ഓണ്‍ അറൈവല്‍ വിസയില്‍ വരുന്നവര്‍ ചുരുങ്ങിയത് മൂന്ന് ദിവസം മുമ്പെങ്കിലും ഇഹ്തിറാസ് അപ്രൂവലിന് അപേക്ഷിക്കണം
അമാനുല്ല വടക്കാങ്ങര
ദോഹ.ഖത്തറിലേക്ക് ഓണ്‍ അറൈവല്‍ വിസയില്‍ വരുന്നവര്‍ ചുരുങ്ങിയത് മൂന്ന് ദിവസം മുമ്പെങ്കിലും ഇഹ്തിറാസ് അപ്രൂവലിന് അപേക്ഷിക്കണമെന്ന് ട്രാവല്‍ വൃത്തങ്ങള്‍ . അവസാന നിമിഷത്തില്‍ ഇഹ് തിറാസ് അപ്രൂവലിന്റെ അഭാവത്തില്‍ പലര്‍ക്കും യാത്ര മുടങ്ങുന്നതായ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ നിര്‍ദേര്‍ശം. ഓണ്‍ അറൈവല്‍ വിസ സംബന്ധിച്ച പുതിയ അപ്‌ഡേറ്റുകളുടെ അടിസ്ഥാനത്തില്‍ രേഖകള്‍ കണിശമായി പരിശോധിക്കുന്നതായാണ് അറിയുന്നത്.
നേരത്തെ തന്നെ ഇഹ് തിറാസ് അപ്രൂവലിന് അപേക്ഷ കൊടുത്താല്‍ എന്തെങ്കിലും പോരായ്മകളുണ്ടെങ്കില്‍ പരിഹരിക്കാനാകും. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിനെടുത്തവര്‍ 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി. പി.സി.ആര്‍. ഫലം ലഭിക്കുന്ന മുറക്ക് അപ് ലോഡ് ചെയ്താല്‍ മതിയാകും. ബാക്കി രേഖകളൊക്കെ കൃത്യമാണെങ്കില്‍ ആര്‍.ടി. പി.സി.ആര്‍. ഫലം സമര്‍പ്പിച്ചാല്‍ വലിയ താമസമില്ലാതെ അപ്രൂവല്‍ ലഭിക്കും. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം ഭാഗികമായി അംഗീകരിച്ച വാക്‌സിനെടുത്തവര്‍ സെറോളജി ആന്റിബോഡി സര്‍ട്ടിഫിക്കറ്റാണ് സമര്‍പ്പിക്കേണ്ടത്. ഇതിന് ഒരു മാസത്തെ സാധുതയുണ്ട്.
ഇഹ്തിറാസ് അപ്രൂവലില്ലാതെ എയര്‍പോര്‍ട്ടിലെത്തുകയും യാത്ര മുടങ്ങുകയും ചെയ്താല്‍ ഭീമമായ സാമ്പത്തിക നഷ്ടമാണ് സംഭവിക്കുക. മിക്ക ബജറ്റ് എയര്‍ലൈനുകളിലും ടിക്കറ്റ് മാറ്റുന്നതും കാന്‍സല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സങ്കീര്‍ണമാണ്. അവസാന നിമിഷത്തില്‍ ക്വാറന്റൈന്‍ കാന്‍സലായാലും റീഫണ്ട് ലഭിക്കാനിടയില്ല.