Breaking News

അപ്പോയന്റ്‌മെന്റ് സിസ്റ്റം നടപ്പാക്കാനൊരുങ്ങി ഫഹസ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ വാഹനങ്ങളുടെ റോഡ് പെര്‍മിറ്റ് പുതുക്കുന്നതിന് നിര്‍ബന്ധമായ വാഹന പരിശോധന നടത്തുന്ന വുഖൂദിന്റെ ഫഹസ് (ടെക്നിക്കല്‍ ഇന്‍സ്പെക്ഷന്‍ സര്‍വ്വീസസ്) തിരക്ക് കുറക്കുന്നതിനും സേവനം കാര്യക്ഷമമാക്കുന്നതിനും അപ്പോയന്റ്‌മെന്റ് സിസ്റ്റം നടപ്പാക്കാനൊരുങ്ങുകയാണെന്ന് കമ്പനി മാനേജര്‍ ശൈഖ് ഹമദ് ബിന്‍ സുഊദ് അല്‍ ഥാനി അഭിപ്രായപ്പെട്ടു. ഫഹസിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഖത്തര്‍ ടെലിവിഷന്റെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പല ഫഹസ് കേന്ദ്രങ്ങളിലും അസാധാരണമായ തിരക്ക് അനുഭവപ്പെടുകയും സേവനങ്ങള്‍ക്കായി മണിക്കൂറുകള്‍ കാത്തുനില്‍ക്കുകയും ചെയ്യുന്ന അവസ്ഥ ഒഴിവാക്കുവാന്‍ അപ്പോയിന്റ്്‌മെന്റ് സിസ്റ്റം സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ കേന്ദ്രങ്ങളും 12 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും രാവിലെ 8 മണി മുതല്‍ ഒരു മണി വരേയും വൈകുന്നേരം 4 മണി മുതല്‍ 6 മണിവരേയുമാണ് അസാധാരണമായ തിരക്ക് അനുഭവപ്പെടുന്നത് .ഓരോരുത്തര്‍ക്കും നിര്‍ണിത ദിവസവും സമയവും കേന്ദ്രവും നല്‍കുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കാാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

നവീകരണ ജോലികള്‍ക്കായി അടച്ച ഇന്‍ഡസ്ട്രിയല്‍ ഏരിയയ ഫഹസ് കേന്ദ്രം അടുത്ത മാസം തുറക്കും. അതോടെ സമീപ പ്രദേശങ്ങളിലെ ഫഹസ് കേന്ദ്രങ്ങളുടെ തിരക്ക് കുറയുമെന്നും അദ്ദേഹം പറഞ്ഞു.

ഫഹസ് കേന്ദ്രങ്ങള്‍ ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് പ്രവര്‍ത്തിക്കുന്നത് . വൈകുന്നേരം 5.30 മുതല്‍ മിസൈമിര്‍, വാദി അല്‍ ബനാത് എന്നീ കേന്ദ്രങ്ങളിലെ പ്രവേശന കവാടം അടക്കും. മറ്റ് കേന്ദ്രങ്ങള്‍ 5.45 വരെ പ്രവേശനം അനുവദിക്കും.

അല്‍ മ്സ്റൂറ, മിസൈമിര്‍, വാദി ബനാത്, അല്‍ വക്റ, അല്‍ വുകൈര്‍, അല്‍ ഷഹാനിയ, അല്‍ ഇഖ്ദ എന്നിവിടങ്ങളിലാണ് ഫഹസ് കേന്ദ്രങ്ങളുള്ളത്.

ഷമാലിലുള്ള മൊബൈല്‍ സ്റ്റേഷന് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ 7 മണി മുതല്‍ ഉച്ചക്ക് 12 വരെ പ്രവര്‍ത്തിക്കും. പ്രവേശന കവാടം 11.45ന് അടക്കും.

Related Articles

Back to top button
error: Content is protected !!