മലയാളികള്‍ക്കഭിമാനമായി അല്‍ ബെയ്ത്ത് സ്‌റ്റേഡിയ കവാടത്തിലെ നന്ദി
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പ് ഉദ്ഘാടന വേദിയായ അല്‍ ബൈത്ത് സ്റ്റേഡിയ കവാടത്തിലുള്ള മലയാളത്തിലെ നന്ദി ലോകമെമ്പാടുമുള്ള മലയാളികള്‍ക്കഭിമാനമായി . കാല്‍പന്തുകളിക്കും ഖത്തറിനുമുള്ള പിന്തുണക്കും ലോകോത്തര സൗകര്യങ്ങളോടെയുള്ള ലോകകപ്പ് വേദിയൊരുക്കുന്നതില്‍ സഹായിച്ചവര്‍ക്കുള്ള ഖത്തറിന്റെ നന്ദിയിലാണ് മലയാളഭാഷയും മലയാളികളും സ്ഥാനം പിടിച്ചത്. ലോകകപ്പ് നടക്കുന്നത് ഖത്തറിലാണെങ്കിലും ലോകകപ്പാവേശം കേരളത്തിന്റെ മുക്കിലും മൂലയിലും അലയടിക്കുകയാണ്. ഖത്തറിലെ 4 ലക്ഷത്തോളം മലയാളികള്‍ തന്നെയാണ് ലോകകപ്പാവേശത്തിന്റെ ഏറ്റവും വലിയ കേന്ദ്രമെന്നത് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ലോകത്തെ അസംഖ്യം ഭാഷകളിലെ താങ്ക്സ് എന്ന പദത്തിനൊപ്പം നന്ദി’ എന്ന മലയാള പദവും അല്‍ ബെയ്ത്ത് സ്‌റ്റേഡിയ കവാടത്തില്‍ സ്ഥാനം പിടിച്ചത് പ്രമുഖ സ്‌പോര്‍ട്‌സ് ലേഖകനും ചന്ദ്രിക എഡിറ്ററുമായ കമാല്‍ വരദൂരാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ആദ്യം പങ്കുവെച്ചത്.