
അഞ്ച് മുതല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ എല്‍എന്‍ജി വ്യാപാരിയായി ഖത്തര്‍ എനര്‍ജി മാറും
അമാനുല്ല വടക്കാങ്ങര
ദോഹ: അഞ്ച് മുതല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ എല്‍എന്‍ജി വ്യാപാരിയായി ഖത്തര്‍ എനര്‍ജി മാറുമെന്ന് ഊര്‍ജകാര്യ സഹമന്ത്രിയും ഖത്തര്‍ എനര്‍ജി പ്രസിഡന്റും സിഇഒയുമായ സഅദ് ബിന്‍ ഷെരീദ അല്‍ കഅബി അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് തലസ്ഥാനത്ത് നടക്കുന്ന ലണ്ടന്‍ എനര്‍ജി ഇന്റലിജന്‍സ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഖത്തര്‍ എനര്‍ജി പ്രതിവര്‍ഷം ഏകദേശം അഞ്ച് മുതല്‍ പത്ത് ദശലക്ഷം ടണ്‍ വരെ എല്‍എന്‍ജി വില്‍ക്കുന്നു, അടുത്ത അഞ്ച് മുതല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ കമ്പനി ലോകത്തിലെ ഏറ്റവും വലിയ എല്‍എന്‍ജി വ്യാപാരിയായി മാറും,അല്‍ കാബി പറഞ്ഞു.
വരും കാലയളവില്‍ ഖത്തറിന്റെ വന്‍തോതിലുള്ള വാതക ഉല്‍പ്പാദനം യൂറോപ്പിലേക്ക് അയക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഖത്തര്‍ എനര്‍ജി വിജയകരമായ ഒരു പങ്കാളിത്ത മാതൃക സ്വീകരിച്ചു, അത് നിലവിലെ സ്ഥാനത്ത് നിര്‍ത്തുകയും ഒറ്റയ്ക്ക് ഈ ദൗത്യം ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കുകയും ചെയ്തു.
‘ഖത്തര്‍ എനര്‍ജി അതിന്റെ ബിസിനസ്സ് പൂര്‍ണ്ണമായും വാണിജ്യാടിസ്ഥാനത്തിലാണ് ചെയ്യുന്നതെന്നും അത് ഒരു സര്‍ക്കാര്‍ കമ്പനിയല്ലെന്നും’അദ്ദേഹം പറഞ്ഞു.
അടുത്ത ഏതാനും വര്‍ഷങ്ങളില്‍ ഊര്‍ജ വില ഉയര്‍ന്ന നിലയില്‍ തുടരുമെന്നാണ് കരുതുന്നതെന്ന് അല്‍ കഅബി പറഞ്ഞു.
ചടങ്ങില്‍ എനര്‍ജി ഇന്റലിജന്‍സിന്റെ 2022ലെ ‘എനര്‍ജി എക്സിക്യൂട്ടീവ് ഓഫ് ദ ഇയര്‍’ അവാര്‍ഡ് അല്‍ കഅബിക്ക് സ്വീകരിച്ചു.