
കുവാഖ് സാഹിത്യ പുരസ്‌കാരം – 2022 ‘ പ്രദീപ് മണ്ടൂരിന്റെ ‘കുത്തൂടിന്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ കണ്ണൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ കണ്ണൂര്‍ യുണൈറ്റഡ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ സാഹിത്യ പുരസ്‌കാരത്തിനു പ്രദീപ് മണ്ടൂരിന്റെ ‘കുത്തൂട്’ എന്ന നാടകം അര്‍ഹമായി. ഓരോ വര്‍ഷവും സാഹിത്യത്തിന്റെ വിവിധ മേഖലകളെ പരിഗണിച്ചുകൊണ്ടാണ് ‘കുവാഖ് സാഹിത്യ പുരസ്‌കാരം’ എന്ന പേരില്‍ അവാര്‍ഡ് നല്‍കുന്നത്. ഈ വര്‍ഷം നാടക രചനകളായിരുന്നു പുരസ്‌കാരത്തിനായി പരിഗണിച്ചിരുന്നത്.
കേരളത്തിലെ സജീവ നാടകപ്രവര്‍ത്തകനായ പ്രദീപ് മണ്ടൂര്‍ ഇതിനു മുന്‍പും നാടക രചനക്ക് കേരളത്തിലെ സംഘടനകളുടെയും പ്രവാസിസംഘടനകളുടേതുമായി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
നാടകകൃത്തുക്കളും സംവിധായകരുമായ മണിയപ്പന്‍ ആറന്മുള, ശശിധരന്‍ നടുവില്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരത്തിന് അര്‍ഹമായ രചന തിരഞ്ഞെടുത്തത്. പ്രശസ്തിപത്രവും ക്യാഷ് അവാര്‍ഡുമാണ് പുരസ്‌കാരമായി നല്‍കുക.