ഉക്രൈനില്‍ നിന്നും മലയാളികളുള്‍പ്പടെയുളള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ദോഹയിലും ഡല്‍ഹിയിലും തിരിച്ചെത്തി
അമാനുല്ല വടക്കാങ്ങര
ദോഹ : ഭീകരമായ യുദ്ധാന്തരീക്ഷത്തില്‍ നിന്നും രക്ഷപ്പെട്ട് ദോഹയില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ദോഹയിലും ഡല്‍ഹിയിലുമായി വിമാനമിറങ്ങിയതായി പ്രമുഖ പ്രാദേശിക ദിനപത്രമായ ദ പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു. 10 ദിവസത്തിലധികം നീണ്ടുനിന്ന വേദനാജനകമായ അനുഭവത്തിനൊടുവിലാണ് ഖത്തര്‍ ആസ്ഥാനമായുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ രണ്ട് ബാച്ചുകള്‍ ഒടുവില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇന്നലെ പുലര്‍ച്ചയോടെ എത്തിചേര്‍ന്നത്.
ഉക്രെയ്‌നിലെ ഖാര്‍കിവ് സര്‍വ്വകലാശാലയില്‍ നിന്നുള്ള ഈ വിദ്യാര്‍ത്ഥികള്‍ ഒരാഴ്ചയോളം ട്രാന്‍സിറ്റില്‍ ചെലവഴിച്ച് പടിഞ്ഞാറന്‍ ഉക്രെയ്‌നിലെ അതിര്‍ത്തി നഗരമായ ലിവിവിലേക്ക് ട്രെയിന്‍ വഴിയും അവിടെ നിന്ന് ബസില്‍ ഹംഗേറിയന്‍ തലസ്ഥാനമായ ബുഡാപെസ്റ്റിലേക്ക് യാത്ര ചെയ്തുമാണ് രക്ഷപ്പെട്ടത്.
വിദ്യാര്‍ത്ഥികളുടെ സംഘം ശനിയാഴ്ച പുലര്‍ച്ചെ ബുഡാപെസ്റ്റില്‍ എത്തിയെങ്കിലും അതത് ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാനങ്ങളില്‍ കയറുന്നതിന് മുമ്പ് രണ്ട് ദിവസം കൂടി കാത്തിരിക്കേണ്ടി വന്നു. മൂന്ന് വിദ്യാര്‍ത്ഥിനികള്‍ പെഗാസസ് എയര്‍ലൈന്‍സില്‍ ദോഹയിലെത്തി, മറ്റ് വിദ്യാര്‍ത്ഥികളെ എയര്‍ഏഷ്യ ഇന്ത്യ റീപാട്രിയേഷന്‍ ഫളൈറ്റില്‍ ഡല്‍ഹിയില്‍ എത്തിച്ചു.