ഖത്തര്‍ ഇന്ത്യന്‍ സ്കൂള്‍ യൂത്ത് ഫെസ്റ്റിവല്‍ കലാഞ്ജലി 2022 സെപ്തംബര്‍ 12 മുതല്‍
അമാനുല്ല വടക്കാങ്ങര
ദോഹ. നാളെയുടെ നക്ഷത്രങ്ങളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ മീഡിയ പെന്‍ , ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍, റേഡിയോ മലയാളം 98.6 എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഖത്തറിലെ കലാമാമാങ്കം ‘ കലാഞ്ജലി 2022 സെപ്തംബര്‍ 12 മുതല്‍ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളില്‍ നടക്കും. 4 ദിവസം നീണ്ടുനില്‍ക്കുന്ന കലാമാമാങ്കത്തില്‍ ഖത്തറിലെ വിവിധ ഇന്ത്യന്‍ സ്കൂളുകളില്‍ നിന്നായി നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ മാറ്റുരക്കും.
കലാമേളയില്‍ ഉയര്‍ന്ന പോയന്റ് നേടുന്ന പെണ്‍കുട്ടിയെയും ആണ്‍കുട്ടിയെയും കലാതിലകം കലാപ്രതിഭ പട്ടം നല്കി ആദരിക്കുമെന്നും മത്സര ഇനങ്ങളില്‍ ഉയര്‍ന്ന പോയന്റ് കരസ്ഥമാക്കുന്ന വിദ്യാലയത്തിന് റോളിങ്ങ് ട്രോഫി നല്കി കലാഞ്ജലി 2022 ന്റെ ജേതാക്കളായി പ്രഖ്യാപിക്കുമെന്നും സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
കലാഞ്ജലി 2022 ന്റെ ഓര്‍ഗനൈസിംഗ് കമ്മറ്റി ചെയര്മാന് ഹസ്സന് ചോഗ്ലേ (പ്രസിഡന്റ് ഡി പി എസ് എം ഐ എസ്) , പ്രസിഡന്റ് ഡോ. എം.പി ഹസ്സന് കുഞ്ഞി ( പ്രസിഡന്റ് ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍) ജനറല്‍ കണ്‍വീനര്‍ ബിനുകുമാര്‍ ജി ജനറല്‍ മാനേജര്‍, മീഡിയ പെന്‍, മീഡിയ കണ്‍വീനര്‍ അന്‍വര്‍ ഹുസൈന് സി ഇ ഒ റേഡിയോ മലയാളം 98.6, അസ്സോസിയേറ്റ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് ഇബ്റാഹിം എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ സംബന്ധിച്ചു.