Breaking News

ഏകമാനവികതയും മാനവ സ്‌നേഹവും ഉദ്‌ഘോഷിച്ച് ഫിഫ 2022 ലോകകപ്പ് ഉദ്ഘാടന വേദി

അമാനുല്ല വടക്കാങ്ങര

ദോഹ. ഏകമാനവികതയും മാനവ സ്‌നേഹവും ഉദ്‌ഘോഷിച്ച് ഫിഫ 2022 ലോകകപ്പ് ഉദ്ഘാടന വേദി . രാജ്യങ്ങളേയും സമൂഹങ്ങളേയും ഏകോപിപ്പിക്കുന്നതില്‍ ഫുട്‌ബോളിന്റെ പങ്ക് അടയാളപ്പെടുത്തിയ ചടങ്ങ് വംശീയതയും വിഭാഗീതയും ഒഴിവാക്കാനും മാനവിക ഐക്യത്തിനായി ഒരുമിക്കാനും ആഹ്വാനം ചെയ്താണ് ശ്രദ്ധേയമായത്.

ഖത്തറിലെ അല്‍ഭുത ബാലനായ ഗാനിം അല്‍ മുഫ്താഹ് ഏകമാനവികതയും സാഹോദര്വും ഉദ്‌ഘോഷിക്കുന്ന ഖുര്‍ആനിലെ വചനങ്ങള്‍ ഓര്‍മപ്പെടുത്തിയപ്പോള്‍ അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തിലെ നിറഞ്ഞ സദസ്സും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചടങ്ങ് വീക്ഷിക്കുന്ന കോടിക്കണക്കിനാളുകളും ഒരു നിമിഷമെങ്കിലും ഈ മഹത്തായ ആശയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മിച്ചു. പ്രമുഖ അമേരിക്കന്‍ നടനും ഡയറക്ടറും നറേറ്ററുമായ മോര്‍ഗാന്‍ ഫ്രീമാനും ഗാനിം അല്‍ മുഫ്തയും തമ്മിലുള്ള സംഭാഷണം മാനവികതയുടെ ശക്തമായ അടയാളപ്പെടുത്തലായി

ലോകപ്രശസ്ത നടന്‍ മോര്‍ഗന്‍ ഫ്രീമാനും ഫിഫ ലോകകപ്പ് അംബാസഡര്‍ ഗാനിം അല്‍-മുഫ്തായും ഏറെ നാടകീയമായാണ് ഫിഫ ലോകകപ്പ് ഖത്തറിന്റെ 2022 ഉദ്ഘാടന ചടങ്ങിന് നേതൃത്വം നല്‍കിയത്. വര്‍ണ വര്‍ഗ വ്യത്യാസമില്ലാതെ നന്മയുടേയും സൂക്ഷ്മതയുടേയുമടിസ്ഥാനത്തില്‍ മാത്രമാണ് മനുഷ്യ ഔന്നത്യമെന്ന ആശയം ഏറ്റവും പ്രസക്തമായ ഒരു കാലത്താണ് ലോകകായിക മാമാങ്കത്തിന്റെ ഉദ്ഘാടന വേദിയില്‍ ഈ സന്ദേശം മുഴങ്ങിയതിനെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്.

ഫിഫ 2022 ഭാഗ്യ ചിഹ്നമായ ലഈബ് സ്വാഗതമോതിയോതെയാണ് പരിപാടികള്‍ തുടങ്ങിയത്. അറേബ്യന്‍ പാരമ്പര്യവും സാംസ്‌കാരിക ജീവിതവും കോര്‍ത്തിണക്കിയ ചലചിത്രം കണക്കെ സീനുകള്‍ മിന്നിമറഞ്ഞപ്പോള്‍ മുത്തുപെറുക്കിയും വഞ്ചികളിലൂടെ വ്യാപാരം നടത്തിയും ജീവിച്ച പരമ്പരാഗത അറേബ്യന്‍ ജീവിതം പുനര്‍ജനിക്കുകയായിരുന്നു.

അറേബ്യന്‍ കൂടാരത്തിന്റെ മാതൃകയില്‍ സൃഷ്ടിച്ച അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിന്റെ പശ്ചാത്തലത്തില്‍ അറദ ഡാന്‍സും മരുഭൂമിയിലെ ജീവിത കാഴ്ചകളുമൊക്കെ ഹൃദ്യമായ അനുഭവമായി. തുറന്ന മനസ്സോടെ ലോകത്തെ മുഴുവന്‍ സ്വാഗതം ചെയ്ത് ഖത്തര്‍ അമീര്‍ നടത്തിയ ഹ്രസേവവും ഉജ്വലവുമായ ഉദ്ഘാടന ഭാഷണവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഖത്തറില്‍ എല്ലാ ദേശക്കാരും ഭാഷക്കാരും ഒരുമിച്ചുകൂടുകയാണെന്നും ഫുട്‌ബോള്‍ മാനവികതയുടെ ആഘോഷമാണെന്നും ഖത്തര്‍ അമീര്‍ പറഞ്ഞു.

ബിടിഎസിലെ ജുങ്കൂക്കും ഖത്തരി ഗായകന്‍ ഫഹദ് അല്‍ കുബൈസിയും ചേര്‍ന്ന് ഫിഫയുടെ ഏറ്റവും പുിതിയ ഗാനമായ ‘ഡ്രീമേഴ്സിന്റെ’ ഒറ്റക്കും കൂട്ടായുമുള്ള അതിശയകരമായ പ്രകടനം അവതരിപ്പിച്ചു.

ഫാദര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ ഥാനിയുടെ ഫുട്‌ബോള്‍ ജീവിതം അടയാളപ്പെടുത്തുന്ന ചരിത്രപരമായ വീഡിയോ ഏവരുടെയും കയ്യടി നേടി.

ശബ്ദത്തിന്റേയും വെളിച്ചത്തിന്റേയും നൂതന സാങ്കേതിക വിദ്യകളുപയോഗിച്ച് ലോകത്തെ കണ്ണഞ്ചിപ്പിച്ച ദൃശ്യവിസ്മയങ്ങളോടൈ വര്‍ണശബളമായ ഉദ്ഘാടന ചടങ്ങ് ഏറെ ആകര്‍ഷകമായി.

Related Articles

Back to top button
error: Content is protected !!