ഖത്തറില്‍ പത്തു ലക്ഷം വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതി ലോക കപ്പോടെ പൂര്‍ത്തിയാക്കും
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിന്റെ പരിസ്ഥിതി സംരംക്ഷണവും സന്തുലിതാവസ്ഥയും ഉറപ്പുവരുത്തുന്നതിനുളള പത്തു ലക്ഷം വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതി ലോക കപ്പോടെ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍.
ഖത്തറിലെ റോഡുകളുടെയും പൊതുസ്ഥലങ്ങളുടെയും സൗന്ദര്യവല്‍ക്കരണത്തിനായുള്ള സൂപ്പര്‍വൈസറി കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മരം നടല്‍ കാമ്പയിന്‍ പുരോഗമിക്കുന്നത്. 2019 സെപ്തംബറില്‍ ആരംഭിച്ച പത്തു ലക്ഷം വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്ക് വമ്പിച്ച പിന്തുണയാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ചത്. 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ ദോഹയില്‍ നടക്കുന്ന ഫിഫ 2022 ലോക കപ്പിന് മുന്നോടിയായി ഈ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പത്തു ലക്ഷം വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കുന്ന സുപ്രധാന പദ്ധതി ഉടന്‍ ലക്ഷ്യം കൈവരിക്കുമെന്ന് ഖത്തര്‍ പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രി ഷെയ്ഖ് ഡോ: ഫാലഹ് ബിന്‍ നാസ്സര്‍ ബിന്‍ അഹ്‌മദ് അല്‍ താനി ഈയിടെ പ്രസ്താവിച്ചിരുന്നു.
‘ലോക കപ്പോട് കൂടി ഒരു മില്ല്യണ്‍ വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യം ഞങ്ങള്‍ പൂര്‍ത്തിയാക്കും. ഇതിനുശേഷം 2030 ഓട് കൂടി ഒരു കോടി (പത്തു മില്ല്യണ്‍) വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കുക എന്ന പദ്ധതിയുമായി മുന്നോട്ട് പോകും. ഇത് നേരത്തെ പ്രഖ്യാപിച്ച പദ്ധതിയാണ്,’ സ്റ്റോക്ക്‌ഹോമില്‍ നടന്ന അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.
പരിസ്ഥിതി സംരക്ഷണം എല്ലാവരുടെയും കൂട്ടുത്തരവാദിത്വമാണെന്നും വേള്‍ഡ് കപ്പ് പരിസ്ഥിതി-സൗഹൃദമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഒരു മില്ല്യണ്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാമ്പയ്ന്‍ നടത്തിയിരുന്നു. വിദേശ എംബസികളും നിരവധി സ്ഥാപനങ്ങളും കമ്പനികളും പദ്ധതിയുടെ ഭാഗമായി മരങ്ങള്‍ നട്ടുപിടിപ്പിച്ചു.
പദ്ധതി ഗിന്നസ് ബുക്കിലും ഇടം നേടി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഖത്തറിലെ 66 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഒരേ സമയം ചെടികള്‍ നട്ടാണ് റെക്കോര്‍ഡ് സൃഷ്ട്ടിച്ചത്.
2030 ഓട് കൂടി ഒരു കോടി മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതോടെ ഖത്തറിന്റെ മുഖച്ഛായ തന്നെ മാറും.
മരുഭൂമിയെ പച്ച പുതപ്പിക്കുകയും ഹരാഭമാക്കുകയും ചെയ്യുകയെന്ന മഹത്തായ ആശയവുമായി മാതൃകാപരമായ മുന്നേറ്റമാണ് ഖത്തര്‍ നടത്തുന്നത്.