകളുടെ സ്വീകാര്യതക്കും വേണ്ടി പ്രസംഗ ത്തിലുടനീളം പല പ്രാവശ്യം പ്രത്യേക പ്രാര്‍ത്ഥന നടത്തിയ അദ്ദേഹം കുടുംബത്തിന്റെയും കേരള ജനതയുടെയും ദുഖത്തില്‍ പങ്ക് ചേരുന്നതായും തങ്ങളുടെ പിന്‍ഗാമികള്‍ക്ക് എല്ലാവിധ ആശംസകള്‍ നേരുന്നതായും അറിയിച്ചു.

സമുദായത്തിന് നേതൃത്വം നല്‍കുമ്പോള്‍ തന്നെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സഹനത്തിന്റെയും സാമുദായിക ഐക്യത്തിന്റെയും വാഹകനായിരുന്നുവെന്ന് ഖത്തര്‍ കെ. എം .സി.സി പ്രസിഡണ്ട് എസ്.എ.എം ബഷീര്‍ അനുസ്മരിച്ചു.അദ്ദേഹത്തിന്റെ ആശയങ്ങളും ആദര്‍ശങ്ങളും ശുഭ്ര സുന്ദര ജീവിതവും തലമുറകളെ സ്വാധീനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വളരെ ചുരുങ്ങിയ സമയം കൊണ്ട് എല്ലാവിധ നിയമ നടപടികളും പൂര്‍ത്തീകരിച്ച് ഈ പരിപാടി സംഘടിപ്പിക്കാന്‍ സഹായങ്ങള്‍ ചെയ്ത ബ്രിഗേഡിയര്‍ അല്‍ മുഫ്തയെ കെ.എംസി.സി പ്രസിഡണ്ട് പ്രത്യേകം പ്രശംസിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

കോവിഡ് മഹാമാരിക്ക് ശേഷം ഇപ്പോഴും നിലനില്‍ക്കുന്ന കര്‍ശന നിയന്ത്ര ണങ്ങള്‍ക്കിടയിലും ഇങ്ങനെ വിപുലമായ ഒരു പരിപാടി സംഘടിപ്പിക്കാന്‍ ഖത്തര്‍ ഗവണ്‍മെന്റ് നല്‍കിയ പിന്തുണ പ്രിയപ്പെട്ട തങ്ങള്‍ക്ക് വിദേശ നാടുകള്‍ നല്‍കുന്ന അംഗീകാരത്തിന്റെ മറ്റൊരു ഉദാഹരണമായി.

മൂവായിരത്തിലധികം ആളുകള്‍ പങ്കെടുത്ത പരിപാടിയില്‍ ഖത്തര്‍ കെ.എം.സി.സി ജനറല്‍ സെക്രട്ടറി അസീസ് നരിക്കുനി സ്വാഗതവും സെക്രട്ടറി റഹീസ് പെരുമ്പ നന്ദിയും പറഞ്ഞു.

ജനാസ നിസ് കാരത്തിന് ഖത്തര്‍ ഇസ് ലാമിക് സെന്റര്‍ വര്‍ക്കിംഗ് പ്രസിഡണ്ടും കെ.എം.സി.സി സംസ്ഥാന കൗണ്‍സിലറുമായ ഇസ്മാഈല്‍ ഹുദവിയും ഭക്തി നിര്‍ഭരമായ പ്രാര്‍ത്ഥനക്ക് പി.വി.മുഹമ്മദ് മൗലവിയും നേതൃത്വം നല്‍കി.

പരിപാടിയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച് നിയമ സഹായങ്ങള്‍ നല്‍കിയ അഭ്യന്തര മന്ത്രാലയം കമ്യൂണിറ്റി റീച്ച് ഔട്ട് ഓഫീസ് കോര്‍ഡിനേറ്റര്‍ ഫൈസല്‍ ഹുദവിക്കും വിദ്യാഭ്യാസ മന്ത്രാലയത്തിനും ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിനും സംഘാടകര്‍ പ്രത്യേകം നന്ദി അറിയിച്ചു.

ജനങ്ങള്‍ക്കിടയില്‍ സൗഹൃദം നിലനിര്‍ത്തി കൊണ്ടുപോകുന്നതിന് വളരെയേറെ പ്രവര്‍ത്തിക്കുകയും മനുഷ്യ സൗഹൃദത്തിന് വലിയ മൂല്യം നല്‍കുകയും ചെയ്ത ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണം രാജ്യത്തിന് മൊത്തത്തില്‍ ഉണ്ടായ നഷ്ടമാണെന്ന് ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി സേവ്യര്‍ ധന്‍രാജ് പറഞ്ഞു.

വളരെ അടുത്ത സൗഹൃദം നിലനിര്‍ത്തുകയും ഒരു കുടുംബാംഗത്തെ പോലെ തന്നെ സ്‌നേഹിക്കുകയും ചെയ്തിരുന്ന ഹൈദരലി ശിഹാബ് തങ്ങളുടെ വിടവ് എനിക്ക് വ്യക്തിപരമായും വലിയ നഷ്ടമാണ് ഉണ്ടാക്കിയത് എന്ന് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രസിഡണ്ട് ഡോ. എം പി ഹസന്‍ കുഞ്ഞി പറഞ്ഞു.

ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് പി.എന്‍ ബാബുരാജന്‍, ഐസി ബി എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍ , കേരള ഇസ്ലാമിക് സെന്റര്‍ വൈസ് പ്രസിഡന്റ് മുഹമ്മദലി ഖാസിമി, സി.ഐ.സി.പ്രസിഡണ്ട് ടി കെ കാസിം, എഫ്.സി.സി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബ് റഹ്‌മാന്‍ കിഴിശ്ശേരി, ഇസ്ലാഹി സെന്റര്‍ പ്രതിനിധികളായ മുനീര്‍ സലഫി മങ്കട, ഷമീര്‍ വലിയ വീട്ടില്‍, ഐ.സി.എഫ് ജനറല്‍ സെക്രട്ടറി : ബഷീര്‍ പുത്തൂപാടം, ഇന്‍കാസ് വൈസ് പ്രസിഡന്റ് അന്‍വര്‍ സാദത്ത്, സംസ്‌കൃതി വൈസ് പ്രസിഡന്റ് മനാഫ്, ഇന്ത്യന്‍ മീഡിയ ഫോറം പ്രതിനിധി ഓമന കുട്ടന്‍, കള്‍ച്ചറല്‍ ഫോറം പ്രതിനിധി മുനീഷ്,
സാദാത്ത് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് മുഹ്‌സിന്‍ തങ്ങള്‍ ഖത്തര്‍ ഇന്ത്യന്‍ എംബസി അപെക്‌സ് ബോഡി അംഗങ്ങളായ വിനോദ് നായര്‍ , സുബ്രഹ്‌മണ്യ ഹെബഗ്ഗലു , അവിനാഷ് ഗെയ്ക്ക് വാദ് ,
കെ.പി.എ. ക്യ പ്രസിഡന്റ് ഗഫൂര്‍ ,ഐ.സി.എസ് പ്രസിഡന്റ് കെ.ടി.കെ മുഹമ്മദ് , ഹൈദര്‍ ചുങ്കത്തറ ,കെ.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഡോം ഖത്തര്‍ പ്രസിഡണ്ട് മഷ്ഹൂദ് തിരുത്തിയാട്
സന്തോഷ് മലബാര്‍ ഗോള്‍ഡ്, കെഎംസിസി ഉപദേശക സമിതി അംഗങ്ങളായ അബ്ദുള്‍നാസര്‍ നാച്ചി , കുഞ്ഞാലി , എ.പി അബ്ദുറഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു.

സംസ്ഥാന സെക്രട്ടറി റയീസലി വയനാട് അനുശോചന പ്രമേയം അവതരിപ്പിച്ചു.

യുവകലാസാഹിതി പ്രസിഡണ്ട് രാകേഷ് , എംബസി അപെക്‌സ് ബോഡി അംഗങ്ങളായ ദിനേശ് ഗൗഡ , സാബിത്ത് സഹീര്‍ , എസ് വൈ എസ് സംസ്ഥാന ഭാരവാഹി സയ്യിദ് താഹ തങ്ങള്‍ ,
സാദാത് അസോസിയേഷന്‍ പ്രസിഡണ്ട് ജാഫര്‍ തങ്ങള്‍ , ഖത്തര്‍ എഡ്യൂക്കേഷന്‍ മിനിസ്ട്രി ഓഫീസര്‍ ഹാരിസ് മൂടാടി , ഖാഇദേമില്ലത്ത് ഫോറം പ്രസിഡന്റ് മുസ്തഫ കടലൂര്‍ , അഷ്‌റഫ് ഗ്രാന്റ്മാള്‍ , മുന്‍ ഐ ബി പി സി പ്രസിഡന്റ് അസീം അബ്ബാസ് , എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാന ഭാരവാഹികളായ കോയ കൊണ്ടോട്ടി, നസീര്‍ അരീക്കല്‍ അഷ്‌റഫ് കനവത്ത് പരിപാടികള്‍ നിയന്ത്രിച്ചു.

Related Articles

Back to top button
error: Content is protected !!