Breaking News

ഫിഫ ക്ലബ് ലോകകപ്പിന് ഫെബ്രുവരി 4ന് ദോഹയില്‍ പന്തുരുളും

ഡോ.അമാനുല്ല വടക്കാങ്ങര

ദോഹ: കാല്‍പന്തുകളിയാരാധകര്‍ കാത്തിരിക്കുന്ന ഫിഫ ക്ലബ് ലോകകപ്പിന് ഫെബ്രുവരി നാലിന് ദോഹയില്‍ പന്തുരുളും. ഡിസംബറില്‍ നടക്കേണ്ടിയിരുന്ന മല്‍സരങ്ങള്‍ കോവിഡ് ഭീഷണിയെ തുടര്‍ന്ന് ഫെബ്രുവരിയിലേക്ക് നീട്ടിവെക്കുകയായിരുന്നു. എന്നാല്‍ ഖത്തറില്‍ കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ ആദ്യ സൂചനകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കണിശമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് മല്‍സരങ്ങള്‍ നടക്കുക. ഫേസ് മാസ്‌കിന് പുറമേ ഫേസ് ഷീല്‍ഡും വേണ്ടി വരും. സ്റ്റേഡിയത്തിനകത്ത് ഭക്ഷണസാധങ്ങള്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തും. സംഘാടകരും കളിക്കാരും കളിയാരാധകരുമൊക്കെ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോളുകള്‍ക്ക് വിധേയരാകും.

മൊത്തം ശേഷിയുടെ 30 ശതമാനം പേര്‍ക്ക് മാത്രമേ ടിക്കറ്റുകള്‍ നല്‍കുകയുള്ളൂ. മാത്രമല്ല കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്കേ ടിക്കറ്റ് ലഭിക്കുകയുള്ളൂ . കളിക്കാര്‍ക്കും കണിശമായ വൈദ്യ പരിശോധനയും പ്രതിരോധ നടപടികളും ഏര്‍പ്പെടുത്തും

ടൈഗേര്‍സും ഉല്‍സാനും തമ്മിലുള്ള ഉദ്ഘാടന മത്സരം അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ ( റയ്യാന്‍ സ്റ്റേഡിയം) ഫെബ്രുവരി 4 ന് വ്യാഴായ്ച രാത്രി 5 മണിക്ക് അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു. അന്ന് തന്നെ 8.30 ന് ഖത്തരി ചാമ്പ്യന്‍മാരായ അല്‍ ദുഹൈലും ആഫ്രിക്കന്‍ ചാമ്പ്യന്മാരായ അല്‍ അഹ് ലിയും തമ്മില്‍ എഡ്യൂക്കേഷന്‍ സിറ്റി, സ്റ്റേഡിയത്തില്‍ മാറ്റുരക്കും

2022 ഫിഫ വേള്‍ഡ് കപ്പ് നടക്കാനിരിക്കുന്ന എഡ്യൂക്കേഷന്‍ സിറ്റി, അഹ്മദ് ബിന്‍ അലി, എന്നീ രണ്ട് സ്റ്റേഡിയങ്ങളിലായി 2021 ഫെബ്രുവരി 4 മുതല്‍ 11 വരെയാണ് മല്‍സരങ്ങള്‍ നടക്കുക. മൊത്തം 7 മല്‍സരങ്ങളാണുണ്ടാവുക. ഫൈനല്‍ ഫെബ്രുവരി 11 ന് എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ രാത്രി 9 മണിക്കായിരിക്കും നടക്കുക.

കോവിഡ് ഭീഷണി പൂര്‍ണമായും നീങ്ങിയിട്ടില്ലെങ്കിലും അമീരീ കപ്പ് ഫൈനലോടെ ഖത്തറില്‍ കാല്‍പന്തുകളിയാരവങ്ങള്‍ക്ക് ആവേശമേറിയിരിക്കുകയാണ്. അറബ് ലോകത്ത് ആദ്യമായി ഫിഫ ലോക കപ്പിന്റെ പന്തുരുളാന്‍ കാത്തിരിക്കുന്ന ഖത്തര്‍ ലോകോത്തര താരങ്ങള്‍ അണിനിരക്കുന്ന ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പിന് തുടര്‍ച്ചയായി രണ്ടാമതും ആതിഥ്യമരുളുമ്പോള്‍ കായിക രംഗത്തെ തങ്ങളുടെ ആവേശവും സംഘാടകമികവും അടയാളപ്പെടുത്തുന്നതോടൊപ്പം ഫിഫ 2022 നുള്ള പ്രായോഗിക പരിശീലനം കൂടിയാണ് ഖത്തര്‍ സ്വന്തമാക്കുന്നത്.

അപ്രതീക്ഷിതമായ കോവിഡ് രണ്ടാം വരവിന്റെ ഭീഷണിയെ കനത്ത ജാഗ്രതയോടും ആവശ്യമായ മുന്‍കരുതലുകളോടും അതിജീവിക്കാനാകുമെന്നാണ് ഖത്തര്‍ കണക്കുകൂട്ടുന്നത്.

ഓണ്‍ ലൈനായാണ് ടിക്കറ്റ് വാങ്ങേണ്ടത്. ഓണ്‍ ലൈനില്‍ ടിക്കറ്റ് വാങ്ങിയ ശേഷം കളിയുടെ 72 മണിക്കൂര്‍ മുമ്പായി ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്നും ടിക്കറ്റ് കളക്ട് ചെയ്യാം.

Related Articles

148 Comments

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!