ലോകകപ്പ് പ്രവേശന വിസ സംബന്ധിച്ച കരട് തീരുമാനത്തിന് ഖത്തര്‍ മന്ത്രിസഭയുടെ അംഗീകാരം
അമാനുല്ല വടക്കാങ്ങര
ദോഹ. 2022ലെ ഫിഫ ലോകകപ്പ് ഖത്തറിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള എന്‍ട്രി വിസയുമായി ബന്ധപ്പെട്ട ആഭ്യന്തര മന്ത്രാലയത്തിന്റെ കരട് തീരുമാനത്തിന് ഇന്ന് ചേര്‍ന്ന ഖത്തര്‍ കാബിനറ്റ് അംഗീകാരം നല്കി. ഡ്രാഫ്റ്റിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല.
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ അമീരി ദിവാനിലെ ആസ്ഥാനത്ത് ചേര്‍ന്ന ക്യാബിനറ്റിന്റെ പതിവ് പ്രതിവാര യോഗത്തിലാണ് തീരുമാനം.
ഖത്തറിലെ കോവിഡ് സ്ഥിതിഗതികളെക്കുറിച്ച് പൊതുജനാരോഗ്യ മന്ത്രി ഡോ ഹനാന് ബിന്ത് മുഹമ്മദ് അല്‍ കുവാരി വിശദീകരിച്ചു. തുടര്‍ന്ന് വൈറസ് പടരുന്നത് തടയാന്‍ നിലവിലുള്ള നടപടികള്‍ തുടരുമെന്ന് കാബിനറ്റ് സ്ഥിരീകരിച്ചു.
ഒരു ദേശീയ ഉല്‍പ്പന്ന ചിഹ്നത്തിന്റെ ഉപയോഗത്തിനുള്ള ലൈസന്‍സിംഗ് നിയന്ത്രിക്കുന്ന രണ്ട് കരട് നിയമങ്ങള്‍ക്കും അതിന്റെ എക്്സിക്യൂട്ടീവ് ചട്ടങ്ങള്‍ക്കും കാബിനറ്റ് അംഗീകാരം നല്കി.
ദേശീയ ഉല്പന്നങ്ങളെ പിന്തുണയ്ക്കുക, മറ്റ് ഉല്പന്നങ്ങളില് നിന്ന് അവയെ വേര്‍തിരിക്കുക, സര്‍ക്കാര്‍ സംഭരണത്തില്‍ മുന്‍ഗണന നല്‍കുക തുടങ്ങിയ തന്ത്രങ്ങളുമായി പൊരുത്തപ്പെടുന്നതാണ് കരട് നിയമം
മെയ് 30 മുതല്‍ ജൂണ്‍ 6 വരെയുള്ള കാലയളവില്‍ ജര്‍മ്മനിയില്‍ നടക്കുന്ന ഹാനോവര്‍ രാജ്യാന്തര വ്യാവസായിക മേളയില്‍ ഖത്തറിന്റെ പങ്കാളിത്തവും മന്ത്രിസഭ അംഗീകരിച്ചു.