ദീര്‍ഘകാല ഡയാലിസിസ് രോഗികള്‍ക്ക് പുതിയ മരുന്ന് പരീക്ഷിക്കാനൊരുങ്ങി ഹമദ് മെഡിക്കല്‍ കോര്പ്പറേഷന്
അമാനുല്ല വടക്കാങ്ങര
ദോഹ: വ്യത്യസ്ത രക്തഗ്രൂപ്പുകളുള്ള രോഗികള്‍ക്കും ദാതാക്കള്‍ക്കും കൂടുതല്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിന് പുതിയ രീതി അവതരിപ്പിക്കാന്‍ ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്
പൊരുത്തമുള്ള ദാതാവിനെ കണ്ടെത്താതെ 10 വര്‍ഷമായി ഡയാലിസിസിന് വിധേയരാവുന്ന രോഗികള്‍ക്ക് പുതിയ മരുന്ന് ഉപയോഗിക്കുമെന്ന് എച്ച്എംസിയുടെ ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടറും ഖത്തര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്റര്‍ മേധാവിയുമായ ഡോ. യൂസഫ് അല്‍ മസ്ലമാനിയെ ഉദ്ധരിച്ച് പ്രമുഖ പ്രാദേശിക ദിനപത്രം ദ പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.
‘പോസിറ്റീവ് ക്രോസ്-മാച്ച് ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ ദാതാവിന്റെ വൃക്കയ്ക്കെതിരെ ആന്റിബോഡികള്‍ ഉള്ള മുതിര്‍ന്നവരില്‍ ട്രാന്സ്പ്ലാന്റേഷന് മുമ്പ് മരുന്ന് ഉപയോഗിക്കുന്ന രീതിയാണ് പരീക്ഷിക്കുക.
ഇത് പുതിയതായി മാറ്റിവയ്ക്കപ്പെട്ട വൃക്കയെ നിരസിക്കുന്നതില്‍ നിന്നും ശരീരത്തെ തടയും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രായോഗികമായി, വൃക്ക ദാതാക്കള്‍ക്ക് അവരുടെ സ്വീകര്‍ത്താവിന് അനുയോജ്യമായ രക്തഗ്രൂപ്പ് ഉണ്ടായിരിക്കണം. മിക്ക ആളുകളുടെയും രക്തത്തില്‍ സ്വാഭാവിക ആന്റിബോഡികള്‍ ഉണ്ട്. ഇത് അവരുടെ രോഗപ്രതിരോധ സംവിധാനത്തിന് മറ്റൊരു രക്തഗ്രൂപ്പിലുള്ള ഒരാളുടെ അവയവം നിരസിക്കാന്‍ കാരണമാകും.ഡോ. അല്‍ മസ്ലമാനി പറയുന്നതനുസരിച്ച്, പൊരുത്തപ്പെടുന്ന ദാതാവിനായി വര്‍ഷങ്ങളോളം കാത്തിരിക്കുന്ന രോഗികളുടെ വൃക്കമാറ്റ സാധ്യത വര്‍ദ്ധിപ്പിക്കാന്‍ ഈ മരുന്ന് സഹായകമാകും.
ചില രോഗികള്‍ക്ക് ഇമ്യൂണോഗ്ലോബുലിന്‍ ജി (ഐജിജി) ആന്റിബോഡികള്‍ ഉള്‍പ്പെടെ ദാതാവിന്റെ ടിഷ്യുവിനെതിരെ പൊരുതാന്‍ ശേഷിയുള്ള ആന്റിബോഡികള്‍ (അണുബാധകളെയും മറ്റ് വിദേശ കോശങ്ങളെയും ചെറുക്കുന്ന രക്തത്തിലെ പ്രോട്ടീനുകള്‍) ഉണ്ട്. ഇത് അവരുടെ ശരീരം ദാതാവിന്റെ അവയവത്തെ നിരസിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. മരുന്നിലെ സജീവ പദാര്‍ത്ഥം, ഇംലിഫിഡേസ്, ഒരു എന്‍സൈം (ഒരു പ്രോട്ടീന്‍) ആണ്, അത് ഐജിജി ആന്റിബോഡികളെ തകര്‍ക്കുന്നു, അതുവഴി ദാതാവിന്റെ വൃക്കയെ ശരീരം നിരസിക്കാനുള്ള സാധ്യത കുറയ്ക്കുമെന്ന് ഡോ. മസ് ലമാനി വിശദീകരിച്ചു .
2019 മെയ് മുതല്‍ രക്തഗ്രൂപ്പുമായി പൊരുത്തപ്പെടാത്ത ദാതാവും സ്വീകര്‍ത്താവും ഉള്‍പ്പെട്ട അവയവമാറ്റ ശസ്ത്രക്രിയ വിജയകരമായി നടത്തുന്ന ലോകത്തിലെ ചുരുക്കം ചില അവയവമാറ്റ കേന്ദ്രങ്ങളില്‍ ഒന്നാണ് ഹമദ് മെഡിക്കല്‍ കോര്പറേഷന് .
ഓരോ വര്‍ഷവും കുറഞ്ഞത് 250 പുതിയ ഡയാലിസിസ് രോഗികളുമായി എന്‍ഡ്-സ്റ്റേജ് വൃക്കരോഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍, ഖത്തറിലെ ഏക ഡയാലിസിസ് ദാതാവായ ഹമദ് മെഡിക്കല്‍ കോര്പറേഷന് അതിന്റെ സേവനങ്ങള്‍ വിപുലീകരിക്കുകയാണ് .
നിലവില്‍ 1050 പേര് ഹീമോഡയാലിസിസും 275 പേര് പെരിറ്റോണിയല്‍ ഡയാലിസിസുമാണ് നടത്തുന്നത്. രക്തത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യുന്ന ഡയലൈസര്‍ എന്ന പ്രത്യേക ഫില്‍ട്ടറുള്ള ഒരു ഡയാലിസിസ് മെഷീന് ഉപയോഗിച്ചാണ് ഹീമോഡയാലിസിസ് ചെയ്യുന്നത്, (ആഴ്ചയില്‍ മൂന്ന് തവണ ഹീമോഡയാലിസിസ് നടത്തുന്നു) അതേസമയം പെരിറ്റോണിയല്‍ ഡയാലിസിസ് രക്തം ഫില്‍ട്ടര്‍ ചെയ്യാന്‍ വയറിലെ ആവരണമാണ് ഉപയോഗിക്കുന്നത്.