ലോകകപ്പ് ആരാധകര്‍ക്ക് അറേബ്യന്‍ സംസ്‌കാരത്തിന്റെ സ്പന്ദനം അനുഭവിക്കുവാന്‍ കത്താറ
അമാനുല്ല വടക്കാങ്ങര
ദോഹ. ലോകകപ്പ് ആരാധകര്‍ക്ക് അറേബ്യന്‍ സംസ്‌കാരത്തിന്റെ സ്പന്ദനം അനുഭവിക്കുവാന്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് കത്താറ അണിയിച്ചൊരുക്കുന്നത്. ചരിത്രവും സംസ്‌കാരവും പാരമ്പര്യവും സമന്വയിപ്പിക്കുന്ന പ്രകടനങ്ങളും പ്രദര്‍ശനങ്ങളും കത്താറയെ സവിശേഷമാക്കുമ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്ക്് അവിസ്മരണീയ മുഹൂര്‍ത്തങ്ങളാണ് കത്താറ സമ്മാനിക്കുക.
അറേബ്യന്‍ ജീവിതത്തിന്റെ പച്ചയായ സ്‌കെച്ചുകളും സാംസ്‌കാരത്തിന്റെ നവോത്ഥാനത്തിന്റെ നാള്‍വഴികളുമൊക്കെ കത്താറയുടെ ഇടനാഴികളില്‍ സന്ദര്‍ശര്‍ക്ക് വായിച്ചെടുക്കാനാകും.
സംസ്‌കാരവും കായികവും തമ്മിലുള്ള ബന്ധത്തിന്റെ വ്യാപ്തിയും അവ തമ്മിലുള്ള സാമ്യതകളും അനാവരണം ചെയ്യുന്ന 51 പ്രധാന വിഭാഗങ്ങളിലായി 300 ലധികം പരിപാടികളാണ് ലോകകപ്പ് ആരാധകര്‍ക്കായി കത്താറ അണിയിച്ചൊരുക്കിയിരിക്കുന്നതെന്ന് സാംസ്‌കാരിക ഗ്രാമമായ കത്താറ കള്‍ചറല്‍ വില്ലേജ് കലാവിഭാഗം ഡയറക്ടര്‍ ഖാലിദ് അബ്ദുല്‍റഹിം അല്‍ സയ്യിദ് വിശദീകരിച്ചു.
ഒരു അറബ് രാജ്യത്ത് ആദ്യമായി ലോകകപ്പ് നടക്കുമ്പോള്‍ ലോകകപ്പിനോടൊപ്പമുള്ള പ്രവര്‍ത്തനങ്ങളിലൂടെ അറബ് സംസ്‌കാരവും പാരമ്പര്യവും ലോകത്തിന് പരിചയപ്പെടുത്തുകയെന്ന വലിയ ഉത്തരവാദിത്തമാണ് കത്താറ ഏറ്റെടുക്കുന്നത്. ലോകകപ്പ് വീക്ഷിക്കുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന എല്ലാവരുടേയും അഭിരുചികളെ പരിഗണിച്ചുകൊണ്ടാണ് കലാസാംസ്‌കാരിക പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഫിഫ ലോകകപ്പ് ഖത്തറിന്റെ സാംസ്‌കാരിക സ്പന്ദനമായി കത്താറ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മനുഷ്യന്റെ ഉത്ഭവം ബഹുസ്വര സംസ്‌കാരത്തിലാണ്. അതിനാല്‍ സമാധാന സംസ്‌കാരം, മനുഷ്യാവകാശ സംസ്‌കാരം, സാംസ്‌കാരിക പൈതൃകം തുടങ്ങിയ സാംസ്‌കാരിക വീക്ഷണകോണില്‍ നിന്ന് മനുഷ്യന്റെ ഓരോ പ്രവര്‍ത്തനവും തത്ത്വചിന്തയും മനസ്സിലാക്കാന്‍ കഴിയും. മനുഷ്യര്‍ തമ്മിലുള്ള ആശയവിനിമയ മാര്‍ഗങ്ങളുടെ വികാസത്തോടെ സംസ്‌കാരം നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍ ആളുകള്‍ തമ്മിലുള്ള പരസ്പര ബഹുമാനത്തിന്റെ ആത്മാവ് മനസ്സിലാക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, അല്‍ സയ്യിദ് പറഞ്ഞു.
സാമൂഹികവും സാംസ്‌കാരികവുമായ ജീവിതം പ്രോത്സാഹിപ്പിക്കുന്നതിനും വ്യക്തികളെയും സമൂഹങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്നതിലെയും ഫലപ്രാപ്തിയാണ് ഫുട്‌ബോളിന് ജനപ്രീതി നേടിയതെന്നും അതിനാല്‍, ഖത്തറിലെ സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ അവരുടെ കായിക പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ സാംസ്‌കാരികവും സാമൂഹികവുമായ റോളിലൂടെ സ്വയം വിപണനം ചെയ്യാറുണ്ടെന്നും അദ്ദേഹം അടിവരയിട്ടു.
അഭിപ്രായവ്യത്യാസങ്ങള്‍ മറികടക്കുന്നതിലും ആളുകള്‍ തമ്മിലുള്ള സംഭാഷണം പ്രോത്സാഹിപ്പിക്കുന്നതിലും കായിക മേഖല ഒരു സജീവ പങ്ക് വഹിക്കുന്നു, അങ്ങനെ മുന്‍വിധികള്‍, സ്റ്റീരിയോടൈപ്പുകള്‍, സാംസ്‌കാരിക വ്യത്യാസങ്ങള്‍, അജ്ഞത, അസഹിഷ്ണുത, മറ്റുള്ളവരോടുള്ള വിവേചനം എന്നിവ ഇല്ലാതാക്കാന്‍ സഹായിക്കുന്നു, ലോകകപ്പ് പോലുള്ള ആഗോള സ്വഭാവമുള്ള കായിക വിനോദങ്ങള്‍ സംസ്‌കാരങ്ങള്‍ തമ്മിലുള്ള സംവാദത്തെ പ്രോത്സാഹിപ്പിക്കുന്നു. ജനങ്ങള്‍ക്കിടയില്‍ അവബോധം, ധാരണ, അനുരഞ്ജനം, സഹിഷ്ണുത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമാണിതെന്ന് കത്താറയിലെ കള്‍ച്ചറല്‍ അഫയേഴ്‌സ് ആന്‍ഡ് ഇവന്റ്‌സ് ഡയറക്ടര്‍ പറഞ്ഞു.
കായിക മത്സരങ്ങളില്‍ സംസ്‌കാരം ആവിഷ്‌കരിക്കപ്പെടുന്നുവെന്ന് ആത്മവിശ്വാസത്തോടെ പറയാമെന്നും മത്സരത്തിന്റെ സ്വഭാവം സമാധാനപരമായ വഴിത്തിരിവുണ്ടാക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു, കായികം സംസ്‌കാരവുമായി സംയോജിക്കുന്നു, കാരണം ഇത് ശരീരത്തെ ശക്തിപ്പെടുത്തുന്നതില്‍ മാത്രമല്ല, ശുദ്ധീകരണത്തിലേക്കും വ്യാപിക്കുന്നു. സാധാരണഗതിയില്‍ ആഗോള സ്വഭാവത്തിലുള്ള കായിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നടക്കുന്ന സാംസ്‌കാരികവും കലാപരവുമായ പരിപാടികളിലൂടെ മനസ്സും ആത്മാവും വളര്‍ന്നു പരിലസിക്കുമെന്നാണ് കരുതുന്നത്.