
സിജി ടീന്‍ എയ്‌സ് സ്റ്റുഡന്റ് ക്ലബ്ബിനു തുടക്കമായി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട ഉപരിപഠനം, മികച്ച തൊഴില്‍ ക്ഷമത, സാമൂഹിക നേതൃഗുണം എന്നിവ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ സെന്റര്‍ ഫോര്‍ ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) ടീന്‍ എയ്‌സ് സ്റ്റുഡന്റ് ക്ലബ്ബ് രൂപീകരിച്ചു. എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ക്ലബ് ലോഞ്ചിംഗ് പ്രോഗ്രാം ഖത്തര്‍ യൂണിവേഴ്‌സിറ്റി പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ചര്‍ ഡോ. ദീപലക്ഷ്മി പൊന്നമ്മ ഉദ്ഘാടനം ചെയ്തു.
ലോക വിദ്യാഭ്യാസ റാങ്കിങ്ങില്‍ മുന്നിലുള്ള ഖത്തര്‍ സര്‍വകലാശാലയിലും മിഡില്‍ ഈസ്റ്റിലെ മറ്റു സര്‍വ്വകലാശാലകളിലും ഒട്ടേറെ പഠന ഗവേഷണ സാധ്യതകള്‍ നിലവിലുണ്ടെന്നും ഖത്തര്‍ നാഷണല്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് പോലുള്ള ഈ രംഗത്തെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ പ്രവാസി വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വരണമെന്നും ഡോ. പൊന്നമ്മ പറഞ്ഞു. മാതാപിതാക്കളുടെ സ്വപ്നങ്ങള്‍ക്ക് അനുസരിച്ച് മക്കളെ പരുവപ്പെടുത്തുന്നതിന് പകരം മക്കളുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും അവര്‍ ഉദ്‌ബോധിപ്പിച്ചു.
ക്ലബ്ബ് അംഗങ്ങള്‍ക്കുള്ള പരിശീലന സെഷനു ട്രൈനറും സിജി റിസോഴ്‌സ് പേഴ്‌സണുമായ അമീന റസീന്‍ നേതൃത്വം നല്‍കി. ക്ലബ് ഭരണ സമിതി ഡയറക്ടര്‍ മിതാഷ് മുഹമ്മദ് ക്ലബ്ബ് പരിചയപ്പെടുത്തി. എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍ ഒഫീഷിയേറ്റിംഗ് പ്രസിഡന്റ് ഡോ. കെപി നജീബ് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സിജി ദോഹ വൈസ് പ്രസിഡന്റ് അഡ്വ. ഇസ്സുദ്ധീന്‍ ആമുഖ ഭാഷണവും ജനറല്‍സെക്രട്ടറി മുഹമ്മദ് ഫൈസല്‍ ഉപസംഹാരവും നിര്‍വഹിച്ചു. ടീന്‍ എയ്‌സ് ഭരണ സമിതി ചെയര്‍ മാനും സിജി ദോഹ കരിയര്‍ കോര്‍ഡിനേറ്ററുമായ മുബാറക് മുഹമ്മദ് പ്രോഗ്രാം നിയന്ത്രിച്ചു.
വിശിഷ്ടാതിഥി ഡോ. ദീപ ലക്ഷ്മിക്ക് സിജി ദോഹയുടെ ഉപഹാരം ചീഫ് കോര്‍ഡിനേറ്റര്‍ യുസുഫ് വണ്ണാറത്ത് കൈമാറി. സിജി സമ്മര്‍ ക്യാമ്പില്‍ ഏറ്റവും നല്ല പ്രകടനം കാഴ്ചവെച്ച മുഹമ്മദ് റയാന്‍ സവാദ്, ലുബ്‌ന ഫാത്വിമ, എന്നിവര്‍ക്കുള്ള സമ്മാനദാനം ട്രഷറര്‍ റുക്‌നുദ്ദീന്‍ അബ്ദുല്ലയും ടീന്‍ എയ്‌സ് അസോസിയേറ്റ് ഡയറക്ടര്‍ നദീറ യൂസുഫും നിര്‍വഹിച്ചു.