Breaking News

ഫിഫ 2022 ലോകകപ്പിനായി അമ്പതിലധികം വിനോദ പരിപാടികളുമായി കത്താറ

അമാനുല്ല വടക്കാങ്ങര

ദോഹ: ഫിഫ 2022 ലോകകപ്പിന്റ മുഴുവന്‍ സമയത്തും ആരാധകരെ രസിപ്പിക്കുന്നതിനായി അമ്പതിലധികം വിനോദ പരിപാടികളുമായി കത്താറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ രംഗത്ത് .

വ്യത്യസ്തവും ആവേശകരവുമായ കത്താറ ആഘോഷങ്ങള്‍ ലോകകപ്പിനെത്തുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്ക് മികച്ച അനുഭവങ്ങള്‍ സമ്മാനിക്കുമെന്ന് കത്താറ ജനറല്‍ മാനേജര്‍ പ്രൊഫ. ഡോ. ഖാലിദ് ഇബ്രാഹിം അല്‍ സുലൈത്തി, കത്താറയുടെ ഇവന്റ്സ് ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്സ് ഡയറക്ടര്‍ ഖാലിദ് അല്‍ സെയ്ദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഖത്തറി സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും ഉജ്ജ്വലമായ വശങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതോടൊപ്പം ലോകകപ്പിന്റെ വൈകാരിക തലങ്ങളും ആഘോഷങ്ങള്‍ പ്രതിഫലിപ്പിക്കും.

ലോകകപ്പ് ആഘോഷങ്ങളില്‍ സാംസ്‌കാരികവും കലാപരവും പൈതൃകവും സര്‍ഗാത്മകവുമായ പരിപാടികള്‍ ഉണ്ടാകും. 22 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ 300 ലധികം പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന 51 ഇവന്റുകളാണ് കത്താറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ അണിയിച്ചൊരുക്കുന്നത്.
ഉത്സവങ്ങള്‍, കച്ചേരികള്‍, പ്രദര്‍ശനങ്ങള്‍, തത്സമയ ഷോകള്‍, ഇവന്റുകള്‍ എന്നിങ്ങനെ അഞ്ച് പ്രധാന വിഭാഗങ്ങളായി തിരിച്ചിരിക്കുന്ന പരിപാടികള്‍ നവംബര്‍ 18 മുതല്‍ ഡിസംബര്‍ 18 വരെയാണ് അരങ്ങേറുക. സംസ്‌കാരം, കല, കായികം എന്നിവ സമന്വയിപ്പിക്കുന്ന സാംസ്‌കാരിക ഗ്രാമമായി കത്താറ മാറുമെന്ന് ”ഡോ. അല്‍ സുലൈത്തി പറഞ്ഞു.

‘ലോക കപ്പിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ അറബ്, മിഡില്‍ ഈസ്റ്റേണ്‍ രാജ്യമെന്ന നിലയില്‍ ഖത്തറിന്റെ ആധികാരിക സംസ്‌കാരത്തിന്റെയും പാരമ്പര്യങ്ങളുടെയും തിളക്കമാര്‍ന്ന വശം അവതരിപ്പിക്കാനുള്ള അസാധാരണമായ അവസരമാണിത്. നമ്മുടെ സംസ്‌കാരം, മൂല്യങ്ങള്‍, സമൂഹം എന്നിവയുമായി സന്ദര്‍ശകര്‍ക്ക് അടുത്ത് പരിചയപ്പെടാന്‍ അവസരമൊരുക്കുകയെന്നതും കത്താറ ആഘോഷങ്ങള്‍ ലക്ഷ്യമിടുന്നു. അദ്ദേഹം തുടര്‍ന്നു.

കത്താറയുടെ എല്ലാ സൗകര്യങ്ങളും തെരുവുകളും ഈ കാലയളവില്‍ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളോടെ തുടര്‍ച്ചയായ ആഘോഷ മൂഡിലായിരിക്കും. ഇത് വിദേശ സന്ദര്‍ശകര്‍ക്ക് ഖത്തറിന്റെ സംസ്‌കാരം, പൈതൃകം, വ്യക്തിത്വം എന്നിവ ഉല്‍കൊള്ളാന്‍ സഹായകമാകും. ഉയര്‍ത്തിക്കാട്ടുന്നതിന് സംഭാവന നല്‍കും. ‘നിരവധി പരിപാടികളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ഞങ്ങളുടെ അതിഥികള്‍ക്ക് അവിസ്മരണീയവും ആസ്വാദ്യകരവുമായ ചില നിമിഷങ്ങള്‍ സമ്മാനിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അവര്‍ തങ്ങളുടെ ഏറ്റവും മികച്ചതും സന്തോഷകരവുമായ ചില നിമിഷങ്ങള്‍ ഞങ്ങളോടൊപ്പം ചെലവഴിക്കുന്നുവെന്നുറപ്പുവരുത്താനാണ് ഞങ്ങള്‍ പരിശ്രമിക്കുന്നത്, അല്‍ സെയ്ദ് പറഞ്ഞു.

സംസ്‌കാരം പുനഃസ്ഥാപിക്കാനും നാടോടി പൈതൃകം സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ള പുരാതന സമുദ്ര ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കത്താറ അന്താരാഷ്ട്ര പരമ്പരാഗത ദൗ ഫെസ്റ്റിവലിന്റെ 12-ാമത് എഡിഷനും ഇതിന്റെ ഭാഗമാണ്. ലോകകപ്പിലെ അതിഥികള്‍ക്ക് സാംസ്‌കാരികവും ജനപ്രിയവുമായ പൈതൃകം അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ഖത്തറിന്റെ പൂര്‍വ്വികരുടെ പാരമ്പര്യം ഫെസ്റ്റിവല്‍ പ്രദര്‍ശിപ്പിക്കും.

കത്താറയിലെ എല്ലാ തെരുവുകളിലും നടക്കുന്ന തെരുവ് കലാമേളയും പരിപാടികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, കൂടാതെ കലാകാരന്മാര്‍ക്കും അഭിനേതാക്കള്‍ക്കും സംഗീതജ്ഞര്‍ക്കും അവരുടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ വ്യക്തിഗതമായോ കൂട്ടായോ സ്വതന്ത്രമായി അവതരിപ്പിക്കാനും അവസരം നല്‍കും.

 

Related Articles

Back to top button
error: Content is protected !!