ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ ഉജ്വല തുടക്കം
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ ഉജ്വല തുടക്കം. അശോക ഹാളിലെ നിറഞ്ഞ സദസ്സില്‍ കമ്മ്യൂണിറ്റി നേതാക്കളോടൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ഉദ്ഘാടനം ചെയ്തു.
സംഗീതവും നൃത്തവും പെയ്തിറങ്ങിയ ആഘോഷം ഇന്ത്യന്‍ സംസ്‌കൃതിയുടെ മഹദ് ഗുണങ്ങളും പാരമ്പര്യങ്ങളും അടയാളപ്പെടുത്തി.
ആഗസ്റ്റ് ഒന്നുമുതല്‍ 19 വരെ ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യമടയാളപ്പെടുത്തുന്ന വ്യത്യസ്ത പരിപാടികളാണ് അരങ്ങേറുക.ഈ പരിപാടികളില്‍ ഐസിസിയുടെ വിവിധ അനുബന്ധ സംഘടനകള്‍, ഇന്ത്യന്‍ സോഷ്യോ കള്‍ച്ചറല്‍ ഗ്രൂപ്പുകള്‍, ഇന്ത്യന്‍ സ്‌കൂളുകള്‍, ബ്ലൂ കോളര്‍ ജീവനക്കാര്‍ എന്നിവര്‍ സജീവമായും സ്വമേധയാ പങ്കെടുക്കും. എല്ലാ കമ്മ്യൂണിറ്റികളിലേക്കും കൂടുതല്‍ വിപുലമായി എത്തിച്ചേരുന്നതിന് വേണ്ടിയാണ് ഈ പരിപാടികളെല്ലാം വിവിധ സ്ഥലങ്ങളില്‍ ആസൂത്രണം ചെയ്തിരിക്കുന്നത് . ദോഹ, അല്‍ ഖോര്‍, അല്‍ വക്ര, ഖത്തറിലെ ഏഷ്യന്‍ ടൗണ്‍ ലേബര്‍ സിറ്റി എന്നിവിടങ്ങളില്‍ മെഗാ ആഘോഷങ്ങളുടെ ഭാഗമായി സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും.
ആഘോഷ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് ആഗസ്റ്റ് 19-ന് ഇന്ത്യയില്‍ നിന്നുള്ള പ്രശസ്തമായ ഡാനിഷ് ഹുസൈന്‍ ബദയുനി ഖവ്വാലി ഗ്രൂപ്പ് ഖവാലി അവതരിപ്പിക്കും.