പ്രൊഫസര്‍ എം. അബ്ദുല്‍ അലി : വൈജ്ഞാനിക നവോത്ഥാനത്തിന് സമര്‍പ്പിച്ച ജീവിതം
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ന് രാവിലെ ഈ ലോകത്തോട് വിടപറഞ്ഞ പ്രൊഫസര്‍ എം. അബ്ദുല്‍ അലി വൈജ്ഞാനിക നവോത്ഥാനത്തിന് സമര്‍പ്പിച്ച ജീവിതത്തിന്റെ നേര്‍സാക്ഷ്യമായിരുന്നു. കഴിഞ്ഞ ഒരാഴ്ചക്ക് മുമ്പ് കോഴിക്കോട് മിംസ് ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിക്കുന്നതുവരെയും വൈജ്ഞാനിക സാംസ്‌കാരിക ജീവകാരുണ്യ മേഖലകളിലൊക്കെ സജീവ സാന്നിധ്യമടയാളപ്പെടുത്തിയാണ് സംഭവബഹുലമായ ജീവിത യാത്രയില്‍ നിന്നും അദ്ദേഹം വിടവാങ്ങിയത്.
ഖത്തര്‍, സൗദി അറേബ്യ, ബഹറൈന്‍, ഒമാന്‍ എന്നിവിടങ്ങളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം വൈജ്ഞാനിക നവോത്ഥാനത്തിന് സമര്‍പ്പിച്ച ജീവിതത്തിന്റെ ഉടമയാണ് . സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിലൊക്കെ ശ്രദ്ധേയമായ സംഭാവനകളര്‍പ്പിച്ച അദ്ദേഹം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ശാരീരിക അവശതകളാല്‍ പ്രയാസപ്പെട്ടപ്പോഴും സമൂഹത്തിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തെക്കുറിച്ച് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്താണ് ജീവിതം ധന്യമാക്കിയത്.
കാലത്തിനൊത്ത വിദ്യാഭ്യാസവും ധാര്‍മിക മികവും പുലര്‍ത്തുന്ന ഒരു സമൂഹമാണ് ലോകം തെടുന്നതെന്നും ഈ രംഗത്ത് സോദ്ദേശ്യപരമായ നിരന്തര പരിശ്രമങ്ങളുണ്ടാവണമെന്നുമായായിരുന്നു പ്രൊഫസര്‍ എന്നും വിശ്വസിച്ചത്.
ശാന്തപുരം ഇസ് ലാമിയ കോളേജില്‍ ഇംഗ്‌ളീഷ് അധ്യാപകനായാണ് പൊഫസര്‍ എം. അബ്ദുല്‍ അലി അധ്യാപന രംഗത്തേക്ക് കടന്നുവന്നത്. കോളേജ് പ്രിന്‍സിപ്പലായിരുന്ന മുഹമ്മദ് അബുല്‍ ജലാല്‍ മൗലവി, അധ്യാപകനായിരുന്ന എന്‍.എം. ഷരീഫ് മൗലവി എന്നിവരുമായുള്ള സഹവാസം അദ്ദേഹത്തിന്റ ചിന്താരംഗത്തെ സ്വാധീനിച്ചു.
തിരൂരങ്ങാടി പി.എസ്. എം. ഒ. കോളേജിലെ ചരിത്രവിഭാഗം പ്രൊഫസറായിരിക്കെ ഖുര്‍ആന്‍ ശാസ്ത്ര സെമിനാറുകളിലെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം ദിനപത്രങ്ങളിലെ സ്ഥിരം കോളമിസ്റ്റായിരുന്നു. 1989 ലാണ് കോളേജില്‍ നിന്നും ലീവെടുത്ത് പ്രവാസലോകത്തെത്തിയത്. 89 – 90 കാലത്ത് ബഹറൈനിലെ ഇബ്‌നു ഹൈതം സ്‌കൂളിലായിരുന്നു തുടക്കം. 90 മുതല്‍ 92 വരെ മസ്‌കത്തിലും 1992 മുതല്‍ 2003 വരെ ഖത്തറിലും 2003 മുതല്‍ 2015 വരെ സൗദി അറേബ്യയിലുമാണ് പ്രൊഫസര്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചത്.
ഖത്തറില്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിന്റെ ഹെഡ്മാസ്റ്ററും പബ്‌ളിക് റിലേഷന്‍സ് ഓഫീസറുമായി സേവനമനുഷ്ടിച്ച അദ്ദേഹം നിരവധി സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു. ഗള്‍ഫിന്റെ സാംസ്‌കാരിക പൈതൃകങ്ങളെ പൊതുവിലും ഖത്തര്‍ ചരിത്രം വിശേഷിച്ചും കേന്ദ്രീകരിച്ച് അദ്ദേഹം തയ്യാറാക്കിയ ഗവേഷണ പ്രബന്ധങ്ങള്‍ ഖത്തറിലെ പ്രമുഖ ഇംഗ്‌ളീഷ് ദിനപത്രമായ ഗള്‍ഫ് ടൈംസില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.
ഖത്തര്‍ ജീവിതകാലത്ത് എസ്.എ.എം.ബഷീര്‍,ഡോ. മുഹമ്മദുണ്ണി ഒളകര, കെ.വി. അബ്ദുല്ലക്കുട്ടി, മഹ് മൂദ് മാട്ടൂല്‍ തുടങ്ങിയ സമാന ചിന്താഗതിക്കാരുമായി ചേര്‍ന്ന് അദ്ദേഹം രൂപീകരിച്ച മിഡില്‍ ഈസ്റ്റ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്‍ ശ്രദ്ധേയമായ പല പരിപാടികളും സംഘടിപ്പിച്ചു.
പില്‍ക്കാലത്ത് ഈ കൂട്ടായ്മ നിര്‍ജീവമായപ്പോഴാണ് സാമൂഹ്യ രംഗത്തെ ശ്രദ്ധേയരായ കുറച്ച് ചെറുപ്പക്കാരെ ഉള്‍പ്പെടുത്തി ഗള്‍ഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്‍ ( ഗിഫ) രൂപീകരിക്കുകയും പ്രധാനപ്പെട്ട നിരവധി പരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
പല കാരണങ്ങളാല്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന അര്‍ഹരായ പ്രതിഭകളെ കണ്ടെത്തി ആദരിക്കുകയും അവര്‍ക്ക് സാധ്യമാകുന്ന പ്രോല്‍സാഹനങ്ങള്‍ നല്‍കുകയും ചെയ്യുന്നതിന്റെ ഭാഗമായി രൂപീകരിച്ച സംഘടനയാണ് ഗള്‍ഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്‍ .വിദ്യാഭ്യാസ വിചക്ഷണനും സാമൂഹ്യ നവോത്ഥാന നായകനുമായ പ്രൊഫസര്‍ എം. അബ്ദുല്‍ അലിയുടെ നേതൃത്വത്തില്‍ ഖത്തറില്‍ രൂപീകൃതമായ ഈ കൂട്ടായ്മ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ സജീവമാണ് .അര്‍ഹരായ പ്രതിഭകളെ കണ്ടെത്തി പ്രോല്‍സാഹിപ്പിക്കുകയും സമൂഹത്തിന് ബുദ്ധിപരമായ നേതൃത്വം നല്‍കുകയും ചെയ്യുന്ന ഈ കൂട്ടായ്മ വിദ്യാഭ്യാസ രംഗത്തും സാഹിത്യ രംഗത്തും വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിക്കാറുള്ളത്. ഗള്‍ഫിലും നാട്ടിലുമായി ചെറുതും വലുതുമായ നിരവധി പരിപാടികളാണ് ഈ സംഘടനയുടെ കീഴില്‍ നടന്നത്.
വൈജ്ഞാനികമായും ചിന്താപരമായും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതോടൊപ്പം സാധാരണക്കാരുടെ നീറുന്ന പ്രശ്്നങ്ങളും പ്രൊഫസര്‍ അബ്ദുല്‍ അലിയുടെ പരിഗണന വിഷയമായിരുന്നു. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ടിറങ്ങിയ അദ്ദേഹം ജനസേവനത്തിന്റെ പുത്തന്‍ മാതൃകകളാണ് തന്റെ ജീവിതം കൊണ്ട് അടയാളപ്പെടുത്തിയത്.വിദ്യാഭ്യാസ ചിന്താ മണ്ഡലങ്ങളില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തിയ പ്രൊഫസര്‍ അബ്ദുല്‍ അലി സമൂഹത്തിന്റെ വൈജ്ഞാനിക നവോത്ഥാനത്തിന്റേയും സാംസ്‌കാരിക പുരോഗതിയുടേയും മുന്നണിപ്പോരാളിയാണ് . നാട്ടിലും ഗള്‍ഫിലും അദ്ദേഹം തുടങ്ങിവെച്ച വിദ്യാഭ്യാസ വിപ്ളവം വളര്‍ന്നു പന്തലിക്കുകയാണ്.
1945 ല്‍ ഇ.എം. ബീരാന്‍ കോയ മൗലവിയുടേയും എം.കെ. തായുമ്മയുടേയും മകനായി ഫറോക്കിനടുത്ത പൊറ്റക്കാടാണ് പ്രൊഫസര്‍ എം. അബ്ദുല്‍ അലി ജനിച്ചത്. പൊറ്റക്കാട് മാപ്പിള സ്‌കൂള്‍, ചാലിയം ഇമ്പിച്ചി ഹൈസ്‌കൂള്‍, ഫാറൂഖ്് കോളേജ്, അലിഗര്‍ മുസ് ലിം യൂണണിവേര്‍സിറ്റി എന്നിവിടങ്ങളില്‍ പഠനം.
ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി തിരൂരങ്ങാടി പി.എസ്. എം. ഒ. കോളേജില്‍ അധ്യാപകനായി . രണ്ടര പതിറ്റാണ്ടോളം അധ്യാപകനായും പ്രൊഫസറായും ഗൈഡായുമൊക്കെ സേവനമനുഷ്ടിച്ച ശേഷമാണ് ഗള്‍ഫിലെത്തിയത് .
4 കൃതികളും നിരവധി ഗവേഷണ പ്രബന്ധങ്ങളും ഒട്ടനേകം ലേഖനങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ മെന്റല്‍ഹെല്‍ത്ത് ആന്റ് സ്പിരിച്വലിസം എന്ന കൃതി പ്രസിദ്ധീകരിച്ചത് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയമായിരുന്നു.
ഏഴാകാശവും ദൈവിക സിംഹാസനവും , മുഹമ്മദ് നബി ബൈബിള്‍ പരാമര്‍ശങ്ങളില്‍, നാശം വിതക്കുന്ന മദ്യം എന്നിവയാണ് മറ്റു പ്രധാന കൃതികള്‍.
നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഖത്തര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആന്റി സ്‌മോക്കിംഗ് സൊസൈറ്റിയുടെ രൂപീകരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും ധൈഷണികമായ പിന്തുണ നല്‍കിയ അദ്ദേഹത്തെ 2016 ല്‍ സംഘടന ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, ടി.വി. ഇബ്രാഹീം എം.എല്‍.എ എന്നിവരുടെ സാന്നിധ്യത്തില്‍ സൊസൈറ്റി ഗ്‌ളോബല്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദുണ്ണി ഒളകരയാണ് പുരസ്‌കാരം സമ്മാനിച്ചത്.