ലോകത്തെ മികച്ച എയര്‍ലൈനുള്ള സ്‌കൈട്രാക്സിന്റെ എയര്‍ലൈന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഏഴാം തവണയും സ്വന്തമാക്കി ഖത്തര്‍ എയര്‍വേയ്സ്
അമാനുല്ല വടക്കാങ്ങര
ദോഹ: വ്യോമയാന ചരിത്രത്തില്‍ സവിശേഷമായ സ്ഥാനം അടയാളപ്പെടുത്തി ലോകത്തെ മികച്ച എയര്‍ലൈനുള്ള സ്‌കൈട്രാക്സിന്റെ എയര്‍ലൈന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഏഴാം തവണയും സ്വന്തമാക്കി ഖത്തര്‍ എയര്‍വേയ്സ്. അന്താരാഷ്ട്ര എയര്‍ ട്രാന്‍സ്പോര്‍ട്ട് റേറ്റിംഗ് ഓര്‍ഗനൈസേഷനായ സ്‌കൈട്രാക്‌സിന്റെ ഈ അത്യപൂര്‍വ ബഹുമതി സ്വന്തമാക്കുന്ന ആദ്യ വിമാന കമ്പനിയാണ് ഖത്തര്‍ എയര്‍വേയ്സ്. 2011, 2012, 2015, 2017, 2019, 2021, 2022 വര്‍ഷങ്ങളിലാണ് ഖത്തര്‍ എയര്‍വേയ്സ് ‘എയര്‍ലൈന്‍ ഓഫ് ദ ഇയര്‍’ ആയി തിരഞ്ഞെടുക്കപ്പെട്ടത്. സില്‍വര്‍ ജൂബലി ആഘോഷിക്കുന്ന ഖത്തര്‍ എയര്‍വേയ്‌സിന്റെ വളര്‍ച്ചയുടെ തൊപ്പിയിലെ പൊന്‍തൂവലുകളാണ് കഴിഞ്ഞ ദിവസം ലണ്ടനില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ തുന്നിച്ചേര്‍ത്തത്.
സ്‌കൈട്രാക്സിന്റെ പരിപാടിയില്‍ ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ്, ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ് ലോഞ്ച് ഡൈനിംഗ്, മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍ലൈന്‍ എന്നീവ 3 പുരസ്‌കാരങ്ങളും ഖത്തര്‍ എയര്‍വേയ്‌സ് നേടിയെടുത്തത് യാത്രക്കാര്‍ക്ക് മികച്ച സേവനങ്ങളും സൗകര്യങ്ങളും നല്‍കി അവരുടെ വിശ്വാസവും പിന്തുണയുമാര്‍ജിച്ചാണ് .
എയര്‍ലൈനിന്റെ പ്രീമിയം ക്യാബിനിലെ പേറ്റന്റ് നേടിയ ക്യുസ്യൂട്ട് ആറാം വര്‍ഷവും ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസായി തിരഞ്ഞെടുക്കപ്പെട്ടു. ഖത്തര്‍ എയര്‍വേയ്‌സിന്റെ ആസ്ഥാനമായ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ചിലെ അല്‍ മൗര്‍ജാന്‍ ലോഞ്ച് അതിന്റെ മികച്ച പാചക മികവിന് അംഗീകരിക്കപ്പെടുകയും ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ് ലോഞ്ച് ഡൈനിംഗ് പുരസ്‌കാരം നേടുകയും ചെയ്തു.
ആഗോള വ്യോമയാനരംഗത്ത് മാത്രമല്ല, ഉയര്‍ന്ന മത്സര മേഖലയിലും അതിന്റെ മുന്‍നിര പങ്കിന് കൂടുതല്‍ അംഗീകാരം നല്‍കിക്കൊണ്ട്, മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍ലൈനായും ഖത്തര്‍ എയര്‍വേയ്സിനെ പ്രഖ്യാപിച്ചതും ഇരട്ടി മധുരം സമ്മാനിക്കുന്ന നേട്ടമായി.
ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈന്‍ എന്ന പദവി നേടുകയെന്നത് ഖത്തര്‍ എയര്‍വേയ്സ് രൂപീകരണം മുതല്‍ തന്നെ ലക്ഷ്യമായിരുന്നു, എന്നാല്‍ ഏഴാം തവണയും അത് നേടുകയും മൂന്ന് അധിക അവാര്‍ഡുകള്‍ സ്വന്തമാക്കുകയും ചെയ്യുകയെന്നത് അഭിമാനകരമായ നേട്ടമാണെന്ന് ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു. ഞങ്ങളുടെ അവിശ്വസനീയമായ ജീവനക്കാരുടെ കഠിനാധ്വാനവും സമര്‍പ്പണവുമാണ് ഈ പുരസ്‌കാരങ്ങള്‍ നേടാന്‍ സഹായിച്ചത്. ഞങ്ങള്‍ക്ക് വോട്ട് ചെയ്ത ഞങ്ങളുടെ എല്ലാ യാത്രക്കാര്‍ക്കും ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുകയും അവരുടെ വിശ്വസ്തതയെ വിലമതിക്കുകയും ചെയ്യുന്നതായി അല്‍ ബാക്കര്‍ പറഞ്ഞു.
കോവിഡ് പാന്‍ഡെമിക്കിലുടനീളം സ്ഥിരമായി പറന്ന ഏറ്റവും വലിയ എയര്‍ലൈനാണ് ഖത്തര്‍ എയര്‍വേയ്സ്, അവരുടെ ശൃംഖല ഒരിക്കലും 30 ലക്ഷ്യസ്ഥാനങ്ങളില്‍ താഴെയായില്ല, 2022 ലെ എയര്‍ലൈന്‍ എന്ന ബഹുമതി ഈ നിശ്ചയദാര്‍ഢ്യത്തിനുളള പൊതുജനസാക്ഷ്യമാണെന്ന് സ്‌കൈട്രാക്‌സിലെ എഡ്വേര്‍ഡ് പ്ലാസ്റ്റഡ് പറഞ്ഞു. ഖത്തര്‍ എയര്‍വേയ്സ് ഏഴാം തവണയും ഈ ഉയര്‍ന്ന അംഗീകാരം നേടുന്നത് അതുല്യവും ശ്രദ്ധേയവുമായ നേട്ടമാണ്, ഈ വിജയത്തിന് ഞങ്ങള്‍ അവരെ അഭിനന്ദിക്കുന്നു, അദ്ദേഹം പറഞ്ഞു.
‘ഏവിയേഷന്‍ ഇന്‍ഡസ്ട്രിയുടെ ഓസ്‌കാര്‍’ എന്ന് പരക്കെ അറിയപ്പെടുന്ന അവാര്‍ഡുകള്‍, 2021 സെപ്റ്റംബര്‍ മുതല്‍ 2022 ഓഗസ്റ്റ് വരെയുള്ള 12 മാസങ്ങളിലായി ശേഖരിച്ച 14 ദശലക്ഷത്തിലധികം യോഗ്യതയുള്ള എന്‍ട്രികളിലൂടെയാണ് തെരഞ്ഞെടുത്തത്.
സ്‌കൈട്രാക്സ് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡുകള്‍ സ്വതന്ത്രവും നിഷ്പക്ഷവുമാണ്. ആഗോളതലത്തിലുള്ള ഉപഭോക്തൃ സംതൃപ്തി പഠനം നല്‍കുന്നതിനായി 1999 മുതല്‍ ഈ പുരസ്‌കാരങ്ങള്‍ നല്‍കുന്നുണ്ട്.