Archived Articles

ഖത്തറില്‍ പ്രാദേശിക തേന്‍ ഉല്‍പാദനത്തില്‍ ഗണ്യമായ വര്‍ദ്ധന

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ പ്രാദേശിക തേന്‍ ഉല്‍പാദനത്തില്‍ ഗണ്യമായ വര്‍ദ്ധന. പ്രാദേശിക തേന്‍ ഉല്‍പ്പാദനം 2013-ല്‍ 2.5 ടണ്ണില്‍ നിന്ന് 2021-ല്‍ 16.2 ടണ്ണായി വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ .തേനീച്ചകളെയും മറ്റ് പരാഗണകാരികളെയും സംരക്ഷിക്കുന്നതിനും തേന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് പ്രാദേശിക തേനീച്ചകളെ പിന്തുണയ്ക്കുന്നതിനുമായി 2012ലാണ് മുനിസിപ്പല്‍ മന്ത്രാലയത്തിന്റെ കാര്‍ഷിക കാര്യ വകുപ്പ് ‘ദേശീയ തേനീച്ച പദ്ധതി’ ആരംഭിച്ചത്.

മെയ് 20 ലോക തേനീച്ച ദിനത്തോടനുബന്ധിച്ച് രാജ്യത്ത് തേനീച്ചകളെ സംരക്ഷിക്കുന്നതിലും തേനീച്ച വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിലും വകുപ്പിന്റെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിച്ച് മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

പരാഗണകാരികളുടെ പ്രാധാന്യം, അവര്‍ നേരിടുന്ന ഭീഷണികള്‍, സുസ്ഥിര വികസനത്തിനുള്ള അവരുടെ സംഭാവനകള്‍ എന്നിവയെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായാണ് ഐക്യ രാഷ്ട്ര സംഘടന മെയ് 20 ലോക തേനീച്ച ദിനമായി ആചരിക്കുന്നത്.

ദേശീയ തേനീച്ച പദ്ധതിക്ക് കീഴില്‍, പ്രാദേശിക കര്‍ഷകര്‍ക്ക് 1,729 തേനീച്ചക്കൂടുകള്‍ മന്ത്രാലയം വിതരണം ചെയ്തു. രാജ്യത്തിന്റെ സ്വയംപര്യാപ്തത ഉറപ്പുവരുത്തുന്നതിനായി തേന്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് അവരെ പ്രോത്സാഹിപ്പിക്കുന്നതിനായി തേനീച്ചവളര്‍ത്തല്‍ ഫാമുകള്‍ക്ക് നാല് ഗ്രാന്റുകളും ലഭ്യമാക്കി. 171 പ്രാദേശിക തേനീച്ച വളര്‍ത്തല്‍ ഫാമുകള്‍ക്ക് മന്ത്രാലയത്തിന്റെ സഹായം ലഭിച്ചു.

ഖത്തറില്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും ചേര്‍ന്നാണ് ലോക തേനീച്ച ദിനം ആചരിച്ചത്.

വാണിജ്യ ആവശ്യത്തിനായി തേന്‍ ഉത്പാദിപ്പിക്കുന്ന പ്രാദേശിക കര്‍ഷകര്‍ക്ക് തേനീച്ചക്കൂടുകളും മറ്റ് ആവശ്യമായ ഉപകരണങ്ങളും നല്‍കുക എന്നതാണ് ‘നാഷണല്‍ ഹണീബീ പ്രോജക്റ്റ്’ എന്ന സംരംഭത്തിന്റെ പിന്നിലെ ആശയം. തേനീച്ച വളര്‍ത്തലിന്റെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള പരിശീലനവും തേനീച്ചവളര്‍ത്തലുകള്‍ക്കും അവരുടെ ഉല്‍പ്പന്നങ്ങള്‍ മികച്ച രീതിയില്‍ വിപണനം ചെയ്യുന്നതിനായി പ്രത്യേക പെട്ടികളും മന്ത്രാലയം നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഖത്തറില്‍ സിദ്ര്‍, സമൂര്‍, അല്‍ റാബി എന്നിങ്ങനെ മൂന്ന് തരം തേനുകളാണ് ഉല്‍പാദിപ്പിക്കുന്നത്. നവംബറില്‍ സിദ്ര്‍ തേനും മെയ് മാസത്തില്‍ അല്‍ റാബി, അല്‍ സമൂര്‍ തേനും വിളവെടുക്കുന്നു.

Related Articles

Back to top button
error: Content is protected !!