ഖത്തറിലെ താമസ വാടക വര്‍ദ്ധന താല്‍ക്കാലികം, അടുത്ത വര്‍ഷത്തോടെ വാടക കുറയും
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ താമസ വാടക വര്‍ദ്ധന താല്‍ക്കാലികം മാത്രമാണെന്നും അടുത്ത വര്‍ഷത്തോടെ വാടക കുറയുമെന്നും റിപ്പോര്‍ട്ട്.
സിറ്റി സ്കേപ്പ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് 2022 പ്രകാരം രാജ്യത്ത് നിലവില്‍ കാണുന്ന വാടക വര്‍ദ്ധനവ് 2023-ല്‍ കുറയുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. അടുത്ത വര്‍ഷത്തെ ഖത്തറിന്റെ റിയല്‍ എസ്റ്റേറ്റ് വിപണിയെക്കുറിച്ചും ഫിഫ ലോകകപ്പ് പ്രോപ്പര്‍ട്ടി മേഖലയില്‍ എന്ത് സ്വാധീനം ചെലുത്തുമെന്നും റിപ്പോര്‍ട്ട് വിശദമായി വിശകലനം ചെയ്യുന്നുണ്ട്.
ഖത്തറില്‍ ഇപ്പോഴുള്ള താമസ വാടക വര്‍ദ്ധനവ് ലോക കപ്പ് കാരണമാണെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഡിമാന്റ് ആന്റ് സപ്ളൈ ആണ് ലോകത്ത് എല്ലാ വസ്തുക്കളുടേയും വില നിശ്ചയിക്കുന്നത്. ആവശ്യക്കാര്‍ കുറയുന്നതോടെ അടുത്ത വര്‍ഷം വാടക കുറയും. മാത്രമല്ല നിരവധി പുതിയ ഫ്ളാറ്റുകളും വില്ലകളും ഈ വര്‍ഷം നിര്മിച്ചതിനാല് സപ്ളൈ കൂടുന്നതിനാല്‍ വാടക കുറയാനാണ് സാധ്യത.
ഖത്തറിലെ പല മേഖലകളിലും വാണിജ്യ വിപണിയിലും പ്രവര്‍ത്തനത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്, പ്രത്യേകിച്ച് ലുസൈലില്‍, എന്നിരുന്നാലും വിപണിയിലെ പൊതുവായ അമിത വിതരണമാണ് വാടക നിലവാരത്തെ ഇപ്പോഴും ബാധിക്കുന്നത്.
കൂടുതല്‍ കമ്പനികളും താമസക്കാരും ലുസൈലിലേക്ക് മാറുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. എന്നിരുന്നാലും നിരവധി കെട്ടിടങ്ങള്‍ ഇപ്പോഴും കാലിയായിക്കിടക്കുന്നത് വാടക കുറയാന്‍ കാരണമായേക്കും
2022-ല്‍ റെസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റ് പ്രവര്‍ത്തനത്തിലുണ്ടായ കുതിച്ചുചാട്ടത്തിന് മുഖ്യ കാരണം ലോകകപ്പ് സൃഷ്ടിക്കുന്ന അധിക ഡിമാന്‍ഡ് തന്നെയാകാം.
2010 നും 2022 നും ഇടയില്‍ അഭൂതപൂര്‍വമായ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ഖത്തറില്‍ നടന്നത്. നിരവധി അപാര്‍ട്മെന്റുകളും വില്ലകളും മാളുകളും ഹോട്ടലുകളും ഓഫീസ് കെട്ടിടങ്ങളും നിര്‍മിച്ചു.
2015 ന് ശേഷം ആദ്യമായാണ് ഖത്തറില്‍ വാടക വര്‍ധിക്കുന്നതെന്നും റിപ്പോര്‍ട്ട് പറഞ്ഞു.
ലോക കപ്പിന് മുമ്പ് ഇനിയും വാടക വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അവസരം മുതലെടുക്കാനും അടുത്ത വര്‍ഷം ഉണ്ടാകാന്‍ സാധ്യതയുള്ള വാടക ഇടിവ് പ്രതിരോധിക്കാനും ചില കെട്ടിട ഉടമകള്‍ രണ്ട് വര്‍ഷത്തെ കരാര്‍ ആവശ്യപ്പെടുന്നതായും റിപ്പോര്‍ട്ട് പറയുന്നു.
വാടകയില്‍ സുസ്ഥിരത ഉണ്ടാകുന്നതുവരെയും നിര്‍മിക്കപ്പെട്ട കെട്ടിടങ്ങള്‍ക്ക് ആവശ്യക്കാര്‍ ഉണ്ടാകുന്നത് വരെയും പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ ഇടിവ് സംഭവിക്കുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
2022 ന്റെ ആദ്യ പാദത്തില്‍ വാടകയില്‍ 5-7 ശതമാനം വര്‍ധനയുണ്ടായതിനെത്തുടര്‍ന്ന്, 2022 നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നടക്കുന്ന ഫിഫ ലോകകപ്പ് ഖത്തറുമായി ബന്ധപ്പെട്ട ഡിമാന്‍ഡിലെ വര്‍ദ്ധനവ് ഭൂവുടമകള്‍ മുതലെടുത്തതിനാല്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ റെസിഡന്‍ഷ്യല്‍ വാടകയുടെ വര്‍ദ്ധനവ് ത്വരിതപ്പെടുത്തിയതായി റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു.