Breaking News

ഖത്തര്‍ ഓണ്‍ അറൈവല്‍ വിസ, അറിയേണ്ടതെല്ലാം

അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡ് മഹാമാരിയെ തുടര്‍ന്ന് 2020 ല്‍ നിര്‍ത്തിവെച്ചിരുന്ന സൗജന്യ ഓണ്‍ അറൈവല്‍ വിസകള്‍ ഖത്തര്‍ 2021 അവസാനത്തോടെ പുനരാരംഭിച്ചത് ലോകത്തെമ്പാടുമുള്ള നിരവധി പേരാണ് പ്രയോജനപ്പെടുത്തുന്നത്. 90 ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ സൗകര്യമുണ്ട്.

2017 ആഗസ്തിലാണ് 80 ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗജന്യമായി ഓണ്‍ അറൈവല്‍ വിസകള്‍ നല്‍കുന്ന കാര്യം ഖത്തര്‍ പ്രഖ്യാപിച്ചത്. ഗള്‍ഫ് മേഖലയില്‍ ഈ സൗകര്യം നല്‍കുന്ന ഏക രാജ്യമാണ് ഖത്തര്‍.

എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഓണ്‍ അറൈവല്‍ വിസയുമായി ബന്ധപ്പെട്ട നിരവധി ചര്‍ച്ചകളാണ് നടക്കുന്നത്. മുഖ്യമായും കയ്യില്‍ അയ്യായിരം റിയാലിന് തുല്യമായ പണം വേണമെന്നതിന് പകരം ബാങ്ക് കാര്‍ഡ് വേണമെന്ന വ്യവസ്ഥ കണിശമാക്കുന്നുവെന്നത് മാത്രമാണ് പുതിയ മാറ്റമെങ്കിലും ഇന്ത്യയില്‍ നിന്നും വരുന്നവര്‍ക്ക് ഓണ്‍ അറൈവല്‍ വിസയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പരിചയപ്പെടുത്തുകയാണിവിടെ .

യാത്രക്ക് മുമ്പ് രേഖകള്‍ ഇഹ് തിറാസില്‍ സമര്‍പ്പിച്ച് അപ്രൂവല്‍ വാങ്ങണമെന്നതാണ് ആദ്യ നടപടി. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വേണം. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച ഫൈസര്‍, മോഡേണ, അസ്ട്ര സനിക ( കോവി ഷീല്‍ഡ്) ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നിവയോ ഭാഗിഗമായി അംഗീകരിച്ച സിനോഫാം, സിനോവാക്, സ്പുട്നിക്, കോവാക്സിന്‍ എന്നിവയോ പൂര്‍ത്തീകരിച്ചുവെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിനുകളുടെ കാലാവധി പരമാവധി 9 മാസവും ഭാഗിഗമായി അംഗീകരിച്ച വാക്സിനുകളുടെ കാലാവധി പരമാവധി 6 മാസവുമാണ് . ഈ കാലാവധി കഴിഞ്ഞവര്‍ ബൂസ്റ്റര്‍ ഡോസെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജറാക്കേണ്ടി വരും.

യാത്രയുടെ പരമാവധി 48 മണിക്കൂറിനള്ളിലെടുത്ത ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് , ഡിസ്‌കവര്‍ ഖത്തര്‍ മുഖേനയുള്ള ഒരു ദിവസത്തേക്കുള്ള ക്വാറന്റൈന്‍ ബുക്കിംഗ്, റിട്ടേണ്‍ എയര്‍ ടിക്കറ്റ് ,
എന്നാണോ റിട്ടേണ്‍ ടിക്കറ്റുള്ളത് അത്രയും ദിവസത്തേക്കുള്ള ഹോട്ടല്‍ ബുക്കിംഗ് ( രക്ത ബന്ധുക്കള്‍ ഇവിടെയുളളതിന്റെ രേഖകള്‍ ഹാജറാക്കുന്നവര്‍ക്ക് ഇതില്‍ ഇളവ് ലഭിക്കാം.)സ്വന്തം പേരിലുള്ള ഇന്റര്‍നാഷണല്‍ ഡെബിറ്റ് , ക്രെഡിറ്റ് കാര്‍ഡ്, ചുരുങ്ങിയത് 6 മാസമെങ്കിലും വാലിഡിറ്റിയുള്ള എമിഗ്രേഷന്‍ ക്‌ളിയറന്‍സ് ആവശ്യമില്ലാത്ത പാസ്‌പോര്‍ട്ട് എന്നിവയാണ് വേണ്ടത്.

ഇഹ് തിറാസില്‍ അപ്രൂവലിന് അപേക്ഷിക്കുമ്പോള്‍ മൂന്ന് മാസത്തെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് ചോദിക്കുന്നതായാണ് അറിയുന്നത്.

30 ദിവസത്തേക്കാണ് ഓണ്‍ ്അറൈവല്‍ വിസ നല്‍കുന്നത്. ഈ കാലയളവ് അവസാനിക്കുന്നതോടെ 30 ദിവസത്തേക്ക് കൂടി സൗജന്യമായി നീട്ടിനല്‍കുമെന്നതിനാല്‍ മൊത്തത്തില്‍ രണ്ട് മാസം ലഭിക്കും.

Related Articles

Back to top button
error: Content is protected !!