IM Special

ഖത്തര്‍ എന്ന വിസ്മയം

ഷാജന്‍ എലുവത്തിങ്കല്‍

ലോക ഭൂപടത്തിലെ കേവലം ഒരു ബിന്ദു മാത്രമായിരുന്നു ഖത്തര്‍ ഇന്നാളത്രയും. എന്നാലിപ്പോള്‍ ജഗത്തെ മുഴുവന്‍ ഉള്‍കൊള്ളാന്‍ തക്കവണ്ണം വലിയൊരു ഫുട്‌ബോള്‍ സ്റ്റേഡിയമായി രാജ്യം വളര്‍ന്നിരിക്കുന്നു! 2010 ഡിസംബറില്‍ ടോസ് നേടി, കിക്ക് ഓഫ് ചെയ്ത ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ ഡെവലപ്പ്‌മെന്റില്‍, രാജ്യം അടിച്ച ഗോളുകള്‍, നേട്ടങ്ങളുടെ സ്‌കോര്‍ ബോര്‍ഡില്‍ വലിയക്ഷരത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട് . മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ , ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ഉദ്ഘാടന വേദിയില്‍ സകലമാന വികസനവും ഒരു വരിയില്‍ അണിനിരക്കും, കളിക്ക് മുമ്പ്, ടീമുകള്‍ ഗ്രൗണ്ടിന് നടുവില്‍ ഒരൊറ്റ ലൈനില്‍ നില്‍ക്കുന്നതിനു സമാനമായി.

തുടക്കത്തില്‍ തന്നെ റോഡ് എക്‌സ്പാന്‍ഷന്‍ കളത്തിലിറങ്ങി ഡ്രിബിളിങ്ങ് ചെയ്ത് മുന്നേറി. റണ്‍വേകളെ അനുസ്മരിപ്പിക്കുന്ന റോഡുകളില്‍ ലോങ്ങ് പാസ്സെടുത്തും, ഫ്‌ളൈ ഓവറുകള്‍, അണ്ടര്‍ പാസ്സേജുകള്‍ വഴി ഷോര്‍ട് പാസ്സെടുത്തും സഞ്ചരിച്ചാല്‍ ഖത്തറിന്റെ ഏത് കോര്‍ണറിലും എളുപ്പത്തില്‍ എത്താം. ഇതിനിടയില്‍ ഇനി വഴി തെറ്റിയാലോ? സിസര്‍ കട്ട് അടിച്ച് യു ടേണ്‍ എടുക്കാം. ഗോള്‍ പോസ്റ്റിലേക്ക് പായുന്ന ഒരു ഫ്രീ കിക്ക് കണക്കെ ഇതിനകം രൂപപ്പെട്ട ഖത്തര്‍ മെട്രോ ഒരു സ്ട്രൈക്കറുടെ വേഗതയിലാണ് യാത്രകളെ കൊണ്ടുപോകുന്നത് .

പണവും, പ്രതാപവും, പാരമ്പര്യവും, ടെക്‌നോളജിയും ഒത്തൊരുമിക്കുന്ന എട്ട് വേള്‍ഡ് കപ്പ് സ്റ്റേഡിയങ്ങള്‍ ഹെഡ് ചെയ്യാന്‍ വെമ്പുന്ന തലകള്‍ എന്ന് തോന്നിപ്പിക്കും വിധം ഉയര്‍ന്ന് നില്‍ക്കുന്നു. ലോകമെമ്പാടുള്ള ഫാന്‍സിനെ കൊണ്ടുവരാന്‍ പണിപ്പെട്ട് പറക്കുന്ന ഖത്തര്‍ എയര്‍വെയ്സ്, വരുന്നവരെ ഓഫ് സൈഡ് ആകാതെ സ്വീകരിക്കാന്‍ സകല സജ്ജീകരങ്ങളോടും കൂടിയ ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ടുകള്‍. സ്റ്റേഡിയത്തില്‍ പോകാന്‍ കാത്തിരിക്കുന്ന കാണികള്‍ക്കായി അനേകായിരം ബ്രാന്‍ഡഡ് ബസ്സുകള്‍. ബ്രേക്കിനായി അതിനൂതന താമസ സൗകര്യങ്ങള്‍, ആഘോഷിക്കാന്‍ ഫാന്‍ സോണ്‍സ് , അലതല്ലുന്ന ആവേശം ടെലികാസ്‌ററ് ചെയ്യാന്‍ അത്യാധുനിക മീഡിയ റൂം, അമിതാവേശം ഫൗളിലേക്ക് പോയാല്‍, ഹാന്‍ഡ് ഉയര്‍ത്തി യെല്ലോ, റെഡ് കാര്‍ഡുകള്‍ കാണിക്കാന്‍ സെക്യൂരിറ്റി ഫോഴ്‌സ്, സഹായത്തിനായി ലൈന്‍ റെഫറികള്‍ എന്ന മട്ടില്‍ വളണ്ടിയേഴ്‌സ് ….ശരിയാണ്, ഖത്തര്‍ ഒരുക്കങ്ങളുടെ ഫൈനല്‍ ജയിച്ച് കഴിഞ്ഞിരിക്കുന്നു.

എല്ലാവര്‍ക്കും വേണ്ടിയാണെങ്കില്‍ അത് ഫുട്‌ബോള്‍ മാത്രം ( Its only football if its for all) എന്ന വളരെ പ്രസക്തമായ പരസ്യം എത്ര പെട്ടെന്നാണ് പ്രസിദ്ധമായത് കൌണ്ട് ഡൌണ്‍ കുറയും തോറും ആവേശം അണപൊട്ടി കോര്‍ട്ടില്‍ ഉയരുന്ന ഒരു ഫുട്‌ബോളായി രൂപാന്തരപ്പെട്ട് , ഗാലറിയിലെ തിരയിളക്കം എന്ന തരത്തില്‍ നാടെങ്ങും പടരുമ്പോള്‍ , ദോഹ കോര്‍ണിഷിലെ ലിപ്സ്റ്റിക്ക് ഇട്ട നഗര വീഥികള്‍ക്ക് അരികിലെ കെട്ടിടങ്ങളും വഴിയോരങ്ങളും ഏറ്റവും പുതിയ ലൈറ്റിങ്ങില്‍ ഫുട്‌ബോള്‍ ഡിസ്‌പ്ലേകള്‍ നെഞ്ചിലേറ്റിയിരിക്കുന്നു. ഫ്‌ളാഗുകള്‍, തോരണങ്ങള്‍ റോഡുകളില്‍ ആവേശക്കൊടി പാറിക്കുന്നു. മാളുകളിലും, മറ്റു പ്രധാന സ്ഥലങ്ങളിലെല്ലാം തന്നെ ഫുട്‌ബോളിന്റെ സമസ്ത സൗന്ദര്യവും ഒപ്പം തനത് അറബിക് സംസ്‌കാരവും നിറഞ്ഞാടുകയാണ് .

വേള്‍ഡ് കപ്പ് ഖത്തറിന് അവാര്‍ഡ് ചെയ്തതിന് ശേഷമുള്ള ഫസ്റ്റ് ഹാഫ് വളരെ സ്മൂത്തായിരുന്നു … പക്ഷെ സെക്കന്റ് ഹാഫ് തുടക്കത്തില്‍ തന്നെ അപ്രതീക്ഷിതമായി എത്തിയ ഉപരോധവും തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ട് ഔട്ട് ആയി വന്ന കൊറോണയും ഖത്തറിനെ തളര്‍ത്തിയില്ലെങ്കിലും ഡിഫെന്‍സിലേക്ക് തള്ളി … കമന്റേറ്റര്‍ ചമഞ്ഞ് ചിലര്‍ അതിനെ പരിഹസിച്ചു. വ്യാജ കമന്ററികള്‍ വ്യാപിച്ചു. ഖത്തറില്‍ വേള്‍ഡ് കപ്പ് നടക്കില്ല എന്ന് വരെ ചില പത്രങ്ങള്‍ പ്രസ്താവിച്ചപ്പോള്‍ ചിയറിങ്ങ് ഗേള്‍സ് സ്‌റ്റൈലില്‍ വൈരികള്‍ കൈയ്യടിച്ച് ആരവമുയര്‍ത്തി.

ഏതു സമയത്തും പന്ത് കയ്യില്‍ കിട്ടുമ്പോഴൊക്കെ പുതുതായി എന്തെങ്കിലും ചെയ്യുന്ന മറഡോണ മാതിരി, പ്രതീക്ഷ തെറ്റിക്കാതെ, പ്രതീകൂല സാഹചര്യങ്ങളെ പുതിയ അവസരങ്ങളാക്കി മാറ്റാന്‍ ക്യാപ്റ്റന്റെ ജേഴ്‌സിയണിഞ്ഞ്, ഉത്തരവാദിത്വത്തിന്റെ ബൂട്ട് കെട്ടി പെനാല്‍റ്റി ബോക്‌സിലേക്ക് കുതിച്ച് ഈ നാടിനെ ലോക കപ്പിന്റെ നെറുകയില്‍ കൊണ്ടെത്തിച്ച് അത് വഴി രാജ്യത്തിന്റെ അന്തസ്സും അഭിമാനവും വാനോളം ഉയര്‍ത്തിയ ഖത്തര്‍ അമിര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി തന്നെയാണ് ഖത്തറിന്റെ ഹീറോ നമ്പര്‍ വണ്‍ . കപ്പെടുത്ത ടീമിന്റെ അതേ ഫീലിംഗ് തന്നെയാണ് ഇതു വഴി ഓരോ സ്വദേശിക്കും ,വിദേശിക്കും കൈവന്നത് എന്നതും അഭിനന്ദനീയവും അത്യന്തം ആഹ്ലാദകരവുമാണ് . വിമര്‍ശകരുടെ വാദങ്ങള്‍ക്ക്, ക്വാളിഫയ് ചെയ്യാന്‍ പോലും ഇതു മൂലം സാധിക്കാതെയായി എന്നതും പ്രത്യേകം എടുത്തു പറയേണ്ടതാണ് .

കാല്‍പന്ത് കളി ഹരമായ കൗമാരത്തില്‍ ഒരു മത്സരം ടീവിയില്‍ കാണാന്‍ വളരെ ബുദ്ധിമുട്ടേണ്ടി വന്നപ്പോള്‍ , കളിക്കുന്നതിനേക്കാള്‍ ത്യാഗം സഹിക്കണം ചില കളികള്‍ കാണാന്‍ എന്ന തോന്നലില്‍ നിന്ന് ഫുട്‌ബോള്‍ മഹോത്സവം സ്വന്തം വീട്ട് പടിക്കല്‍ എത്തിയ പ്രതീതിയാണ് ഖത്തര്‍ മലയാളികള്‍ക്ക് …ഖത്തര്‍ ഗവണ്‍മെന്റും, വിവിധ എംബസ്സികളും, സംഘടനകളും, ചാനലുകളും ആഘോഷത്തിന്റെ മൈതാനങ്ങളെ ഇതിനോടകം ഉത്സവ പറമ്പാക്കിയിട്ടുണ്ട് .

ഡിസംബര്‍ പതിനെട്ട് വരെ നീണ്ടു നിക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന് ഇന്ന് തുടക്കമാവുകയാണ് . ന്റെ അവസാനവട്ട തയ്യാറെടുപ്പിലാണ് . ടീമുകള്‍ യുദ്ധഭൂമിയില്‍ ഏറ്റുമുട്ടുന്ന വേളയില്‍ വെടിയുണ്ട എന്ന് തോന്നുന്ന തരത്തില്‍ പന്ത് ചീറിപാഞ്ഞ് ഗോള്‍ വലകള്‍ ചലിപ്പിക്കുമ്പോള്‍ ഹരം കൊള്ളുന്ന ആരാധകര്‍ നൃത്തം ചവിട്ടും, വിസിലടിക്കും ..നിരാശര്‍ കലാപക്കൊടി ഉയര്‍ത്തും. ആകാംഷയും , കാത്തിരിപ്പും, സന്തോഷവും ദുഖവും നിരാശയും, ജയവും ,തോല്‍വിയും എല്ലാം തന്നെ ഫുട്‌ബോളിന്റെ പല മുഖങ്ങളാണ് ജീവിതം പോലെ …അതിനെയെല്ലാം നെഞ്ചോട് ചേര്‍ത്ത് വെക്കുക എന്നതാണ് ഖത്തറിന്റെ ദൗത്യം .

ഖത്തര്‍ നാഷണല്‍ ഡേയുടെ വെടിക്കെട്ടിന്റെ അകമ്പടിയോടെ, ഡിസംബര്‍ പതിനെട്ടിന് ഫൈനല്‍ മത്സരം കത്തിക്കയറുന്ന അസുലഭ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കുമ്പോള്‍ , ‘നമ്മുടെ ഐക്യം നമ്മുടെ ശക്തിയുടെ ഉറവിടം’ ( Our unity is source of our strength) എന്ന മുദ്രാവാക്യം ലുസൈല്‍ സ്റ്റേഡിയം മുഴുവന്‍ മുഴങ്ങും . ലോകകപ്പിന് വിരുന്ന് വരുന്ന എല്ലാവരെയും എക്‌സ്ട്രാ ടൈമിലെ അവസാന നിമിഷത്തില്‍ പിറക്കുന്ന ഒരു ഗോള്‍ എന്ന പോലെ ഖത്തര്‍ വിസ്മയിപ്പിക്കും, തീര്‍ച്ച .

ബൈ ദ ബൈ , നിങ്ങള്‍ക്ക് ഖത്തറിനെ കുറിച്ച് എന്തറിയാം ? ഖത്തര്‍ വേറെ ലെവലാണ് .പൊളിയാണ് …അടിപൊളിയാണ് …..അല്ല അതുക്കും മേലെയാണ് ……

Related Articles

Back to top button
error: Content is protected !!