ഫിഫ 2022 ലോകകപ്പിലെ ഖത്തര്‍ ടീമിനെ ആവേശം കൊള്ളിച്ച് അയ്യായിരത്തിലധികം ആരാധകര്‍
അമാനുല്ല വടക്കാങ്ങര
ദോഹ മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി നടക്കുന്ന ഫിഫ 2022 ലോകകപ്പിലെ ആതിഥേയരായ ഖത്തര്‍ ടീമിന്റെ പരിശീലനത്തിന് ആരാധക പ്രവാഹം. ഇന്നലെ വൈകുന്നേരം അയ്യായിരത്തിലധികം ആരാധകരാണ് ടീമിനെ വേശം കൊള്ളിച്ച് സദ്ദ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. ആദ്യമായാണ് നാഷണല്‍ ഖത്തറില്‍ ആരാധകരുടെ മുമ്പില്‍ പരിശീലനത്തിനെത്തിയത്. നവംബര്‍ 20 ന് അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ കായികലോകം കാത്തിരിക്കുന്ന ഫിഫ 2022 വിന്റെ ആവേശോജ്വലമായ ഉദ്ഘാടന മല്‍സരത്തില്‍ ഇക്വഡോറുമായാണ് ഫെലിക്സ് സാഞ്ചസിന്റെ അന്നാബിപ്പട ഏറ്റുമുട്ടുക.
കഴിഞ്ഞ നാല് മാസമായി, ഏഷ്യന്‍ ചാമ്പ്യന്മാര്‍ സ്‌പെയിനിലും ഓസ്ട്രിയയിലും പരിശീലന ക്യാമ്പുകളിലായിരുന്നു. അവിടെ അവര്‍ കാനഡ, ചിലി, ജമൈക്ക എന്നിവയ്ക്കെതിരെയും ഘാനയുടെ പ്രാദേശിക ദേശീയ ടീമിനെതിരെയും ഹൈബ്രിഡ് സൗഹൃദ മത്സരങ്ങള്‍ കളിച്ചു.
അബ്ദുല്‍കരീം ഹസ്സനാണ് ആദ്യം കളത്തിലെത്തിയത്. ടീമിലെ മറ്റുള്ളവര്‍ക്ക് വരുന്നതിന് മുമ്പ് ആരാധകര്‍ അദ്ദേഹത്തെ ഊഷ്മളമായി സ്വീകരിച്ചു. പിന്നീട് കളിക്കാര്‍ ഓരോരുത്തരായി കളത്തിലിറങ്ങിയപ്പോള്‍ ആരാധകര്‍ ആവേശത്താല്‍ ആര്‍ത്തുവിളിച്ച് തങ്ങളുടെ സ്‌നേഹവും പിന്തുണയുമറിയിച്ചു.
കോച്ച് ഫെലിക്സ് സാഞ്ചസിനൊപ്പം ഒരു ഹ്രസ്വ ടീം മീറ്റിംഗോടെ ആരംഭിച്ച പരിശീലനത്തിന്റെ ഭാഗമായി ഒരു കൂട്ടം മാധ്യമ പ്രതിനിധികള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കാനും കളിക്കാര്‍ സമയം കണ്ടെത്തി.