യുണീഖ് നഴ്‌സസ് ദിനാഘോഷം ശ്രദ്ധേയമായി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ കൂട്ടായ്മയായ യുനൈറ്റഡ് നഴ്‌സസ് ഓഫ് ഇന്ത്യ ഖത്തര്‍ (യുണീഖ്) സംഘടിപ്പിച്ച നഴ്‌സസ് ദിനാഘോഷം സംഘാടകമികവിലും പങ്കാളിത്തത്തിലും ശ്രദ്ധേയമായി . ഖത്തറിലെ ഗവണ്മെന്റ്, സെമി ഗവണ്മെന്റ്, സ്വകാര്യ മേഖലകളിലെ വിവിധ ആശുപത്രികളിലും ക്ലിനിക്കുകളിലും ജോലി ചെയ്യുന്ന അഞ്ഞൂറോളം നഴ്‌സുമാരും അവരുടെ കുടുംബങ്ങളുമാണ് ബിര്‍ള പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തത്.
ഇന്ത്യന്‍ അംബാസിഡര്‍ ദീപക് മിത്തല്‍ പരിപാടി ഉല്‍ഘാടനം ചെയ്തു. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആക്ടിങ് ചീഫ് നഴ്‌സിംഗ് ഓഫീസര്‍ മറിയം അല്‍ മുതവ്വ ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു.
യൂണിക് പ്രസിഡന്റ് മിനി സിബി,വര്‍ക്കിംഗ് സെക്രട്ടറി നിസാര്‍ ചെറുവത്ത്, ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍
സംബന്ധിച്ചു.
കോവിഡ് കാലത്തെ പ്രത്യേക സേവനത്തിനുള്ള യൂണിക് എക്‌സലന്‍സ് അവാര്‍ഡുകള്‍ക്ക് 17നഴ്‌സുമാര്‍ അര്‍ഹരായി.
പെയിന്റിംഗ് മത്സരത്തില്‍ ഖത്തര്‍ റെഡ് ക്രെസന്റിലെ അബ്ദുല്‍ കരീം ആസാദ് വിജയിയായി. കലാ പരിപാടികള്‍, ഷോര്‍ട് ഫിലിം, ഖത്തറിലെ പ്രമുഖ മ്യൂസിക് ബാന്‍ഡ് ആയ ഫങ്കാര്‍ ബീറ്റ്‌സിന്റെ സംഗീത നിശ, കുട്ടികള്‍ക്കായുള്ള പരിപാടികളും ഖത്തറിലെ ഇന്ത്യന്‍ നഴ്‌സുമാര്‍ക്കായി യൂണിക് ഒരുക്കിയിരുന്നു.
നാലര വര്‍ഷക്കാലത്തെ യൂണികിന്റെ ‘ഗോള്‍ഡന്‍ ജൈത്ര യാത്ര’ വൈസ് പ്രസിഡന്റ് ലുത്ഫി കലമ്പന്‍ അവതരിപ്പിച്ചു.
ട്രഷറര്‍ മുഹമ്മദ് അമീര്‍ നന്ദി പറഞ്ഞു.