Uncategorized

ലക്ഷദ്വീപ് വിഷയത്തില്‍ നിയമസഭാ പ്രമേയം: പ്രവാസി കോര്‍ഡിനേഷന്‍ കമ്മറ്റി സ്വാഗതം ചെയ്തു

ലക്ഷദ്വീപ് ജനതയുടെ തനതും സൈ്വര്യവുമായ ജീവിതത്തെ തകിടം മറിക്കാനും കുല്‍സിത രാഷ്ട്രീയ അജണ്ടകളും കോര്‍പ്പറേറ്റ് താത്പര്യങ്ങളും അടിച്ചേല്‍പ്പിക്കാനുമുള്ള കുടില നീക്കങ്ങള്‍ക്കെതിരെ കേരളാ നിയമസഭ ഐകകണ്‌ഠേന പാസ്സാക്കിയ പ്രമേയത്തെ ഖത്തറിലെ വിവിധ സംഘടനകളുടെ ഐക്യവേദിയായ പ്രവാസി കോര്‍ഡിനേഷന്‍ കമ്മറ്റി സ്വാഗതം ചെയ്തു.

ജനങ്ങളുടെ ഉപജീവനത്തിന് അടിസ്ഥാനമായി നില്‍ക്കുന്ന മത്സ്യബന്ധനത്തെ തകര്‍ക്കുന്ന നടപടി, മറ്റു ജോലികളില്‍ നിന്ന് പിരിച്ചുവിടല്‍, സര്‍ക്കാര്‍ കരാറുകളും മറ്റും കുത്തകകള്‍ക്ക് കൈമാറല്‍, ജനങ്ങളുടെ ഭക്ഷണ രീതി നിയന്ത്രിക്കല്‍, ഡയറിഫാമുകള്‍ പൂട്ടല്‍, തെരെഞ്ഞെടുപ്പില്‍ അയോഗ്യരാക്കല്‍, ഒട്ടും കുറ്റകൃത്യങ്ങള്‍ ഇല്ലാതെ ഇന്ത്യക്ക് മാതൃകയായ ഇവിടെ ഗുണ്ടാ ആക്ട് നടപ്പാക്കല്‍, കള്ളക്കേസില്‍ കുടുക്കി അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ തുടങ്ങി ജനതയുടെ സൈ്വര ജീവിതത്തെയും അവരുടെ സംസ്‌കാരത്തെയും ഇഞ്ചിഞ്ചായി ഇല്ലാതാക്കുന്ന ഒട്ടേറെ നടപടികള്‍ക്കാണ് ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ നേതൃത്വം നല്‍കുന്നത്.

ഇത്തരം ജനാധിപത്യ വിരുദ്ധ നീക്കത്തിനെതിരെ ദ്വീപ് സമൂഹത്തോടൊപ്പം കേരള ജനത ഒറ്റക്കെട്ടാണെന്ന സന്ദേശമാണ് നിയമസഭ പാസ്സാക്കിയ പ്രമേയമെന്നും കമ്മറ്റി അഭിപ്രായപ്പെട്ടു. നാടിന്റെ ജനാധിപത്യത്തിലും നാനാത്വത്തില്‍ ഏകത്വത്തിലും വിശ്വസിക്കുന്ന ആളുകളുടെ പിന്തുണ ലക്ഷദ്വീപ് വാസികള്‍ക്ക് ഏറിവരികയാണ്.
ഈ വിഷയത്തില്‍ ദ്വീപ് നിവാസികള്‍ക്ക് ശക്തി പകരാനാവശ്യമായ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തുവരികയാണ് പ്രവാസി കോര്‍ഡിനേഷന്‍ കമ്മറ്റി.
യോഗത്തില്‍ അഡ്വക്കറ്റ് നിസാര്‍ കോച്ചേരി, എസ്.എ.എം ബഷീര്‍, ജോപ്പച്ചന്‍ തെക്കെക്കുറ്റ്, കെ.സി. അബ്ദുല്‍ ലത്തീഫ്, എ.സുനില്‍കുമാര്‍, വി.സി. മശ്ഹൂദ്, സമീര്‍ ഏറാമല, ഷാജി ഫ്രാന്‍സിസ്, അഡ്വ. ജാഫര്‍ ഖാന്‍, ഖലീല്‍ പരീത്, താജ് ആലുവ, ഡോ. ലിയാക്കത്തലി, അഹമദ് കടമേരി, ബഷീര്‍ പുത്തൂപാടം, യു.ഹുസൈന്‍ മുഹമ്മദ് , അബ്ദുല്ലത്തീഫ് നല്ലളം, ഫൈസല്‍ വാടാനപ്പളി, അശ്ഹദ് ഫൈസി, ആര്‍.എസ് അബ്ദുല്‍ ജലീല്‍, ഇസ്മയില്‍ ഹുദവി, സമീല്‍ ചാലിയം, പ്രദോഷ്, മുഹമ്മദ് ഫൈസല്‍, അബദുറഊഫ് കൊണ്ടോട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles

Back to top button
error: Content is protected !!