IM Special

അബ്ദുസ്സമദ് ദ അയണ്‍ മാന്‍

അമാനുല്ല വടക്കാങ്ങര

ജീവിതത്തില്‍ സാഹസികതകള്‍ ഇഷ്ടപ്പെടുന്നവരേറെയാണ് . പലരും പല തരത്തിലുളള സാഹസിക കൃത്യങ്ങള്‍ നടത്തി സ്വന്തം സായൂജ്യമടയുന്നതോടൊപ്പം മറ്റുള്ളവരെ പ്രചോദിപ്പിക്കാനും ശ്രദ്ധിക്കാറുണ്ട്. കോഴിക്കോട് ജില്ലയിലെ വാണിമേല്‍ സ്വദേശിയായ അബ്ദുസ്സമദ് തന്റെ ജീവിത സപര്യകളിലൂടെ സാഹസികതയുടെ വ്യത്യസ്ത തലങ്ങളില്‍ തിളങ്ങുമ്പോള്‍ ആത്മവിശ്വാസവും വ്യവസ്ഥാപിതമായ തയ്യാറെടുപ്പുകളും പ്രൊഫഷണല്‍ പരിശീലനവും നേടിയാല്‍ ആര്‍ക്കും ഉയരങ്ങള്‍ കീഴടക്കാമെന്ന മഹത്തായ സന്ദേശമാണ് സ്വന്തം ജീവിതാനുഭവങ്ങളിലൂടെ സമൂഹത്തിന് നല്‍കുന്നത്.

വാണിമേലിലെ ഗ്രാമീണ പരിസരത്ത് ജനിച്ച് വളര്‍ന്ന സാധാരണക്കാരനായ വിദ്യാര്‍ഥിയായിരുന്നു അബ്ദുസ്സമദ്. സ്‌കൂള്‍ , കോളേജ് ജീവിത കാലത്തൊന്നും കായിക രംഗത്തോ മറ്റേതെങ്കിലും മേഖലയിലോ കാര്യമായ സാഹസികതകളൊന്നും കാണിച്ചില്ല. പ്‌ളസ് ടു പാസായ ശേഷം ബാംഗ്‌ളൂരില്‍ നിന്നും എയര്‍ലൈന്‍ മെയിന്റനന്‍സ് എഞ്ചിനീയറിംഗില്‍ ഡിപ്‌ളോമയെടുത്ത് ഡല്‍ഹിയില്‍ 6 മാസത്തെ പരിശീലനവും പൂര്‍ത്തിയാക്കിയാണ് 2011 ല്‍ ഖത്തറിലെത്തിയത്. എയര്‍ലൈന്‍ മെയിന്റനന്‍സ് മേഖലയില്‍ ജോലിക്ക് ശ്രമിച്ചെങ്കിലും നടന്നില്ല.

അങ്ങനെയാണ് 2013 ല്‍ ഖത്തറിന്റെ കായിക കേന്ദ്രമായ ആസ്പയറില്‍ ഹെല്‍പ് ഡെസ്‌ക് ജീവനക്കാരനായി ജോലിക്ക് ചേര്‍ന്നത്. ക്രമേണ സപ്പോര്‍ട്ട് സ്റ്റാഫായി ഉയര്‍ന്ന അദ്ദേഹം പ്രവാസത്തിന്റെ സുഖലോലുപതയില്‍ ആകൃഷ്ടനായി മടിയനാവാതെ കൂടുതല്‍ ക്രിയാത്മകമായാണ് ജീവിതം ധന്യമാക്കിയത്.

2019 ല്‍ വാണിമേലില്‍ നിന്നും ലഡാക്കിലേക്ക് ബുള്ളറ്റില്‍ സോളോ യാത്ര നടത്തിയാണ് സമദ് നാട്ടുകാരേയും കൂട്ടുകാരെയുമൊക്കെ ഞെട്ടിച്ചത്. സമദിലെ ഉറങ്ങിക്കിടന്ന സാഹസികന്റെ ഉയര്‍ത്തെഴുനേല്‍പ്പായിരുന്നു അത്. 26 ദിവസം ബുള്ളറ്റില്‍ സഞ്ചരിച്ചാണ് തന്റെ കാശ്മീര്‍ യാത്ര സമദ് പൂര്‍ത്തിയാക്കിയത്.

2018 ല്‍ നടത്തിയ മണാലി ട്രിപ്പില്‍ നിന്നുമാണ് കാശ്മീര്‍ യാത്രയെന്ന ആശയമുദിച്ചതെന്നും കാശ്മീരിലേക്ക് ബൈക്ക് യാത്ര നടത്തിയ പല ചെറുപ്പക്കാരുടേയും അനുഭവം തനിക്ക് പ്രചോദനം നല്‍കിയെന്നും സമദ് പറഞ്ഞു.

 

കാശ്മീര്‍ യാത്ര കഴിഞ്ഞ് വന്ന സമദ് തീര്‍ത്തും ഒരു പുതിയ മനുഷ്യനായിരുന്നു. ജീവിതത്തില്‍ എന്തൊക്കെയോ നേടാനുണ്ടെന്നും ഇതാണ് അതിന്റെ സമയമെന്നും തിരിച്ചറിഞ്ഞ അദ്ദേഹം ഓരോ ഘട്ടത്തിലും പുതിയ സാഹസികതകളുമായി നമ്മെ വിസ്മയിപ്പിക്കുകയായിരുന്നു. ഖത്തറിന്റെ പ്രധാന കായിക കേന്ദ്രങ്ങളിലൊന്നായ ആസ്പയറിലെ കായികാന്തരീക്ഷവും സമദെന്ന സാഹസികനെ രൂപപ്പെടുത്തുന്നതില്‍ പങ്ക് വഹിച്ചെന്ന് വേണം കരുതാന്‍. കായിക ലേകത്തെ വിസ്മയങ്ങളും നേട്ടങ്ങളുമൊക്കെ ആഘോഷിക്കുന്ന ആസ്പയറിലെ കരിയര്‍ സമദിനെ എന്തൊക്കെയോ അല്‍ഭുതങ്ങള്‍ക്ക്് സജ്ജമാക്കുന്നുണ്ടായിരുന്നു.

ഖത്തറിലെ മലയാളി മോട്ടിവേഷണല്‍ സ്പീക്കറും സാഹസികനുമായ അയണ്‍മാന്‍ അബ്ദുന്നാസറിന്റെ അനുഭവങ്ങള്‍ സമദിനെ ഏറെ പ്രചോദിപ്പിച്ചുവെന്നുവേണം കരുതാന്‍. 2020 ല്‍ ലോകം കോവിഡ് മഹാമാരിയുടെ പിടിയലമരുകയും പൊതുജീവിതം നിശ്ചലമാവുകയും ചെയ്തപ്പോള്‍ സമദ് ലോകം കീഴടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ട്രയത്ത്‌ലോണ്‍ വിജയിച്ച് അയണ്‍മാനാകണമെന്ന മോഹം മനസിലുദിച്ചു. ദോഹ ട്രയത്ത്‌ലോണ്‍ ക്‌ളബ്ബില്‍ ചേര്‍ന്ന് പരിശീലനമാരംഭിച്ചു. ദീര്‍ഘദൂരം പ്രൊഫഷണലായി നീന്താനും ഓടാനും സൈക്കിള്‍ ചവിട്ടാനുമൊക്കെ സമയം കണ്ടെത്തി. നല്ല ട്രെയിനറെ കിട്ടിയതിനാല്‍ ലക്ഷ്യം നിശ്ചയിക്കാനും അതിനായി തയ്യാറാവാനും എളുപ്പമായി. അങ്ങനെ ചെറിയ ക്‌ളബ്ബ് ഈവന്റുകളില്‍ പങ്കെടുത്ത് ആത്മവിശ്വാസവും തന്റേടവും സ്വന്തമാക്കുകയും 2022 മാര്‍ച്ചില്‍ ദുബൈയില്‍ 70.3 കിലോമീറ്ററിന്റെ ഹാല്‍ഫ് അയണ്‍മാന്‍ പൂര്‍ത്തിയാക്കി.ലുസൈലില്‍ നടന്ന സ്പ്രിന്റ് ട്രയത്‌ലണിലുംം ദുബൈ ട്രയത് ലണിലും പങ്കെടുത്ത പരിചയവും ആത്മവിശ്വാസവും കൈമുതലാക്കി 6 മാസത്തിന് ശേഷമാണ് ഇറ്റലിയില്‍ നടന്ന ഫുള്‍ അയണ്‍മാന്‍ മല്‍സരത്തില്‍ വിജയിച്ച് ലോകാംഗീകാരം നേടിയത്.

കരയിലും കടലിലും കരവിരുതോടെ സഞ്ചരിച്ചാണ് ഏറെ വെല്ലുവിളി നിറഞ്ഞ ട്രയത്‌ലോണ്‍ പൂര്‍ത്തിയാക്കേണ്ടത്. ഈ സാഹസിക അങ്കം പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് അയണ്‍മാന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുക. മനസും ശരീരവും ഇരുമ്പിന്റെ കരുത്തും ചടുലതയും പ്രകടിപ്പിക്കുമ്പോള്‍ ഏത് വെല്ലുവിളിയും അതിജീവിക്കാനാകുമെന്നാണ് ഈ മല്‍സര വിജയികള്‍ ലോകത്തോട് വിളിച്ച് പറയുന്നത്.

3800 മീറ്റര്‍ നീന്തുക, തുടര്‍ന്ന് 180 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടുക, തുടര്‍ന്ന് 42.2 മീറ്റര്‍ ഓടുക എന്നതായിരുന്നു അയണ്‍മാന്‍ മല്‍സരത്തിനുണ്ടായിരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 2300 പേരുള്ള മല്‍സരത്തില്‍ ഇരുപത്തൊന്ന് ഇന്ത്യക്കാരാണ് ഉണ്ടായിരുന്നു. ഈ സംഘത്തിലെ മലയാളി സാന്നിധ്യം എന്ന നിലക്ക് അബ്ദുസ്സമദ് ഏറെ ശ്രദ്ധിക്കപ്പെട്ടു. 16 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കേണ്ട ദൗത്യം 14 മണണിക്കൂറില്‍ പൂര്‍ത്തിയാക്കി സമദ് വിജയക്കൊടി പാറിച്ചു.

2021 ല്‍ പര്‍വതാരോഹണ രംഗത്തും ഭാഗ്യം പരീക്ഷിച്ച സമദ് ആഫ്രിക്കന്‍ ഉപഭൂഖണ്ഡത്തിലും ഏറ്ററവും ഉയരം കൂടിയ കിളിമഞ്ചാരോ കൊടുമുടി കീഴടക്കി.

2022 ല്‍ യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ റഷ്യയിലെ മൗണ്ട് എല്‍ബ്രസിലെത്തി പര്‍വതാരോഹണവും തനിക്ക് കഴിയുമെന്ന് തെളിയിച്ചു.

ജീവിതത്തിലെ ഏത് രംഗത്ത് വിജയിക്കണമെങ്കിലും ആത്മവിശ്വാസവും പ്രൊഫഷണല്‍ പരിശീലനവുമാണാവശ്യം. സമയം കാര്യക്ഷമമായി ഉപയോഗപ്പെടുത്തുകയും പ്രൊഫഷണല്‍ ട്രെയിനിംഗ് നേടുകയും ചെയ്യുന്നതോടൊപ്പം ശാരീരിക ക്ഷമതയും ഉറപ്പുവരുത്തണം. ഫിറ്റ്‌നസും സ്റ്റാമിനയും നിലനിര്‍ത്തിയാല്‍ വിസ്മയകരമായ പ്രകടനങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ എളുപ്പമാകുമെന്ന് സമദ് പറഞ്ഞു.

വാണിമേലിലെ അമ്മദ് ഹാജിയുടെയും ഖദീജയുടേയും മൂത്ത മകനാണ് അബ്ദുസ്സമദ്. ഹഫ്‌സത്താണ് ഭാര്യ. നഷ നെര്‍മിന്‍, നാദിഷ് അഹ് മദ് എന്നിവര്‍ മക്കളാണ് .

Related Articles

Back to top button
error: Content is protected !!